25 July Sunday
ദ്രുതഗതിയിലുള്ള നീക്കം

ജാഗ്രതയിൽ ജില്ലാഭരണനേതൃത്വം ; പൊലീസും സജ്ജം

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020


കാക്കനാട്‌
കോവിഡ്–-19 ബാധിതനായ ബ്രിട്ടീഷ് സഞ്ചാരി നെടുമ്പാശേരിയിലെത്തിയ വിവരം കലക്ടർ എസ് സുഹാസിന് ലഭിക്കുന്നത് വിമാനം പറന്നുയരുന്നതിന്‌ 15 മിനിറ്റ്‌ മുമ്പ്. തുടർന്ന്‌ ദ്രുതഗതിയിൽ നടത്തിയ നീക്കങ്ങളാണ്‌ രോഗിയെ കണ്ടെത്താൻ സാധിച്ചത്‌. വിമാനം പുറപ്പെടുന്നത്‌ തടയാൻ കലക്ടറുടെ നിർദേശമെത്തുമ്പോൾ മുഴുവൻ ജീവനക്കാരുടെയും ബോർഡിങ്‌ പൂർത്തിയായിരുന്നു.

നഗരത്തിലെ ക്യാമ്പ് ഓഫീസിൽനിന്ന്‌ നെടുമ്പാശേരിയിലേക്ക് യാത്രതിരിക്കുന്നതിനിടയിൽ മുഴുവൻ യാത്രക്കാരെയും ഓഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കാനും കലക്‌ടർ നിർദേശം നൽകി. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് യാത്രക്കാരനെയും ഭാര്യയെയും വിമാനത്താവളത്തിൽനിന്ന്‌ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവരുമായി ഫോണിൽ ആശയവിനിമയം നടത്തി. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി എസ് സുനിൽകുമാറും ഇതിനിടെ നെടുമ്പാശേരിയിലെത്തി.

സിയാൽ മാനേജിങ്‌ ഡയറക്ടർ വി ജെ കുര്യൻ, എസ്‌പി കെ കാർത്തിക്, സിഐഎസ്എഫ് അടക്കമുള്ള മറ്റ് ഏജൻസികൾ എന്നിവരുമായി അടിയന്തര ചർച്ചയ്‌ക്കുശേഷം വിദേശ ടൂറിസ്റ്റ് സംഘത്തിലെ 17 പേരെ നെടുമ്പാശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാക്കാൻ നടപടി സ്വീകരിച്ചു. സംഘത്തിൽ ഉൾപ്പെടാത്ത മറ്റൊരാൾക്ക് വീട്ടിൽ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി. ബാക്കി 270 യാത്രക്കാരുമായി എമിറേറ്റ്സ് വിമാനം 12.47ന്‌ പറന്നുയർന്നു. 

തുടർന്ന്‌ വിമാനത്താവള ജീവനക്കാർ, സിഐഎസ്എഫ് സുരക്ഷാഭടൻമാർ അടക്കമുള്ളവരെ നിരീക്ഷണത്തിനായി താമസസ്ഥലങ്ങളിലേക്ക് മാറ്റി. അകത്തളവും എയ്റോ ബ്രിഡ്ജും യുദ്ധകാലാടിസ്ഥാനത്തിൽ അണുവിമുക്തമാക്കി. സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാക്കി പകൽ മൂന്നിന്‌ യാത്രക്കാരെ സ്വീകരിക്കാൻ ടെർമിനൽ സജ്ജമാക്കി. സിസി ടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും കലക്ടർ നിർദേശം നൽകി.

പൊലീസും സജ്ജം
കോവിഡ്‌–-19 വൈറസ്‌ നേരിടാൻ സിറ്റി പൊലീസും സജ്ജം. എറണാകുളം സൗത്ത്, നോർത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡ്‌, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങളിലാണ് യാത്രക്കാരെ പരിശോധിക്കുന്നതിന്‌ പൊലീസ് സംഘം തയ്യാറായിരിക്കുന്നത്. പ്രാഥമിക വിവരശേഖരണവും പരിശോധനകളുമാണ് ലക്ഷ്യം. കൊറോണയുടെ പശ്ചാത്തലത്തിൽ വീടുകളിൽ നിരീക്ഷണത്തിനുള്ളവരുടെ താമസം ഉറപ്പാക്കാൻ പൊലീസ് നേരിട്ടെത്തി അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും. കൊച്ചിയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള 279 പേരെയും സന്ദർശിക്കുന്നതിന്‌ തുടക്കമായി.  ഇത് വൈകാതെ പൂർത്തിയാകും. യാത്രക്കാരെ പരിശോധിക്കുന്നതിന്‌ തുറമുഖത്തും പൊലീസിനെ വിന്യസിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, മാളുകൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രതയുണ്ട്‌. സിറ്റി പൊലീസ്‌ കമീഷണറേറ്റിനു കീഴിലെ സ്‌റ്റേഷനുകളുടെ പരിധിയിൽവരുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ബോധവൽക്കരണം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top