25 May Saturday

ചുവപ്പണിഞ്ഞ‌് വൈറ്റില ജനതാ ഡിവിഷൻ: ഇവിടെ എല്‍ഡിഎഫ് വിജയം ആദ്യം

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

വൈറ്റില>
വർഗീയരാഷ്ട്രീയത്തിന് ഇടമില്ലെന്ന‌് പ്രഖ്യാപിച്ച‌് കൊച്ചി നഗരസഭയിലെ ഉപതെരഞ്ഞെടുപ്പിൽ വൈറ്റില ജനതാ ഡിവിഷൻ എൽഡിഎഫ‌് ആദ്യമായി പിടിച്ചെടുത്തു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ബൈജു തോട്ടാളി 58 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വിജയത്തോടെ നഗരസഭയിൽ യുഡിഎഫിന്റെ അംഗബലം 39ൽനിന്ന‌് 38 ആയി. എൽഡിഎഫ‌് 33ൽനിന്ന‌് 34 ആയി.

ആകെ പോൾ ചെയ്ത 3811 വോട്ടിൽ എൽഡിഎഫിന് 1686 വോട്ട‌് ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഷെൽബി ആന്റണിക്ക് 1628 വോട്ടും ബിജെപി സ്ഥാനാർഥി പി കെ ഗോകുലന് 378 വോട്ടും ലഭിച്ചപ്പോൾ കഴിഞ്ഞ പ്രാവശ്യം 299 വോട്ടോടെ മൂന്നാംസ്ഥാനത്തായ ആം ആദ‌്മി സ്ഥാനാർഥിക്ക് 119 വോട്ടുമാത്രമാണ‌് ലഭിച്ചത്. കെപിസിസി സെക്രട്ടറിയും കൗൺസിലറുമായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെതുടർന്നാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബൈജു തോട്ടാളി 19 വോട്ടിനാണ് എം പ്രേമചന്ദ്രനോട് പരാജയപ്പെട്ടത്.

വോട്ടിങ് നില ബൂത്ത‌് അടിസ്ഥാനത്തിൽ:  മുൻവർഷത്തെ വോട്ട‌് ബ്രാക്കറ്റിൽ. ആകെ പോൾ ചെയ്ത വോട്ട് 3811 (3723). ഒന്നാംബൂത്തിൽ 1028 (968) പേർ വോട്ട‌് ചെയ്തപ്പോൾ എൽഡിഎഫിന് 432 (384 ) വോട്ടും യുഡിഎഫിന് 445 (400) വോട്ടും ബിജെപിക്ക‌് 129 (82) വോട്ടും ആം ആദ‌്മിക്ക് 22 (40) വോട്ടും ലഭിച്ചു. രണ്ടാംബൂത്ത‌ിൽ വോട്ട‌് ചെയ‌്തത‌് 947 (918). എൽഡിഎഫ്–- 460 (314), യുഡിഎഫ്–- 361 (313), ബിജെപി–- 100 (84), ആം ആദ‌്മി–- 26 (98). മൂന്നാംബൂത്ത‌് 981 (934). എൽഡിഎഫ്–- 487 (392), യുഡിഎഫ്–- 408 (313), ബിജെപി–- 60 (48), ആം ആദ‌്മി–- 26 (57).  നാലാംബൂത്ത‌് 855 (903). എൽഡിഎഫ്–- 307 (282), യുഡിഎഫ്–-  414 (358), ബിജെപി–- 89 (71), ആം ആദ‌്മി–- 45 (104). കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ജോഷിക്ക് 335 വോട്ടും ലഭിച്ചിരുന്നു.

വൈറ്റില ജനതാ റോഡിൽ തോട്ടാളിവീട്ടിൽ യേശുദാസിന്റെയും ബേബിയുടെയും മകനാണ‌് നാൽപ്പതുകാരനായ ബൈജു. അവിവാഹിതനാണ‌്. വെൽഡിങ‌് പണിക്കാരനാണ‌്. കഴിഞ്ഞതവണ എം പ്രേമചന്ദ്രനോട‌് 19 വോട്ടിനാണ‌് പരാജയപ്പെട്ടത‌്.

ബൈജു തോട്ടാളിയെ വിജയിപ്പിച്ച ഡിവിഷനിലെ എല്ലാ വോട്ടർമാരെയും പ്രവർത്തകരെയും സിപിഐ എം വൈറ്റില ഏരിയ  സെക്രട്ടറി അഡ്വ. കെ ഡി വിൻസന്റ് അഭിനന്ദനം അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top