03 March Wednesday

ആദ്യ കവിത ബജറ്റ് പ്രസം​ഗത്തില്‍ ; അഞ്ജന ഹാപ്പി

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021


മൂവാറ്റുപുഴ
‘പുറത്തേക്കു പോകണ്ട
ലാപ്ടോപ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാം അതിൽക്കണ്ടിരിക്കാം’

മൂവാറ്റുപുഴ വാളകം മാർ സ്റ്റീഫൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അഞ്ജന സന്തോഷിന്റെ  ‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’ എന്ന കവിതയിലെ വരികളാണിത്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലിയെടുക്കുന്നവരുടെ എണ്ണം മൂന്നുകോടിയായതും അടുത്ത അഞ്ചുവർഷത്തിനുള്ളിലത് 15 കോടിയാകുമെന്നും ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യം വ്യക്തമാക്കാനാണ് അഞ്ജനയുടെ കവിത ധനമന്ത്രി ചൊല്ലിയത്. തന്റെ കവിത ധനമന്ത്രി തോമസ് ഐസക് വായിക്കുന്നത് കേട്ടപ്പോഴുണ്ടായ അമ്പരപ്പും സന്തോഷവും അഞ്ജനയുടെ കണ്ണുകളിൽ ഇപ്പോഴുമുണ്ട്.  

കലോത്സവങ്ങളിൽ കവിതാ പാരായണത്തിന് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ടെങ്കിലും കോവിഡ് കാലംവരെ അഞ്ജന കവിതയെഴുതിയിരുന്നിയില്ല. കോവിഡ് സാഹചര്യവും ലോക്ക്ഡൗണുമാണ് അഞ്ജനയെ കവിതയെഴുത്തിലേക്കെത്തിച്ചത്‌. ആദ്യമെഴുതിയ കവിത അധ്യാപിക എമി സി പോളിന്റെയും സ്കൂൾ ജീവനക്കാരനായ ബൈജു എം വർ​ഗീസിന്റെയും പ്രോത്സാഹനത്തിൽ സ്കൂൾ വിക്കിയിൽ അക്ഷര വൃക്ഷം പേജിലേക്ക് അയച്ചു. അതു പ്രസിദ്ധീകരിച്ചുവന്നതോടെ അഞ്ജനയ്ക്ക് കവിതയെഴുതാനുള്ള ആത്മവിശ്വാസം കൂടി. ആ കവിതതന്നെ ബജറ്റ് പ്രസം​ഗത്തിൽ ഇടംപിടിച്ചുവെന്നത് അഞ്ജനയുടെ സന്തോഷം ഇരട്ടിയാക്കുന്നു. റാക്കാട് മാനം കുഴയ്ക്കൽ വീട്ടിൽ സന്തോഷിന്റെയും ജിനിയുടെയും രണ്ടാമത്തെ മകളാണ് അഞ്ജന. ബികോം വിദ്യാർഥിയായ ചിഞ്ചുവാണ് സഹോദരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top