Deshabhimani

വെങ്ങോലയിൽ വികസനമില്ല; പ്രസിഡന്റിനായുള്ള പോരുമാത്രം , മൂന്നാമനായി തർക്കങ്ങൾ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 02:06 AM | 0 min read


പെരുമ്പാവൂർ
യുഡിഎഫ് ഭരിക്കുന്ന വെങ്ങോല പഞ്ചായത്തിൽ മൂന്നാമത്തെ പഞ്ചായത്ത് പ്രസിഡന്റിനായി തർക്കങ്ങൾ തുടങ്ങി. ധാരണപ്രകാരം കോൺഗ്രസ്‌ 10–--ാം വാർഡ് മെമ്പർ പി പി എൽദോസാണ്‌ അവസാനവർഷം പ്രസിഡന്റാകേണ്ടത്‌. ആദ്യത്തെ പ്രസിഡന്റിന്‌ രണ്ടുവർഷവും മറ്റു രണ്ടുപേർക്ക് ഒന്നരവർഷംവീതം എന്നതായിരുന്നു നേരത്തേയുള്ള തീരുമാനം. ആദ്യപ്രസിഡന്റ്‌ എൻ ബി ഹമീദ് രണ്ടുവർഷം കഴിഞ്ഞിട്ടും ഒഴിയാത്തതിനെ തുടർന്ന് അവിശ്വാസപ്രമേയത്തിനുള്ള നീക്കവും നടന്നു. ഒടുവിൽ ഡിസിസി ഇടപെട്ട്‌ ഹമീദിനെ ഒഴിവാക്കി ഷിഹാബ് പള്ളിക്കൽ അധികാരമേറ്റു. മറ്റു രണ്ടുപേരുടെയുംകൂടി ആറുമാസം ഹമീദ് കവർന്നുവെന്ന പരാതിയുണ്ട്. നിലവിൽ ഷിഹാബ് ഒഴിയില്ലെന്ന ആശങ്കയിലാണ്‌ ഒരുവിഭാഗം.

അധികാരവടംവലിമൂലം പഞ്ചായത്തിലെ വികസനം സ്‌തംഭിച്ചിരിക്കുകയാണ്‌. മാലിന്യം ശേഖരിച്ച് വേർതിരിക്കാനുള്ള മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ സ്ഥാപിച്ചിട്ടില്ല. ഇതുമൂലം പുതിയ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ ബോർഡ്‌ അംഗീകാരം ലഭിച്ചിട്ടില്ല. പഞ്ചായത്ത് ഓഫീസിന്റെ മുൻവശത്തെ കാർ പോർച്ചിൽ സ്ഥിരംസമിതി അധ്യക്ഷന്മാർക്ക്‌ 60 ലക്ഷം രൂപ മുടക്കി ഇരിപ്പിടങ്ങൾ നിർമിച്ചത് വിവാദമാണ്. ഇതോടെ പഞ്ചായത്ത്‌ വാഹനങ്ങൾ ഉൾപ്പെടെ റോഡരികിലാണ് നിർത്തിയിടുന്നത്‌. വികസനത്തിന്‌ ഫണ്ടില്ലാത്തപ്പോൾ പെട്ടിക്കടപോലെ മുറി നിർമിച്ചത് ധൂർത്താണെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഒന്നാംവാർഡിൽ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റർ തുടങ്ങാൻ ചുറ്റുമതിലിനുള്ള 15 ലക്ഷം രൂപ അനുവദിക്കാത്തതിനാൽ പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണബോർഡ് അംഗീകാരം നൽകിയിട്ടില്ല.

23 വാർഡുകളുള്ള പഞ്ചായത്തിൽ ഒമ്പത് അംഗങ്ങൾ യുഡിഎഫിനും ട്വന്റി–-20ക്ക്‌ എട്ട് അംഗങ്ങളും എൽഡിഎഫിന് ആറ് അംഗങ്ങളുമാണ് നിലവിലുള്ളത്. ഭരണകക്ഷിക്ക്‌ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ ചില ട്വന്റി–-20 മെമ്പർമാരുടെ ഒത്താശയോടെയാണ്‌ യുഡിഎഫ്‌ ഭരണം.



deshabhimani section

Related News

0 comments
Sort by

Home