18 June Friday

കടലാക്രമണം രൂക്ഷം
 ; വീടുകൾ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കടലാക്രമണത്തെ തുടർന്ന് വെള്ളം കയറിയ ചെല്ലാനത്തെ വീടുകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് മാറ്റുന്നു


പള്ളുരുത്തി /വെെപ്പിൻ
മഴ കനത്തതോടെ ജില്ലയുടെ തീരപ്രദേശങ്ങളായ ചെല്ലാനത്തും വൈപ്പിനിലും രൂക്ഷമായ കടലാക്രമണം. ആർത്തലച്ചെത്തിയ കടൽവെള്ളത്തിൽ ചെല്ലാനത്തെയും വൈപ്പിനിലെയും രണ്ടായിരത്തോളം വീടുകൾ വെള്ളത്തിലായി. രണ്ട് ദിവസമായി തീരപ്രദേശത്ത് കടൽ കരയിലേക്ക് ഇരച്ചുകയറുകയാണ്‌. അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതാണ് കടലാക്രമണത്തിന് ആക്കം കൂട്ടിയത്. വ്യാഴാഴ്ച പകൽ 12ഓടെ തുടങ്ങിയ കടൽകയറ്റം വൈകിട്ട്‌ നാലുവരെ തുടർന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ വീണ്ടും കടലാക്രമണം തുടങ്ങി.

കണ്ണമാലി, പുത്തൻതോട് ഗ്യാപ്പ്, കണ്ടക്കടവ്, ചാളക്കടവ്, മറുവാക്കാട്, വേളാങ്കണ്ണി, ബസാർ, മാലാഖപ്പടി, കമ്പനിപ്പടി, ഗൊണ്ടു പറമ്പ്, വാച്ചാക്കൽ കടപ്പുറം, ആലുങ്കൽ കടപ്പുറം എന്നിവിടങ്ങളിൽ രൂക്ഷമായാണ് കടൽ ക്ഷോഭമുണ്ടായത്. തിരമാലകളുടെ ശക്തിയിൽ കണ്ണമാലിയിലുണ്ടായിരുന്ന കടൽഭിത്തി തകർന്നു. നിരവധി വീടുകളുടെ അടിത്തറ ഇളകി. വീട്ടിൽ സൂക്ഷിച്ച പാത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഒലിച്ചുപോയി. വാഹനങ്ങളിൽ വെള്ളം കയറി. കോവിഡ് ബാധിച്ചവർക്ക് പുറത്തിറങ്ങാൻ സാധിക്കാത്തത് കൂടുതൽ ദുരിതത്തിലായി. പെട്ടെന്നു വെള്ളം പൊങ്ങിയതിനാൽ പല ആളുകൾക്കും മറ്റു കേന്ദ്രങ്ങളിലേക്ക് മാറാൻ സാധിച്ചില്ല. അവർ കട്ടിലിന്റെയും  ഊണുമേശയുടെയും മുകളിൽ അഭയം തേടി.

വെള്ളിയാഴ്ച രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ പഞ്ചായത്ത് അംഗങ്ങളും സന്നദ്ധപ്രവർത്തകരും പലയിടത്തും വെള്ളപ്പൊക്കത്തിൽ പെട്ടു. വ്യാഴാഴ്ച കലക്ടർ എസ്‌ സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം ചെല്ലാനം സന്ദർശിച്ചിരുന്നു. കോവിഡ് ബാധിതരായ ആളുകളെ കുമ്പളങ്ങി എഫ്എൽടിസിയിലേക്ക് മാറ്റി പാർപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പഞ്ചായത്ത് സജ്ജമാണെന്ന് പ്രസിഡന്റ്‌ കെ ഡി പ്രസാദ് പറഞ്ഞു.

വൈപ്പിനിലെ എടവനക്കാട്, നായരമ്പലം, ഞാറക്കൽ, ചെറായി മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്‌. വ്യാഴാഴ്ച രാവിലെമുതലാണ്‌ ഇവിടെയും കടൽ പ്രക്ഷുബ്‌ധമായത്‌. എടവനക്കാട്‌–--നായരമ്പലം മേഖലകളിലാണ് കൂടുതൽ കടൽക്ഷോഭം. വേലിയേറ്റസമയങ്ങളിൽ കടൽഭിത്തി കവിഞ്ഞ് കരയിലേക്ക് ഒഴുകുകയാണ്. ഇതോടെ സമീപത്തെ വീടുകളിലേക്കും വെള്ളം കയറി. മഴയെത്തുടർന്ന് തോടുകളും മറ്റും നിറഞ്ഞു കിടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാനും സൗകര്യമില്ല. 

തിരകളെ ചെറുക്കാൻ എടവനക്കാട് നിർമിക്കുന്ന ആറു പുലിമുട്ടുകളിൽ നാലെണ്ണം പൂർത്തിയായി. ഒന്നിന്റെ നിർമാണം പുരോഗമിക്കുന്നു. മറ്റൊന്ന് നിർമാണം ആരംഭിച്ചിട്ടില്ല.നായരമ്പലം വെളിയത്താംപറമ്പ് പുത്തൻ കടപ്പുറം, പള്ളി പരിസരം, ശ്രീഷണ്മുഖ വിലാസം ക്ഷേത്രം, ഞാറക്കൽ ആറാട്ടുവഴി കടപ്പുറം, എടവനക്കാട് അണിയിൽ, കൂട്ടുങ്കൽചിറ, പഴങ്ങാട്, ചെറായി രക്ത്വേശ്വരി എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷം.

ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം മുന്നിൽക്കണ്ട് എല്ലാ പഞ്ചായത്തുകളിലും സ്കൂളുകൾ സജ്ജീകരിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. കടൽകയറ്റം രൂക്ഷമായതോടെ ചെറായി രക്തേശ്വരി കടപ്പുറത്ത് ജിയോബാഗുകൾ നിരത്തുന്നത്‌ നിർത്തി. വേലിയേറ്റത്തിനൊപ്പം നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top