20 June Thursday

രാജീവിനു കഴിയും; പ്രിയേഷിന‌് ഉറപ്പ‌്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

കൊച്ചി
"ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സൗഹൃദജില്ലയായി എറണാകുളത്തെ പ്രഖ്യാപിക്കാനുള്ള നടപടി എംപിയായി ഡല്‍ഹിയില്‍ എത്തുമ്പോഴുണ്ടാകുമോ?’ –-പാർലമെന്റില്‍ അവതരിപ്പിക്കപ്പെട്ട കാഴ്ചവൈകല്യം നേരിടുന്നവര്‍ക്കുള്ള ബില്ലിന് നിരവധി ഭേദഗതികള്‍ അവതരിപ്പിച്ച്, പുരോഗമനമുഖം നല്‍കിയ പി രാജീവിനെ മുന്നില്‍ കിട്ടിയപ്പോള്‍ പ്രിയേഷ് ചോദിച്ചു.

"അതിനുവേണ്ട എല്ലാ ശ്രമങ്ങളുമുണ്ടാകും, പ്രകടനപത്രികയിലുമുള്‍പ്പെടുത്തും’–-

രാജീവ് ഉറപ്പുനല്‍കി. വൈപ്പിന്‍ മണ്ഡലത്തിലെ പര്യടനത്തിനിടയിലാണ് മഹാരാജാസ് കോളേജിലെ അസിസ്റ്റന്‍റ്  പ്രൊഫസറായ പ്രിയേഷിനെ കാണാന്‍ അദ്ദേഹത്തിന്റെ പനമ്പുകാട‌് ചൂതംപറമ്പിലെ വീട്ടിൽ പി രാജീവ‌് എത്തിയത്. 

കാഴ്ചയില്ലായ്മയെ പൊരുതിത്തോല്‍പ്പിച്ച പ്രിയേഷിന് വിദ്യാർഥികാലം മുതൽ രാജീവുമായി അടുപ്പമുണ്ട്. മഹാരാജാസ‌് കോളേജ‌് യൂണിയൻ ചെയർമാനുമായിരുന്നു പ്രിയേഷ‌്.  ശേഷം  തന്റെ കല്യാണത്തിനും അമ്മയുടെ വേര്‍പാടിനും ഉള്‍പ്പെടെ എല്ലാ സുഖ-ദുഃഖങ്ങളിലും രാജീവ് കൂടെയുണ്ടായിരുന്നുവെന്ന് പ്രിയേഷ് സ്മരിച്ചു. രാജീവിന്റെ വിജയം വെല്ലുവിളികള്‍ നേരിടുന്ന സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് കരുത്താകുമെന്ന് പ്രിയേഷിന‌് ഉറപ്പുണ്ട‌്.

ബോൾഗാട്ടി ജങ‌്ഷനിൽ ചുമട്ടുതൊഴിലാളികളുടെ സ്വീകരണത്തോടെയാണ‌് വ്യാഴാഴ‌്ചത്തെ പര്യടനം ആരംഭിച്ചത‌്. തുടർന്ന‌് രക്തസാക്ഷി പോൾസന്റെ വീട് സന്ദർശിച്ചു. പോൾസന്റെ അമ്മ പൗളി നിറകണ്ണുകളോടെ പി രാജീവിനെ അനുഗ്രഹിച്ചു. പൊന്നാരിമംഗലം ഹോളിനേറ്റിവിറ്റി ആശ്രമത്തിലെ അന്തേവാസികൾക്കും കന്യാസ്ത്രീകൾക്കുമൊപ്പം കുറച്ചുനേരം ചെലവഴിച്ച രാജീവ് 88 വയസ്സുള്ള വെറോണച്ചേടത്തിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

പൊന്നാരിമംഗലം സ്റ്റെല്ലാ മേരീസ് ആശ്രമസന്ദർശനത്തിനിടയിൽ ആശ്രമവളപ്പിലെ കൃഷിയിടത്തിലും പി രാജീവ് എത്തി. മത്സ്യക്കൃഷിയെയും മറ്റു കാർഷികവിളകളെയും അതിന്റെ വിപണനരീതികളെയും കുറിച്ച് ഫാ. അഗസ്റ്റിനോടും സംഘത്തോടും സംസാരിച്ചു. തുടർന്ന് പൊന്നാരിമംഗലം ഭുവനേശ്വരി ക്ഷേത്രഭാരവാഹികളെ സന്ദർശിച്ചു. പ്രളയകാലത്ത് നാടിനാശ്രയമായ മുളവുകാട് സെന്റ‌് ആന്റണീസ് കുരിശിങ്കൽ പള്ളി, സെന്റ‌് ആനീസ് കോൺവന്റ, കാരുണ്യമാതാ പള്ളി, ഹോളി നേറ്റിവിറ്റി ആശ്രമം, അയ്യപ്പൻകാവ് ക്ഷേത്രം, വട്ടേക്കാട് ക്ഷേത്രം, ഘണ്ഠാകർണ ക്ഷേത്രം, കേരളേശ്വരപുരം മഹാദേവ ക്ഷേത്രം, ചേപ്പിൽ ഭഗവതീക്ഷേത്രം, വിവേകാനന്ദ ചന്ദ്രികസഭ, ശക്തിധര സഹായസംഘം, രാമൻകുട്ടിയച്ചൻ സ്മാരകമന്ദിരം, വല്ലാർപാടം ബസലിക്ക പള്ളി, പനമ്പുകാട് സെന്റ് ജോസഫ് ചർച്ച് എന്നിവിടങ്ങളും രാജീവ് സന്ദർശിച്ചു.


പ്രധാന വാർത്തകൾ
 Top