24 February Monday

വീട്ടിൽ സ്വർണം വച്ചിട്ടെന്തിനാ ? കശ്‌മീർ കണ്ടു രസിക്കൂ...

ശ്രീരാജ‌് ഓണക്കൂർUpdated: Saturday Feb 15, 2020


കൊച്ചി 
തൃശൂർ വടക്കുന്നാഥ ക്ഷേത്രം സാക്ഷിയാക്കിയാണ്‌ മിഥുൻ വസുന്ധരയോട്‌ പ്രണയം തുറന്നുപറഞ്ഞത്‌. മിഥുന്റെ കൈപിടിച്ച്‌ ഹോണ്ട ബിആർവി കാറിൽ വിവാഹശേഷം കശ്‌മീരിലേക്ക്‌ പോയതിനും ആദ്യസാക്ഷി വടക്കുന്നാഥൻ തന്നെ. ഇരുവരും 7746 കിലോമീറ്ററാണ്‌ 31 ദിവസത്തിനുള്ളിൽ യാത്ര ചെയ്‌തത്‌. തൃശൂർ–-കശ്‌മീർ യാത്രയുടെ വീഡിയോകൾ യൂ ട്യൂബ്‌ ചാനലിൽ വൈറലാണ്‌. രണ്ടുലക്ഷം രൂപ ചെലവ്‌ പ്രതീക്ഷിച്ച്‌ ഭാര്യയുടെ സ്വർണം പണയംവച്ചു. പക്ഷേ, എല്ലാവരെയും അമ്പരപ്പിച്ച്‌ 85, 440 രൂപയ്‌ക്ക്‌ യാത്ര പൂർത്തിയാക്കി. ഒരാൾക്ക്‌ ചെലവായത്‌ 42, 720 രൂപ.

കഴിഞ്ഞ ഒക്‌ടോബർ 10ന്‌ ആരംഭിച്ച യാത്രയുടെ എല്ലാ ചെലവുകളും എഴുതിവച്ചിട്ടുണ്ട്‌. പെട്രോൾ 33,000, ഭക്ഷണം 15,000, ഹോട്ടൽമുറികളിൽ താമസിക്കാൻ 16,000... പട്ടിക നീളുന്നു. യാത്രയ്‌ക്കിടെ കശ്‌മീർ ജനതയുടെ കഷ്ടതകൾ നേരിട്ടു കാണാനായി. പലയിടത്തും ഇന്റർനെറ്റില്ല. ഫോൺ ചെയ്യാൻപോലും പറ്റുന്നില്ല. എടിഎമ്മുകളിൽ പണമില്ല. ഇതിനെല്ലാമെതിരെ സമാധാനപരമായ നിശബ്ദ പ്രതിഷേധങ്ങളാണ്‌ പലയിടത്തും. ഇത്തരം മൗലികാവകാശ ലംഘനങ്ങൾ ശരിയല്ലെന്ന തിരിച്ചറിവാണ്‌ കശ്‌മീർ സമ്മാനിച്ചത്‌. 

ലേയും ലഡാക്കുമാണ്‌ ഏറ്റവും സുന്ദരമായ സ്ഥലം. ഓരോ അഞ്ച്‌ മിനിറ്റ്‌ കൂടുമ്പോഴും വണ്ടി നിറുത്തി ഫോട്ടോയെടുക്കും. തൃശൂരിൽനിന്ന്‌ വയനാടും കൂർഗും പിന്നിട്ട്‌ മംഗളൂരുവിലെത്തി. കർണാടകത്തിലെ ജോഗ്‌ വെള്ളച്ചാട്ടം കണ്ട്‌  മൂകാംബികവഴി നേരെ ഗോവയിലേക്ക്‌. പുണെയിലെത്തിയത്‌ വനപ്രദേശമായ അംബോലിവഴി.  മുംബൈയിലെത്താൻ എക്‌സ്‌പ്രസ്‌ ഹൈവേ ഉപയോഗിച്ചു. പിന്നെ രാജസ്ഥാൻവഴി ഡൽഹി. പഞ്ചാബ്‌, വാഗ ബോർഡർവഴി കശ്‌മീരിലെത്തി. അവിടെനിന്നാണ്‌ ലേയിലും ലഡാക്കിലും എത്തിയത്‌. കേന്ദ്രസർക്കാർ ലഡാക്കിനെ കശ്‌മീരിൽനിന്നു വിഭജിച്ച സമയത്തായിരുന്നു സന്ദർശനം. ലഡാക്കിൽ മലകൾ പൊട്ടിച്ച്‌ ഖനനം നടക്കുന്നുണ്ട്‌. അതിനെക്കുറിച്ചുള്ള വിഷമങ്ങൾ അവിടെയുള്ളവർ പങ്കുവച്ചു.

യാത്ര ചെയ്‌ത പല സ്ഥലങ്ങളിലും നല്ല ടോയ്‌ലറ്റുകൾ ഇല്ലെന്നു വസുന്ധര. രാജസ്ഥാൻ ഹൈവേയിൽ കേരള രജിസ്‌ട്രേഷൻ വണ്ടി നോക്കി ഫൈൻ അടപ്പിച്ചതും ഗോവ അഗൗഡ ഫോർട്ടിൽ വണ്ടി വേറെ സ്ഥലത്ത്‌ പാർക്ക്‌ ചെയ്‌തതിന്‌ ചീത്തവിളി കിട്ടിയതും മോശം അനുഭവങ്ങളാണ്‌. അഹമ്മദാബാദ്‌ മനേക്‌ ചൗക്കിലെ വഴിയോരഭക്ഷണവും നാഗ്‌പുർ ധാബയിലെ ബിരിയാണിയും ഇപ്പോഴും നാവിൻതുമ്പത്തുണ്ട്‌. രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ ഇന്ത്യ മുഴുവൻ സഞ്ചരിച്ച്‌ അതിന്റ ആത്‌മാവ്‌ അറിയണമെന്ന അഭിപ്രായക്കാരനാണ്‌ കിൻഫ്രയിൽ സ്‌റ്റാർട്ടപ്‌ സംരംഭങ്ങൾ നടത്തുന്ന മിഥുനും വസുന്ധരയും. നിലവിൽ കന്യാകുമാരിയിൽനിന്ന്‌ അസമിലേക്കുള്ള യാത്രയിലാണ്‌ ഇരുവരും.


പ്രധാന വാർത്തകൾ
 Top