24 February Monday

കുടിവെള്ള ടാങ്കറുകൾ ഇനി വരാപ്പുഴയ്‌ക്ക്‌ വരേണ്ട

വി പി ഡെന്നിUpdated: Saturday Feb 15, 2020


വരാപ്പുഴ
വെള്ളം വേണ്ടത്രയുണ്ടെങ്കിലും വരാപ്പുഴയ്‌ക്ക്‌ തൊണ്ടനനയ്‌ക്കാൻ വകയുണ്ടായിരുന്നില്ല. കിണർ കുഴിച്ചാൽ  മിക്കയിടത്തും ഉപ്പുവെള്ളംമാത്രം കിട്ടുന്ന ഈ കായലോരമേഖല കുടിവെള്ളത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പൈപ്പുലൈൻ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ഏപ്രിലിൽ പൂർത്തിയാകുന്നതോടെ  കുടിവെള്ളക്ഷാമം പഴങ്കഥയാകും. കുടങ്ങളുമായുള്ള സമരങ്ങളും ടാങ്കർലോറിക്കാരുടെ ചൂഷണവും പതിവായിരുന്ന വരാപ്പുഴയ്‌ക്ക്‌ ഇനി ആശ്വാസത്തിന്റെ നാളുകൾ.

തേവർകാട്‌, തുണ്ടത്തുംകടവ്, എടമ്പാടം പ്രദേശങ്ങളിലാണ്‌ ജനം വെള്ളം കിട്ടാതെ വട്ടം കറങ്ങിയിരുന്നത്‌. തുണ്ടത്തുംകടവ് പടിഞ്ഞാറു ഭാഗത്ത് പൈപ്പിലൂടെ കുടിവെള്ളമെത്തിയിട്ട് വർഷങ്ങളായി.  ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലും പഞ്ചായത്ത് ഓഫീസിനുസമീപം എത്തിയാണ് കുടിവെള്ളം ശേഖരിക്കുന്നത്.
2006ലെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതി ജനങ്ങൾക്ക്‌ ഏറെ പ്രതീക്ഷ പകർന്നതാണ്‌.   ജിഡയുടെ ഫണ്ട്‌ ഉപയോഗിച്ച് അന്ന്‌ നടപ്പാക്കിയ വരാപ്പുഴ–-കടമക്കുടി കുടിവെള്ളപദ്ധതി വരാപ്പുഴയുടെ കുടിനീർക്ഷാമം പൂർണമായി അകറ്റേണ്ടതായിരുന്നു. എന്നാൽ, ഓവർ ഹെഡ് ടാങ്കിന്റെ സംഭരണശേഷി   പൂർണമായി പ്രയോജനപ്പെടുത്താനായിട്ടില്ല. 1980കളിൽ ഏലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നപ്പോൾ സ്ഥാപിച്ച പഴയ എസി പൈപ്പുകളായിരുന്നു വില്ലൻ.  പിന്നീട്‌ വന്ന യുഡിഎഫ്‌ സർക്കാർ  നിഷ്‌ക്രിയമായതോടെ നാട്‌ കുടിവെള്ളം കിട്ടാതെ വലഞ്ഞു.

പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ പിണറായി സർക്കാർ വന്നയുടൻ ആരംഭിച്ചു. സിപിഐ എം ആലങ്ങാട് ഏരിയ കമ്മിറ്റിയുടെ അഭ്യർഥന പരിഗണിച്ചായിരുന്നു ഇത്.  കിഫ്ബിയിൽ 16.5 കോടി രൂപ വകയിരുത്തി.  അതുപയോഗിച്ച്‌, പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന പണി ഇതിനകം 70 ശതമാനത്തിലേറെ പൂർത്തിയായി.  14 കിലോമീറ്ററോളം പിഡബ്ല്യുഡി റോഡിലും രണ്ടര കിലോമീറ്ററോളം പഞ്ചായത്ത് റോഡിലും 800 മീറ്റർ ദേശീയപാതയിലും പൈപ്പ്‌ സ്ഥാപിക്കാനുണ്ട്‌. ഷാപ്പുപടിയിൽ ദേശീയപാത മുറിച്ചുകടക്കുന്ന പുഷ്ത്രൂ (ഹൈ ഡെൻസിറ്റി ഡ്രില്ലിങ്‌) ഉൾപ്പെടെയുള്ള ജോലികൾക്ക് തുക അടച്ചു. ഇതിന്‌ ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കണം. വെട്ടിപ്പൊളിച്ച റോഡുകൾ പുനരുദ്ധരിക്കാനുണ്ട്‌. പുതുക്കിനിശ്ചയിച്ച എസ്റ്റിമേറ്റുപ്രകാരം പദ്ധതിച്ചെലവ്‌ 20.65 കോടി രൂപയായി. ഇതുമൂലം പിഡബ്ല്യുഡി റോഡ് കട്ടിങ്ങിനുള്ള അനുമതി വൈകുന്നതാണ് ഏകതടസ്സം. ഏപ്രിലിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ യു അബ്ദുൾ സത്താർ പറഞ്ഞു.

മണ്ണംതുരുത്ത് ഫെറിയിലെ ഓവർ ഹെഡ് ടാങ്കിൽനിന്ന്‌ മൂന്ന് സോണുകളായി തിരിച്ചാണ് ലൈനുകൾ പോകുന്നത്. തേവർകാട് ഭാഗം പ്രത്യേക സോണായും ദേശീയപാതയുടെ കിഴക്കുഭാഗവും പടിഞ്ഞാറുഭാഗവും വെവ്വേറെ സോണുകളായും തിരിച്ചു. തിരുമുപ്പം ബിഎസ്എൻഎലിനുസമീപം പ്രത്യേകം ബൂസ്റ്റർ പമ്പും സ്ഥാപിക്കും. രണ്ടരക്കോടി രൂപ ചെലവിൽ മുപ്പത്തടം പ്ലാന്റിന്റെ നവീകരണവും നടക്കും. ഇതോടെ മണ്ണംതുരുത്തിലെ ഓവർ ഹെഡ്‌ ടാങ്കിൽ പ്രതിദിനം രണ്ടു പ്രാവശ്യം 1.5 എംഎൽഡി വെള്ളം സംഭരിച്ച് വിതരണം ചെയ്യാനാകും.


പ്രധാന വാർത്തകൾ
 Top