24 January Friday

പൊടിശല്യം; മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020


കൊച്ചി
ഫ്ലാറ്റുകൾ പൊളിച്ചതിനു പിന്നാലെ പൊടിശല്യം രൂക്ഷമായതോടെ മരട് നഗരസഭയും നെട്ടൂർ പിഎച്ച്‌സിയും ചേർന്ന് ആൽഫ സെറീൻ ഫ്ലാറ്റിനോട് ചേർന്ന്‌ താമസിക്കുന്നവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. രണ്ട് ദിവസം പിന്നിട്ടിട്ടും അന്തരീക്ഷത്തിൽ പൊടി നിലനിൽക്കുന്നതിനാൽ സമീപവാസികളിൽ പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച ഡോ. ജീന എസ് മോഹന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ 57 പേർ പങ്കെടുത്തു. പലർക്കും ചുമ, ജലദോഷം, ശ്വാസംമുട്ടൽ, പനി പോലെയുള്ള അസ്വസ്ഥതകൾ എന്നിവയുണ്ട്‌. ആർക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ഡോ. ജീന പറഞ്ഞു.

ക്യാമ്പിലെത്തുന്നവർക്ക് ബോധവൽക്കരണവും മരുന്നും നൽകുന്നുണ്ട്‌. മരുന്ന് കഴിച്ചിട്ടും അസ്വസ്ഥതകൾ മാറാത്തവരോട് ക്ലിനിക്കിൽ എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. പകൽ സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും മാസ്‌ക് ചെറിയ നനവോടെയേ ഉപയോഗിക്കാവൂയെന്നും പരിസരവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്‌ച നെട്ടൂർ കേട്ടേഴത്തുംകടവിലുള്ള ജെയ്‌ൻ കോറൽ കോവ്‌ ഫ്ലാറ്റിന്‌ സമീപം ഡോ. രാഹുൽ സൈമണിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

ബുധനാഴ്‌ച കുണ്ടന്നൂർ ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റിന്‌ സമീപം താമസിക്കുന്നവർക്ക്‌ ഹോമിയോ മെഡിക്കൽ ക്യാമ്പ്‌ നടത്തും. പൊളിച്ച ഫ്ലാറ്റുകൾക്ക്‌ സമീപത്തെ വീടുകൾ ആരോഗ്യവകുപ്പിലെ ഫീൽഡ്‌ സ്റ്റാഫ്‌ സന്ദർശിക്കും. ഇവരിൽനിന്ന്‌ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്‌ കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ നടത്തും.


പ്രധാന വാർത്തകൾ
 Top