07 July Tuesday

ഫ്‌ളാറ്റ്‌ െപാളിക്കൽ : സമീപവീടുകൾക്ക്‌ പ്രത്യേക സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


കൊച്ചി
മരട്‌ ഫ്ലാറ്റുകളുടെ സമീപവാസികളായ മത്സ്യ കർഷകരുടെയും ക്ഷീര കർഷകരുടെയും ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക യോഗം വിളിക്കുമെന്ന്‌ പൊളിക്കുന്നതിന്റെ ചുമതല വഹിക്കുന്ന സബ്‌ കലക്ടർ സ്‌നേഹിൽ കുമാർ സിങ്. ഫ്ലാറ്റിനോട്‌ ചേർന്ന്  താമസിക്കുന്നവർക്ക്‌  സുരക്ഷാകാര്യങ്ങളിൽ  പ്രത്യേകം പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. പരിസരവാസികളുടെ ആശങ്ക പരിഹരിക്കാൻ മരട്‌ പെട്രോ ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്‌നേഹിൽകുമാർ സിങ്‌.

സ്‌ഫോടനം നടക്കുമ്പോൾ ജിയോടെക്‌സും സ്‌റ്റീലും ഉപയോഗിച്ച്‌ മൂന്നു പാളികളായുള്ള ആവരണം ഉപയോഗിച്ച്‌ ഫ്ലാറ്റിനെ മുഴുവനായി പൊതിയും. സ്‌റ്റീൽ കൊണ്ടുള്ള ചട്ടക്കൂടുണ്ടാക്കി, അതിൽ ജിയോ ടെക്‌സ്‌ പൊതിഞ്ഞാകും ഫ്‌ളാറ്റിന്‌ ആവരണമുണ്ടാക്കുക. ഒരു കാരണവശാലും അവശിഷ്‌ടങ്ങൾ സമീപ പ്രദേശങ്ങളിലേക്കോ കായലിലേക്കോ തെറിക്കാതിരിക്കാനാണ്‌ ഇത്‌. അഞ്ച്‌ മിനിറ്റുമാത്രം പൊടി പടലങ്ങൾ ഉണ്ടാവും. ഇവ ശാസ്‌ത്രീയമായി തന്നെ നിയന്ത്രിക്കും. അതിനാൽ കായലിലെ മത്സ്യ സമ്പത്തിന്‌ ഒരു കോട്ടവും സംഭവിക്കില്ല.

ഫ്ലാറ്റിനോട്‌ ഏറ്റവും അടുത്തുള്ള വീടിന്‌ നാലു പാളികളുടെ സുരക്ഷകവചം ഉറപ്പു വരുത്തുമെന്നും സബ്‌ കലക്ടർ പറഞ്ഞു. ഫ്ലാറ്റിന്റെ ഏറ്റവും സമീപം താമസിക്കുന്ന വീട്ടുടമ മനുവിന്റെ സംശയത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. മനുവിന്റെ വീടിന്‌ പ്രത്യേക പരിഗണന നൽകും. വീടിരിക്കുന്ന പറമ്പ്‌ എച്ച്‌ടുഒ ഫ്ലാറ്റിൽ നിന്ന്‌ രണ്ടു മീറ്റർ  അകലത്തിലും വീട്‌ അഞ്ചു മീറ്റർ അകലത്തിലുമാണ്‌. ആശങ്കകൾ പരിഹരിക്കാൻ സാങ്കേതിക വിദഗ്‌ധരുമായി സംസാരിക്കാനും മനുവിന്‌ അവസരം ഒരുക്കും. കായലിൽ മീൻപിടിച്ച്‌ ഉപജീവനം നടത്തുന്നവരും മത്സ്യ കൂടുകൃഷി നടത്തുന്നവരും പശുവിനെയും ആടുമാടുകളെയും വളർത്തി ജീവിക്കുന്നവരും ആശങ്കകൾ ഉന്നയിച്ചു. ഇവർക്കായി പ്രത്യേക യോഗം വിളിച്ചു ചേർക്കാമെന്ന്‌ സബ്‌ കലക്ടർ ഉറപ്പു നൽകി.

സ്ഫോടനം നടത്തുമ്പോൾ  ആറു മണിക്കൂർ വീടുകളിൽനിന്ന് മാറി നിൽക്കാനുള്ള സൗകര്യങ്ങൾ ജില്ലാ ഭരണ നേതൃത്വം ഒരുക്കും. ഇതിനായി 30 ദിവസംമുമ്പ്‌  നോട്ടീസ്‌ നൽകും. ചരക്ക്‌ ലോറി കടന്നു പോകുന്നതിന്റെ പകുതി പ്രകമ്പനം മാത്രമാണ്‌ പൊളിക്കുമ്പോൾ ഉണ്ടാവുക. ഭൂമി കുലുക്കം  പോലെയല്ലാത്തതിനാൽ തുടർ ചലനങ്ങൾ ഉണ്ടാവില്ല. അപകടം ഉണ്ടായാൽ നഷ്‌ടപരിഹാരം നൽകാനുള്ള പൂർണ ഉത്തരവാദിത്തം പൊളിക്കുന്ന കമ്പനികൾക്കാണ്‌. പരിസരവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനാണ്‌ മുഖ്യ പ്രാധാന്യം നൽകുന്നത്‌. 100 മീറ്റർ പരിധിയിൽ ഉള്ളവരുടെ സ്വത്തു വകകളാണ്‌ ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

എം സ്വരാജ് എംഎൽഎ യോഗത്തിൽ  പങ്കെടുക്കുന്നത്  തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാകുമോ എന്ന  ആശങ്കയെത്തുടർന്ന് സബ് കലക്ടർ യോഗസ്ഥലത്ത് എത്തിയശേഷം തിരിച്ചുപോയത് ബഹളത്തിനിടയാക്കി. യോഗം മാറ്റിവയ്‌ക്കാൻ കഴിയില്ലെന്ന നിലപാട്‌ എംഎൽഎ സ്വീകരിച്ചതോടെ സബ് കലക്ടർ തിരിച്ചെത്തുകയായിരുന്നു. എം സ്വരാജ്‌, മരട്‌ നഗരസഭ ചെയർപേഴ്സൺ ടി എച്ച്‌ നാദിറ, വൈസ്‌ ചെയർമാൻ ബോബൻ നെടുംപമ്പിൽ, സെക്രട്ടറി എം ആരിഫ്‌ഖാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top