Deshabhimani

ഭാഷയും ദേശവും മാഞ്ഞു; ഒന്നായി ഓണമുണ്ട്‌ കൂട്ടുകാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 02:12 AM | 0 min read


കൊച്ചി
ആ തിരുവാതിരച്ചുവടുകളിൽ മാഞ്ഞത്‌ ഭാഷയും ദേശങ്ങളും. പൂക്കളമിട്ടും തിരുവാതിരയ്‌ക്ക്‌ ചുവടുവച്ചും ഒന്നാംക്ലാസ് വിദ്യാർഥികളായ സനയ്യ പർവീണും ജയ്‌നാബ്‌ ഖാട്ടൂരും ഷെറിൻ ഖാനും ആഘോഷം കെങ്കേമമാക്കി. ബിഹാർ സ്വദേശിനി സനയ്യയും ബംഗാളുകാരി ജയ്‌നാബും ലക്ഷദ്വീപിൽനിന്നുള്ള ഷെറിനും അടുത്ത കൂട്ടുകാരാണ്‌. എളമക്കര ഗവ. എച്ച്‌എസ്‌എസിൽ വെള്ളിയാഴ്‌ച നടന്ന എൽപി വിഭാഗം ഓണാഘോഷത്തിലാണ്‌ കൂട്ടുകാർ പാട്ടും കളിയുമായി ഒത്തുകൂടിയത്‌.

കൂലിപ്പണിക്കാരാണ്‌ മൂന്നുപേരുടെയും മാതാപിതാക്കൾ. മലയാളിത്തനിമയുള്ള വസ്‌ത്രങ്ങളണിഞ്ഞ്‌ ആഘോഷത്തിലായ കുട്ടികളുടെ സന്തോഷം പകർന്നെന്ന്‌ അധ്യാപകർ. രാവിലെ നടന്ന മലയാളിമങ്ക മത്സരത്തിലും ഇവർ പങ്കാളികളായി. മലയാളിശ്രീമാനും ഓണപ്പാട്ടുമത്സരവുമെല്ലാം വിദ്യാർഥിക്കായി സംഘടിപ്പിച്ചിരുന്നു. മത്സരങ്ങളിൽ പങ്കെടുത്ത്‌ ഒന്നിച്ച്‌ ഓണസദ്യയുമുണ്ടാണ്‌ കൂട്ടുകാർ അവധി ആഘോഷിക്കാൻ വീടുകളിലേക്ക്‌ മടങ്ങിയത്‌.

ജില്ലയിലെ സ്‌കൂളുകളിൽ പൂക്കളം ഒരുക്കിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചുമാണ്‌ അധ്യാപകരും വിദ്യാർഥികളും ഓണത്തെ വരവേറ്റത്‌. എൽപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ മലയാളത്തനിമയുള്ള വസ്‌ത്രങ്ങളണിഞ്ഞ്‌ ഓണാഘോഷത്തിന്‌ നിറംപകർന്നു. മലയാളിമങ്ക, മലയാളിശ്രീമാൻ, ഓണപ്പാട്ട്‌, ഓണപ്പൂക്കള മത്സരങ്ങളും വിവിധ സ്‌കൂളുകളിൽ സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home