23 September Wednesday

എഴുപുന്ന സ്വദേശിനിയുടെ മരണം: യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


കൊച്ചി
ലോഡ്‌ജിൽ അവശനിലയിൽ കണ്ടെത്തിയ യുവതി മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചേർത്തല എഴുപുന്ന സൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടിൽ ചന്ദ്രബോസിന്റെ മകൾ സാന്ദ്ര (19) ബുധനാഴ്‌ച മരിച്ച സംഭവത്തിലാണ്‌ വൈപ്പിൻ എടവനക്കാട് കാവുങ്കൽ വീട്ടിൽ ഗോകുലിനെ‌ (25) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്‌.  
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനുസമീപമുള്ള ലോഡ്ജിൽനിന്ന്‌ അബോധാവസ്ഥയിലായ സാന്ദ്രയെ ഗോകുലാണ്‌ ബുധനാഴ്‌ച പകൽ രണ്ടോടെ മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിൽ എത്തുംമുമ്പ്‌ സാന്ദ്ര മരിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരണവിവരമറിഞ്ഞ്‌ ഗോകുൽ മുങ്ങിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. 

ജോലിക്കായുള്ള അഭിമുഖത്തിനെന്നു പറഞ്ഞാണ്‌ സാന്ദ്ര ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയത്‌. ഗോകുലിനൊപ്പമാണ്‌ ലോഡ്‌ജിൽ എത്തിയതെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. പകൽ 11ന്‌ ഇരുവരും ലോഡ്‌ജിൽ മുറിയെടുത്തു.

അബോധാവസ്ഥയിലായ സാന്ദ്രയെ പകൽ രണ്ടോടെ ഗോകുൽ ആശുപത്രിയിലെത്തിച്ചു. സാന്ദ്രയുടെ മൊബൈൽ ഫോൺ പിന്തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഗോകുലാണ്‌ ഒപ്പമുണ്ടായിരുന്നതെന്ന്‌ സ്ഥിരീകരിച്ചത്‌. തുടർന്ന്‌ ഇയാളെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തശേഷമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. മരണകാരണമുൾപ്പെടെ കൂടുതൽ വിവരങ്ങൾ പൊലീസ്‌ പുറത്തുവിട്ടിട്ടില്ല. സാന്ദ്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top