29 May Friday

വിരിപ്പിനെ മുക്കി പെരുവെള്ളം ; കരുമാല്ലൂരിന്‌ കരകയറണം

എം എസ്‌ അശോകൻUpdated: Wednesday Aug 14, 2019


കൊച്ചി
മുണ്ടകനും വിരിപ്പും ഉൾപ്പെടെ ആയിരം ഏക്കറിൽ നെൽക്കൃഷിയിറക്കാനുള്ള കരുമാല്ലൂർ പഞ്ചായത്തിലെ കർഷകരുടെ സ്വപ്‌നമാണ്‌ പെരുമഴയിൽ പൊലിഞ്ഞത്‌. ഒരുമാസം മുമ്പ്‌ വിരിപ്പുകൃഷിയിറക്കിയ 450 ഏക്കറും വെള്ളത്തിലാണ്‌. ഞാറിനെ സമൂലം മുക്കിയ പെരുവെള്ളം അമ്പതോളം ഏക്കർ പാടശേഖരത്തിൽനിന്ന്‌ ഇപ്പോഴും ഇറങ്ങിയിട്ടില്ല.

ജൂണിൽ ഇറക്കേണ്ട വിരിപ്പുകൃഷി മഴ വൈകിയതിനാൽ ജൂലൈയിലാണ്‌ ഇറക്കിയത്‌. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ദുരനുഭവമുള്ളതിനാൽ നെൽവിത്ത്‌ മാറ്റി ഉപയോഗിച്ചു. ഉമയ്‌ക്കു പകരം പ്രതിരോധശേഷി കൂടിയ മണിരത്ന എന്ന വിത്താണ്‌ വിതച്ചത്‌. നൂറു ദിവസത്തിനുള്ളിൽ കൊയ്യാൻ പാകമാകുമെന്ന പ്രത്യേകതയുമുണ്ട്‌. പഞ്ചായത്തിലെ നാനൂറ്റമ്പതിലേറെ വരുന്ന പാടശേഖരത്തിൽ രണ്ടുപൂ കൃഷി ചെയ്യുന്നതിലൂടെ തരിശ്‌ തീരെയില്ലാത്ത പഞ്ചായത്തെന്ന പെരുമയിലേക്ക്‌ ഉയരാൻ കർഷകരും ഉത്സാഹം കാട്ടി.

പെരുമഴ എല്ലാ പ്രതീക്ഷകളെയും തകർത്തു. വെളിയത്തുനാട്‌ പാടശേഖരത്തെ അമ്പതേക്കറോളം കൃഷി മുക്കിയ വെള്ളം ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഈ ഞാറ്‌ മുഴുവൻ നശിക്കുമെന്ന്‌ കൃഷി ഓഫീസർ ഡി എം അതുൽ പറഞ്ഞു. വെളിയത്തുനാട്‌ പാടത്തുനിന്നുള്ള തോടുകളിലെ സ്വാഭാവിക നീരൊഴുക്ക്‌ നിലച്ചിരിക്കുകയാണ്‌. ഇവിടെനിന്ന്‌ ആരംഭിക്കുന്ന കുത്തുകുഴി വെഞ്ചച്ചാൽ പുഞ്ചത്തോട്‌ ആലങ്ങാട്‌ പഞ്ചായത്ത്‌ പ്രദേശത്തിലൂടെ കാരിപ്പുഴയിലേക്കാണ്‌ വെള്ളമൊഴുക്കുന്നത്‌.

കുത്തുകുഴിമുതൽ കരുമാല്ലൂർ പഞ്ചായത്ത്‌ അതിർത്തിയിലെ പാലയ്‌ക്കൽവരെയുള്ള തോടിന്റെ ഭാഗം മുഴുവൻ മഴയ്‌ക്കുമുമ്പേ വൃത്തിയാക്കി നീരൊഴുക്ക്‌ ഉറപ്പാക്കിയിരുന്നു. എന്നാൽ, ആലങ്ങാട്‌ പഞ്ചായത്ത്‌ പ്രദേശത്തെ തോട്ടിലെ കൈയേറ്റവും ശുചീകരണമില്ലായ്‌മയും നീരൊഴുക്കിന്‌ തടസ്സമായി. നിരവധി വൻകിട ഗോഡൗണുകളും സ്വകാര്യ നിർമാണങ്ങളും തോട്‌ കൈയേറിയതായി കർഷകർ പറയുന്നു. ആലങ്ങാട്‌ പഞ്ചായത്തിൽ പ്രമുഖ സ്വകാര്യ ബിൽഡറുടെ ഫ്ലാറ്റിനോടു ചേർന്ന്‌ തോട്‌ വൻതോതിൽ കൈയേറി. തോട്‌ നികത്തിയാണ്‌ ഫ്ലാറ്റിന്റെ  ചുറ്റുമതിൽ നിർമിച്ചത്‌. കർഷകരുടെ പരാതിയെ തുടർന്ന്‌ ചുറ്റുമതിൽ പൊളിക്കാൻ ബിൽഡറോട്‌ ആവശ്യപ്പെട്ടിട്ടും ചെയ്‌തിട്ടില്ല. ആലങ്ങാട്‌ ഭാഗത്തെ തടസ്സങ്ങളും കൈയേറ്റങ്ങളും നീക്കിയാലേ വെളിയത്തുനാട്ടിൽ നെൽക്കൃഷി നടത്താനാകൂ.

വെള്ളത്തിനടിയിലായ മറ്റിടങ്ങളിലെ ഞാറിൽനിന്നുള്ള വിളവ്‌ കുറയും. പതിരാകാനുള്ള സാധ്യതയും ഏറെയാണെന്ന്‌ കൃഷി ഓഫീസർ പറഞ്ഞു.
അറുപത്തെട്ടുകാരനായ തട്ടാരുപറമ്പിൽ കുഞ്ഞീന വെളിയത്തുനാട്ടിൽ ഏഴേക്കർ നിലം പാട്ടത്തിനെടുത്താണ്‌ കൃഷിയിറക്കിയത്‌. മുഴുവൻ വെള്ളത്തിനടിയിലാണ്‌. മുമ്പൊന്നും പ്രദേശത്ത്‌ വെള്ളക്കെട്ട്‌ ഉണ്ടായിരുന്നില്ലെന്നും പുഞ്ചത്തോട്ടിലെ കൈയേറ്റമാണ്‌ ഇപ്പോഴത്തെ കൃഷിനാശത്തിന്‌ കാരണമെന്നും കുഞ്ഞീന പറഞ്ഞു. കുഞ്ഞാപ്പ, അബ്‌ദുൾറഹ്‌മാൻ എന്നീ കർഷകരും പാട്ടഭൂമിയിൽ ഇറക്കിയ കൃഷിയും വെള്ളത്തിലാണ്‌.

കരുമാല്ലൂരെ നൂറ്റമ്പത്‌ ഏക്കറോളം പാടത്ത്‌ നടാനുള്ള ഞാറ്‌ നേഴ്‌സറിയിൽ ഇരിക്കുകയാണ്‌. 18–-20 ദിവസത്തിനുള്ളിൽ ഇവ നടേണ്ടതാണൈങ്കിലും 27 ദിവസം കഴിഞ്ഞിട്ടും അതിനായിട്ടില്ല. അതിനി നട്ടാലും പ്രതീക്ഷിക്കുന്ന വിളവ്‌ കിട്ടില്ലെന്നും കൃഷി ഓഫീസർ പറഞ്ഞു. കരുമാല്ലൂർ, പുറപ്പിള്ളിക്കാവ്‌ പ്രദേശത്തെ പച്ചക്കറിക്കൃഷിയും മഴയിൽ നശിച്ചു. പാവൽ, പീച്ചിൽ, മുളക്‌, വെണ്ട, പയർ തുടങ്ങിയവ കൃഷിചെയ്‌ത പന്ത്രണ്ട്‌ ഏക്കറോളം ഭൂമിയിലെ പച്ചക്കറിയാണ്‌ വീണത്‌. 12,000 വാഴകളും ചീഞ്ഞുപോയി. ഒട്ടേറെ ജാതിമരങ്ങളും വീണിട്ടുണ്ട്‌.

കഴിഞ്ഞ പ്രളയത്തിൽ കരുമാല്ലൂരിന്‌ ഒന്നേകാൽ കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്‌. ഇത്തവണത്തെ കണക്കെടുക്കാൻ വെള്ളമിറങ്ങണം. കഴിഞ്ഞവർഷം ജില്ലയിൽ ആദ്യം നഷ്‌ടപരിഹാരം കിട്ടിയത്‌ കരുമാല്ലൂരിലായിരുന്നെന്ന്‌ കർഷകസംഘം വെളിയത്തുനാട്‌ മേഖലാ സെക്രട്ടറി സലാം നമ്പ്യാട്ട്‌ പറഞ്ഞു. ഇക്കുറിയും കൃഷിനാശത്തിന്റെ വിവരങ്ങൾ ശേഖരിച്ച്‌ അധികൃതർക്ക്‌ സമർപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്‌ കർഷകസംഘം.


പ്രധാന വാർത്തകൾ
 Top