17 October Thursday

മാനേജ‌്മെന്റ‌് വാഗ‌്ദാനം പാലിച്ചില്ല ; പിവിഎസ‌് ജീവനക്കാർ വീണ്ടും സമരത്തിന‌്

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


കൊച്ചി
പിവിഎസ‌് ആശുപത്രി മാനേജ‌്മെന്റ‌് മുഴുവനായി വാക്കുപാലിക്കാത്തതിനെത്തുടർന്ന‌് ജീവനക്കാർ വീണ്ടും സമരത്തിൽ. ഒരുവർഷമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന‌് സമരം ചെയ‌്ത ജീവനക്കാർ മെയ‌് 20ന‌് ലേബർ കമീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ഒത്തുതീർപ്പുവ്യവസ്ഥയെത്തുടർന്ന‌് സമരം പിൻവലിച്ചിരുന്നു. മെയ‌് 24ന‌് ശമ്പ‌ളക്കുടിശ്ശികയുടെ ആദ്യഗഡുവായ ഒരുകോടി രൂപയും ജൂൺ പത്തിന‌് രണ്ടാംഗഡുവായ ഒരുകോടി രൂപയും നൽകാമെന്നായിരുന്നു ഒത്തുതീർപ്പ‌ുവ്യവസ്ഥ. എന്നാൽ, ആദ്യഗഡുവായി നൽകിയ തുക ഉപയോഗിച്ച‌് 80 ശതമാനം ജീവനക്കാരുടെ പ്രശ‌്നംമാത്രമാണ‌് ഒത്തുതീർപ്പാക്കാനായതെന്ന‌് ജീവനക്കാരുടെ പ്രതിനിധികൾ പറഞ്ഞു. ജൂൺ പത്തിന‌് നൽകാമെന്ന‌് സമ്മതിച്ചിരുന്ന ഒരുകോടി രൂപ ഇതുവരെ നൽകിയിട്ടുമില്ല. പിരിഞ്ഞുപോയ പല ജീവനക്കാർക്കും എക‌്സ‌്പീരിയൻസ‌് സർട്ടിഫിക്കറ്റ‌് ഉൾപ്പെടെ നൽകിയിട്ടില്ല.

വാഗ‌്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ‌്ചവരുത്തിയ മാനേജ‌്മെന്റിനെതിരെ സമരവുമായി വ്യാഴാഴ‌്ച ജീവനക്കാർ ആശുപത്രിക്ക‌ുമുന്നിൽ തടിച്ചുകൂടി. പൊലീസിനെ ഉപയോഗിച്ച‌് സമരക്കാരെ പിരിച്ചുവിടാൻ മാനേജ‌്മെന്റ‌് ശ്രമിച്ചെങ്കിലും വിജിയിച്ചില്ല.  വെള്ളിയാഴ‌്ചയും സമരം ചെയ്യുന്ന ജീവനക്കാർ ഒത്തുകൂടുമെന്ന‌് പ്രതിനിധികൾ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top