17 June Monday

ദുരിതപ്പേമാരി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


കൊച്ചി
ജില്ലയിൽ മഴ ശക്തമായതോടെ കൃഷിനാശവും മരംവീഴ്ചയും വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കും മാലിന്യപ്രശ്‌നവും രൂക്ഷമാകുന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കൃഷിനാശവും മരംവീഴ്ചയും വെള്ളപ്പൊക്കവും അതിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളും വർധിക്കുമ്പോൾ കൊച്ചി നഗരം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും മാലിന്യപ്രശ്‌നത്തിലും കൊതുകുശല്യത്തിലും വലയുകയാണ്.
ശക്തമായ മഴയിൽ ഭൂതത്താൻകെട്ടിനടുത്ത‌് പുലർച്ചെ അഞ്ചോടെ കലുങ്ക‌് തകർന്നു.

ഭൂതത്താൻകെട്ടിലെ വെള്ളക്കെട്ടിന് കുറവ് സംഭവിച്ചിട്ടില്ല. മഴ കൂടിയാൽ വീണ്ടും അപകടമുണ്ടാകാനാണ് സാധ്യത. മലയാറ്റൂരിൽ വ്യാപക കൃഷിനാശമാണുണ്ടായത്. ജാതി, വാഴ, തേക്ക് എന്നിവ കൂട്ടത്തോടെ കടപുഴകിവീണു.  തേക്ക് കടപുഴകിവീണ് മലയാറ്റൂരിലെയും പിറവം മുളക്കുളത്തെയും ഓരോ വീടുകൾവീതം തകർന്നു. ഈ വീടുകളുടെ മേൽക്കൂരകൾ പൂർണമായും തകർന്ന നിലയിലാണ്. ചക്കാലമറ്റം പൗലോസ്, വരേക്കുളം ജോസ് എന്നിവരുടെ വീടിന് മുകളിൽ മരം വീണ‌് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കാടപ്പാറയിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണു  വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. കൂവപ്പടിയിൽ പകൽ 11ഓടെ ശക്തമായ കാറ്റിൽ മരം കടപുഴകി റോഡിലേക്ക് വീണു. ഇത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനിടയാക്കി.

മഴ കനക്കുന്നതോടെ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ദിനംപ്രതി വർധിക്കുകയാണ്. സ്ഥിരമായി വെള്ളക്കെട്ട് അനുഭവപ്പെടുന്ന കെഎസ്ആർടിസി സ്റ്റാൻഡ് പരിസരം, നോർത്ത് റെയിൽവേസ്റ്റേഷൻ പരിസരം തുടങ്ങി സൗത്തിലെ പല ഭാഗങ്ങളും പതിവു തെറ്റിക്കാതെ വെള്ളക്കെട്ടിലാണ്. എംജി റോഡടക്കം നഗരത്തിലെ പ്രധാന പാതകളില്ലെല്ലാം ഓടകൾ നിറഞ്ഞുകവിഞ്ഞ‌് ഒഴുകുകയാണ്. മഴക്കാലത്തുള്ള കാനശുചീകരണവും യാത്രക്കാർക്ക് തിരിച്ചടിയായി. ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി കാനയുടെ ഇരുവശത്തും കോരിവച്ചിരിക്കുന്ന ചളിയും മാലിന്യങ്ങളും മഴവെള്ളത്തിൽ റോഡുകളിലേക്ക് ഒഴുകി കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.

സൗത്ത്, നോർത്ത് റെയിൽവേസ്റ്റേഷനുകൾക്കു മുന്നിൽ വെള്ളം നിറയുന്നത് ട്രെയിൻയാത്രക്കാരെ വലച്ചു. ബുധനാഴ്ച സൗത്ത് റെയിൽവേസ്‌റ്റേഷനിലുണ്ടായ വെള്ളക്കെട്ടിൽ യാത്രക്കാർക്ക് പുറത്തേക്കു പോകാനും അകത്തേക്കു വരാനും പറ്റാത്ത അവസ്ഥയുണ്ടാക്കി. നോർത്ത് റെയിൽവേസ്‌റ്റേഷനു സമീപത്തെ ഓടകളിൽനിന്നുള്ള മലിനജലം ഇവിടത്തെ വെള്ളക്കെട്ടിലേക്ക് ഒഴുകുകയാണ്. ബാനർജി റോഡ്, കലൂർ ജഡ്ജസ് അവന്യൂ, ബ്രോഡ‌്‌വേ, മഹാരാജാസ് കോളേജ് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

എറണാകുളം ജനറൽ ആശുപത്രിയുടെ മുൻവശത്തെ പ്രവേശനകവാടത്തിനു മുന്നിലെ വെള്ളക്കെട്ട് ദിവസങ്ങളായി തുടരുന്നു. ഇടപ്പള്ളി, കുണ്ടന്നൂർ, പേട്ട, മരട് ഭാഗങ്ങളിൽ കാൽനടയാത്രപോലും ദുഷ്‌കരമായി. മരടിൽ വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളംകയറി. വെള്ളപ്പൊക്കം രൂക്ഷമായിടങ്ങളിലെല്ലാം ഗതാഗതക്കുരുക്കും രൂക്ഷമാണ്. മേനകയുടെ സമീപപ്രദേശങ്ങളായ കോൺവന്റ് റോഡിലും ഗസ്റ്റ്ഹൗസ് റോഡിലും ജനറൽ ഹോസ്പിറ്റൽ റോഡിലും മഹാരാജാസിനു മുൻവശം, മാർക്കറ്റ് റോഡ് എന്നിവടങ്ങളിലും സമാനസാഹചര്യമായിരുന്നു.

കെഎസ്ആർടിസി സ്റ്റാൻഡിനു പുറകിലെ വലിയ കാനയിലും പി ആൻഡ‌് ടി കോളനിക്കു സമീപത്തെ കാനയിലും കൊതുകുകൾ മുട്ടയിട്ടു പെരുകുന്നു. മാലിന്യം നിറഞ്ഞുനിൽക്കുന്നതിനാൽ കെട്ടിനിൽക്കുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ സാധിക്കാത്ത നിലയാണ്. നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മാലിന്യം റോഡിലും കാനകളിലും കുന്നുകൂടുന്ന സ്ഥിതിയാണ്.

പ്രധാന വാർത്തകൾ
 Top