കോതമംഗലം
സിപിഐ എം ഏരിയ സെക്രട്ടറിയുടെ ഭാരിച്ച ഉത്തരവാദിത്വം കൃത്യതയോടെ നിറവേറ്റുമ്പോഴും കെ എ ജോയിക്ക് കഥ വിട്ടൊരു ജീവിതമില്ല. മൂന്നുപതിറ്റാണ്ടായി തുടരുന്ന കഥാപ്രസംഗസപര്യ തിരക്കിനിടയിലും സജീവമാക്കാനാണ് തീരുമാനം. സമൂഹത്തിലെ ഹിംസാത്മകപ്രണയവും അതിന്റെ ദുരന്തവും ഇതിവൃത്തമാക്കുന്ന ‘ഒരു വാട്സാപ് പ്രണയഗാഥ’യുടെ പണിപ്പുരയിലാണ് കോതമംഗലം ഏരിയ സെക്രട്ടറി.
മുന്നൂറോളം വേദികളിൽ ജോയി കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന കാർട്ടൂണിസ്റ്റുമാണ്. കോട്ടപ്പടി സഹകരണ ബാങ്ക് പ്രസിഡന്റ്, സിഐടിയു ഏരിയ സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം മേഖലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളുമുണ്ട്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റും രണ്ടുവട്ടം കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റുമായി പ്രവർത്തിക്കുന്ന കാലത്തും നിരവധി വേദികളെ ത്രസിപ്പിച്ച് കഥകൾ പറയുമായിരുന്നു.
ആദ്യകഥ അവതരിപ്പിച്ചത് 1986ലാണ്. പിരിമുറുക്കമുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ വലിയ ആശ്വാസമാണ് കഥപറച്ചിലിലൂടെ ലഭിക്കുന്നതെന്ന് ജോയി പറയുന്നു. കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതകഥയായ ‘അനശ്വരം ഈ പ്രണയമാ’ണ് നിലവിൽ അവതരിപ്പിക്കുന്നത്. കോഴിക്കോട്ട് അതിഥിത്തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ നൗഷാദിന്റെ ജീവിതം ഇതിവൃത്തമാക്കിയ ‘മനുഷ്യസ്നേഹി’ക്ക് ഏറെ കൈയടി കിട്ടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..