നെടുമ്പാശേരി
ഹജ്ജ് കർമം നിർവഹിച്ച് മടങ്ങിയെത്തിയ ഹാജിമാർ പ്രളയ ദുരന്തത്തിൽപ്പെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാൻ രംഗത്തെത്തി. 2,88,115 രൂപയാണ് ആദ്യ ദിനം നെടുമ്പാശേരിയിലെത്തിയ ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മക്കയിൽ 290, 340, 274, 284, 650 നമ്പർ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന ഹാജിമാർ നൽകിയ തുകയാണിത്. മറ്റ് കെട്ടിടങ്ങളിൽ താമസിച്ചിരുന്ന ഹാജിമാരും ഇത്തരത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള തുക സമാഹരിച്ചിട്ടുണ്ട്. ഇവർ മടങ്ങിയെത്തുമ്പോൾ ഈ തുക കൈമാറുമെന്ന് ഹജ്ജ് വളന്റിയറും സംസ്ഥാന കോ ‐ ഓർഡിനേറ്ററുമായ എൻ പി ഷാജഹാൻ അറിയിച്ചു. ഹാജിമാർ 40 ദിവസത്തോളം മക്കയിലും മദീനയിലുമായി കഴിയുന്ന അവസരത്തിൽ ആഹാരത്തിനും മറ്റുമായി നൽകിയിരുന്ന തുകയിൽനിന്നു മിച്ചംവച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള പണം കണ്ടെത്തിയത്.
ഹാജിമാരെ സഹായിക്കുന്നതിനായി യാത്രതിരിച്ചിരുന്ന 58 വളന്റിയർമാർക്ക് നിത്യ ചെലവിനായി നൽകിയിരുന്ന തുകയിൽനിന്നു സമാഹരിച്ച 5800 റിയാലും ഇതിൽ ഉൾപ്പെടും. ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി തുക സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയെ ഏൽപ്പിച്ചു.