20 January Wednesday

കലികയറി കടൽ; ആശങ്കയോടെ തീരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


കൊച്ചി
കാലവർഷം കനത്തതോടെ തീരദേശത്ത്‌ കടലാക്രമണംരൂക്ഷം. ചെല്ലാനം  കമ്പനിപ്പടിയിലും വേളാങ്കണ്ണി ബസാറിലും മറുവക്കാട‌് പള്ളിക്ക‌് സമീപവും കടൽ കയറി. വേലിയേറ്റത്തിന്റെ ഭാഗമായി പകൽ രണ്ടുമുതൽ കൂറ്റൻ തിരമാലകളാണ‌് ആഞ്ഞടിക്കുന്നത‌്. കടൽ ഭിത്തി ദുർബലമായ ഇടങ്ങളിൽ തിരമാലകൾ ആർത്തലച്ച‌് കരയിലേക്ക‌് കയറി പതഞ്ഞൊഴുകുകയാണ‌്. വൈകിട്ട‌് ആറോടുകൂടി കടൽ കയറ്റം രൂക്ഷമാകും. രാത്രി പത്തുവരെ ഇത‌് തുടരുകയാണ‌് പതിവ‌്. ശനിയാഴ‌്ച ആരംഭിച്ച കടൽകയറ്റത്തിന‌് ശമനമില്ലെന്ന‌് നാട്ടുകാർ പറഞ്ഞു.

തിരമാലകൾ ആഞ്ഞടിച്ച‌് മിക്ക വീടുകളിലും മണ്ണുമൂടി. വീട്ടുസാധനങ്ങൾ ഉപേക്ഷിച്ചാണ‌് പലരും ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത‌്. പ്രദേശത്തെ വീടുക‌ളിലെ ടോയ‌്‌ലറ്റുകൾ ഉപയോഗ ശൂന്യമായി. കിണറുകളും മണൽമൂടി അടഞ്ഞു. സമീപത്തെ മരങ്ങളുടെ വേരുകൾ തെളിഞ്ഞ‌് അപകട ഭീഷണി ഉയർത്തുന്നുണ്ട‌്. ഏതുസമയവും ഇവ കടപുഴകാം. വൈദ്യുത പോസ‌്റ്റുകളും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ‌്. പകൽ നന്നാക്കുന്ന വൈദ്യുതി രാത്രിയിൽ മരംവീണും മറ്റും തകരാറിലാകുന്നതും പതിവാണ‌്. 

ചെല്ലാനത്ത‌് ഏകദേശം ഒന്നര കിലോമീറ്ററിലധികം പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങളാണ‌് കടലാക്രമണത്തിന്റെ രൂക്ഷതയിൽ ബുദ്ധിമുട്ടനുഭവിക്കുന്നത‌്. കാനയിലൂടെ കരകവിയുന്നതിനാൽ മാലിന്യം നിറഞ്ഞ‌് പരിസരം ദുർഗന്ധ പൂരിതമാകുകയാണ‌്. മണൽ ചാക്കുകൾവച്ച‌് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കടൽവെള്ളം അതും കവിഞ്ഞൊഴുകുകയാണ‌്. വാഹനങ്ങൾ മിക്കതും ഉപ്പുവെള്ളം കയറി നശിച്ചു. കടൽകയറ്റം രൂക്ഷമായ ശനിയാഴ‌്ചതന്നെ ചെല്ലാനം സെന്റ‌് മേരീസ‌് ഹൈസ‌്കൂളിൽ ക്യാമ്പ‌് തുറന്നിരുന്നു. വീട‌് ഉപേക്ഷിച്ച‌് പലരും വരാൻ തയ്യാറാകുന്നില്ല.

കടൽകയറ്റം രൂക്ഷമായ സ്ഥലങ്ങളിൽ കലക‌്ടർ മുഹമ്മദ‌് വൈ സഫീറുള്ള സന്ദർശനം നടത്തി. കടൽ കയറുന്നതിന‌് ശാശ്വത പരിഹാരം ആവശ്യപ്പെട്ട‌് നാട്ടുകാർ കലക‌്ടറെ ഉപരോധിച്ചു. എത്രയുംവേഗം ജിയോ ബ്യാഗ‌് നിറച്ച‌് കടൽവെള്ളം കയറുന്നത‌് തടയാൻ കലക‌്ടർ നിർദേശം നൽകിയിട്ടുണ്ട‌്. ഇറിഗേഷൻ ഡിപ്പാർട്ട‌്മെന്റിന്റെ നേതൃത്വത്തിൽ ജിയോ ബാഗുകൾ നിറയ‌്ക്കുന്ന ജോലി പുരോഗമിക്കുന്നു. കനാലുകൾ ചെളിവന്ന‌് നിറഞ്ഞതും പ്രതികൂലമായി ബാധിച്ചിട്ടുണ്ട‌്. വിജയം കനാലിലും ഉപ്പത്തക്കാട‌് തോട്ടിലും അടിഞ്ഞ എക്കൽ നീക്കിയാൽ ഒരു പരിധിവരെ കടലിൽനിന്ന‌് കയറുന്ന വെള്ളം ഒഴുകിപ്പോകുമെന്ന‌് നാട്ടുകാർ പറയുന്നു.

ആശങ്കയോടെ തീരം
കൊച്ചി
‘കടൽ കയറി നാശമായ വീട‌് പുലർച്ചെ എഴുന്നേറ്റ‌് വൃത്തിയാക്കിയാണ‌് തോപ്പുപടിയിൽ ജോലിക്ക‌് പോയത‌്. വൈകിട്ട‌് നാലിന‌് തിരച്ചെത്തുമ്പോൾ ആശങ്കയാണ‌്. എന്താവും അവസ്ഥ അറിയില്ല.’ ചെല്ലാനം ബസാറിൽ താമസക്കാരിയായ ‌എഴുപതുകാരി ചിന്നമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ശനിയാഴ‌്ച മുതൽ ചിന്നമ്മയ‌്ക്ക‌് ഉറക്കമില്ല. കടൽ കയറിവന്നാൽ വീട്ടിലുള്ളവരുടെയും വീട്ടു സാധനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണം. ഒരു വർഷം മുമ്പ‌ുവച്ച വീടിന്റെ അടി തുരന്ന‌് കടലെടുത്തുമെന്ന ഭയം ചിന്നമ്മയുടെ മുഖത്തുണ്ട‌്.

കമ്പനിപ്പടി മുരിക്കിൻതറ ആന്റണിയും സഹോദരൻ കുഞ്ഞപ്പന്റെയും അവസ്ഥ ഇതുതന്നെ.‌ മച്ചിങ്ങൽ ആന്റണി വീട‌് വച്ചിട്ട‌് ഒരു വർഷമെ ആയുള്ളു. വീടിന്റെ പുറത്ത‌് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും ടോയ‌്‌ലറ്റും കടലെടുത്തു. വീടിന്റെ പുറം മുഴുവൻ മണ്ണ‌ുകയറി നിറഞ്ഞു. വീട്ടുസാധനങ്ങളും നശിച്ചു. പ്രഗദശത്ത‌്  സംസ‌്കാര ശുശ്രുഷകൾ നടത്താനാകാതെ മൃതദേഹം ബന്ധുവീട്ടിലേക്ക‌് മാറ്റേണ്ട അവസ്ഥയും നാട്ടുകാർക്ക‌് ഉണ്ടായി. കുരിശുങ്കൽ വറുതക്കുട്ടി മൈക്കിളിന്റെ (68) മൃതദേഹമാണ‌് സ്വന്തം വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന‌് ബന്ധുവീട്ടീലേക്ക‌് മാറ്റിയത‌്.

ദുരിതാശ്വാസം ഉറപ്പാക്കും
വൈപ്പിൻ
കടലാക്രമണം രൂക്ഷമായ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്, ശുദ്ധജലം എന്നിവ സജ്ജമാക്കുമെന്നും സർക്കാർ ഉറപ്പുനൽകി. എസ് ശർമ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ഇക്കാര്യം വ്യക്തമാക്കിയത്.
വൈപ്പിൻ നിയോജക മണ്ഡലത്തിലെ നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിൽ തീരപ്രദേശത്ത് പ്രകൃതിക്ഷോഭത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് എസ് ശർമ അറിയിച്ചു. കടലിൽനിന്ന‌് അടിച്ചുകയറിയ മണ്ണ് നീക്കം ചെയ്യുന്നതിനും കടലാക്രമണം നേരിടുന്നതിനുമുള്ള സംവിധാനമൊരുക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

കാലവർഷവും ട്രോളിങ് നിരോധവും തീരദേശത്തെയും ഉൾനാടൻ മേഖലയെയും ഒരുപോലെ ദുരിതത്തിലാഴ‌്ത്തിയിരിക്കുകയാണ്. ഇക്കാര്യം പരിഗണിച്ച് സൗജന്യറേഷൻ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.

പ്രളയബാധിത മേഖലയായ കടമക്കുടി പഞ്ചായത്തിലെ പുതുശേരിപ്പാലം അപകടത്തിലായിരിക്കുകയാണെന്നും ഗതാഗതം നിർത്തിവച്ചിരിക്കുകയാണെന്നും എംഎൽഎ സഭയെ അറിയിച്ചു. ദ്വീപസമൂഹങ്ങൾ ചേർന്ന പഞ്ചായത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനെയും ആയുർവേദ ആശുപത്രിയെയും ആശ്രയിക്കുന്നവർക്ക് എത്തിച്ചേരുന്നതിനായി ബദൽ സംവിധാനം ഒരുക്കുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുൾപ്പെടുത്തി ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രി വ്യക്തമാക്കി. ചെല്ലാനം കടപ്പുറത്തെ സ്ഥിതിവിശേഷം അതീവ ഗുരുതരമാണെന്നും ജനജീവിതം ദുസ്സഹമാണെന്നും  എംഎൽഎ നിയമസഭയെ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി  വിദഗ്ധസംഘത്തെ നിയോഗിക്കണമെന്നും  എസ് ശർമ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top