24 January Friday

ഫ്ലാറ്റുകൾ വീണിടത്ത്‌ കണ്ടലോ കോൺക്രീറ്റ്‌ കാടോ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ഫ്ലാറ്റുകൾ പൊളിച്ചതിനെത്തുടർന്ന്‌ വീടുകളിലും പരിസരത്തും അടിഞ്ഞുകൂടിയ പൊടി നീക്കണമെന്നാവശ്യപ്പെട്ട്‌ പ്രദേശവാസികൾ മരട്‌ നഗരസഭാ ചെയർപേഴ്‌സൺ ടി എച്ച്‌ നദീറയെ ഉപരോധിക്കുന്നു


കൊച്ചി
മരടിൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയ ഭൂമിയിൽ ഇനിയെന്ത്‌ എന്നതു സംബന്ധിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങൾ. 2019ലെ തീരദേശ നിയന്ത്രണ നിയമ ഭേദഗതിപ്രകാരം മരട്‌ നഗരസഭാപ്രദേശം രണ്ടാം വിഭാഗത്തിലേക്ക്‌ മാറിയ സാഹചര്യത്തിൽ നാല്‌ ഫ്ലാറ്റുകൾക്കും കൂടിയുണ്ടായിരുന്ന നാലേക്കറോളം സ്ഥലത്ത്‌ വീണ്ടും കെട്ടിടം കെട്ടിപ്പൊക്കാമെന്നാണ്‌ ഒരുപക്ഷം. നിയമപ്രകാരം വിഭാഗം മാറിയെങ്കിലും പരിസ്ഥിതിലോല പ്രദേശം തന്നെയായതിനാൽ കണ്ടൽ പാർക്കാക്കി സ്ഥലം സംരക്ഷിക്കണമെന്ന ശുപാർശയാണ്‌ ചെന്നൈ ഐഐടി സമർപ്പിച്ചത്‌. ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾക്ക്‌ കൈമാറിയ ഭൂമി തിരികെ ലഭിച്ചശേഷം യുക്തമായ തീരുമാനമെടുക്കുമെന്ന്‌ മരട്‌ നഗരസഭാ സെക്രട്ടറി പറഞ്ഞു.

കുണ്ടന്നൂരിലെ ഹൊളിഫെയ്‌ത്ത്‌ എച്ച്‌2ഒ എന്ന 19 നില കെട്ടിടം നിർമിച്ചത്‌ കായൽതീരത്തെ 1.05 ഏക്കർ സ്ഥലത്താണ്‌. ആൽഫ സെറീനിന്റെ ഇരട്ട ടവറുകൾ ഒന്നരയേക്കറിലും ജെയിൻ കോറൽ കോവിന്റെത്‌ 1.30 ഏക്കറിലുമായിരുന്നു. തീരസംരക്ഷണ നിയമലംഘനം ആദ്യം കണ്ടെത്തിയ ചമ്പക്കര കനാൽ തീരത്തെ ഗോൾഡൻ കായലോരത്തിന്റെ 16 നില ഫ്ലാറ്റ്‌  40 സെന്റിലായിരുന്നു. നാല്‌ ഫ്ലാറ്റുകൾക്കും ജലസ്രോതസ്സുകളിൽനിന്നുണ്ടായിരുന്ന കൂടിയ അകലം 14.5 മീറ്ററും കുറഞ്ഞത്‌ ആറ്‌ മീറ്ററും. തീരദേശ നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുംവരെ നിർമാണങ്ങൾക്ക്‌ വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്റർ അകലം പാലിക്കണമായിരുന്നു. 2019ലെ ഭേദഗതിപ്രകാരം മരട്‌ നിർമാണങ്ങൾ അനുവദനീയമായ സിആർഇസഡ്‌ 2 വിഭാഗത്തിലാണ്‌. നിർമാണങ്ങൾക്ക്‌  വേലിയേറ്റരേഖയിൽനിന്ന്‌ 20 മീറ്റർ അകലം മതിയാകും. എന്നാൽ ചട്ടങ്ങൾ ഇനിയും ആയിട്ടില്ല. നിലവിലെ ഭേദഗതിപ്രകാരം മുമ്പുള്ളതിലും 30 മീറ്റർ അകലം കുറച്ചിട്ടുണ്ടെങ്കിലും പൊളിച്ച ഫ്ലാറ്റുകൾ അതും പാലിച്ചിരുന്നില്ല. കായലും കനാലും കൈയേറുകയും ചെയ്‌തിരുന്നു.

നിലവിലെ നിയമപ്രകാരമുള്ള 20 മീറ്റർ അകലം പാലിച്ച്‌ നിർമാണം നടത്താൻ ഇപ്പോൾ പൊളിച്ച എല്ലാ സ്ഥലത്തും കഴിയില്ല. നിർമാണത്തിനുള്ള സ്ഥലമുണ്ടാകില്ലെന്നതാണ്‌ കാരണം. ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങളും ഉയർന്നിട്ടുണ്ട്‌. ഭൂമിയുടെ ഉടമസ്ഥത ബിൽഡർ വീതിച്ചു നൽകിയിട്ടില്ല. അവകാശം സ്ഥാപിച്ചെടുക്കാൻ നടപടികൾ സ്വീകരിക്കേണ്ടിവരും. ഫ്ലാറ്റ്‌ വിട്ടുപോയവർക്ക്‌ ബിൽഡറിൽനിന്ന്‌ നഷ്‌ടപരിഹാരം ഈടാക്കി നൽകാൻ കോടതി നിർദേശമുണ്ട്. 20 കോടി രൂപ ഈടാക്കിയിട്ടുമുണ്ട്‌. ഭൂമിയിൽ ബിൽഡർ ഉടമസ്ഥാവകാശം ഉന്നയിക്കാനുള്ള സാധ്യതയുണ്ട്‌.

സുപ്രീംകോടതി നിർദേശപ്രകാരം ഒഴിപ്പിച്ച ഭൂമിയിൽ എന്തുചെയ്യണമെന്ന്‌  കോടതിതന്നെ നിർദേശിക്കാനും സാധ്യതയുമുണ്ട്‌. സെപ്‌തംബറിൽ ചെന്നൈ ഐഐടി സമർപ്പിച്ച പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിലാണ്‌ പ്രദേശം കണ്ടൽ വനമാക്കണമെന്ന ശുപാർശയുള്ളത്‌. മരടിലെ മലിനീകരണ ഭീഷണിയാണ്‌ കാരണമായി ചൂണ്ടിക്കാണിച്ചത്‌. വീഴ്‌ചകളിൽനിന്ന്‌ എന്തു പഠിച്ചെന്നറിയാൻ ഫ്ലാറ്റുകളുടെ അവസാന അവശിഷ്‌ടവും നീക്കുംവരെ കാത്തിരിക്കേണ്ടിവരും.


പ്രധാന വാർത്തകൾ
 Top