17 February Sunday

പാലാരിവട്ടം മേല്‍പ്പാലം : കുരുക്ക് നീക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 12, 2016


കൊച്ചി > വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പാലാരിവട്ടം മേല്‍പ്പാലം ബുധനാഴ്ച തുറക്കും. രാവിലെ 10ന് പാലാരിവട്ടത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലം നാടിനു സമര്‍പ്പിക്കും. ഇതോടെ, നഗരം നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരമാകും. ഇതനുസരിച്ചുള്ള ഗതാഗത ക്രമീകരണങ്ങള്‍ക്ക് ഉടന്‍ അന്തിമ രൂപമാകുമെന്ന് അധികൃതര്‍ പറഞ്ഞു.

സ്ഥലം ഏറ്റെടുപ്പും നിര്‍മാണവും ഉള്‍പ്പെടെ 72.6 കോടി രൂപയുടേതാണ് പദ്ധതി.  620 മീറ്റര്‍ നീളമാണ് പാലത്തിന്. ദേശീയ പാതയില്‍ സ്പൈസസ് ബോര്‍ഡ് ഓഫീസിനു സമീപത്തുനിന്ന് തുടങ്ങി എസ്ബിഐക്കു മുന്നില്‍ അവസാനിക്കുന്ന രീതിയിലാണ് മേല്‍പ്പാലം. സര്‍ക്കാരിന്റെ 'സ്പീഡ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014ല്‍ ആണ് പാലം നിര്‍മാണം ആരംഭിച്ചത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. 2014ല്‍  തുടങ്ങിയ മേല്‍പ്പാലം നിര്‍മാണത്തിന്  അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവംമൂലം പലതവണ തടസ്സം നേരിട്ടു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പലതവണ  'ഉദ്ഘാടന തീയതി' പ്രഖ്യാപിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയായില്ല. എന്തുവന്നാലും 2016 ഫെബ്രുവരി 20ന് തുറക്കുമെന്ന് ഇബ്രാഹിംകുഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചെങ്കിലും പാലത്തിന്റെ മധ്യഭാഗം പൂര്‍ത്തിയായില്ല. സെന്‍ട്രല്‍ ഗര്‍ഡര്‍ പൂര്‍ത്തിയാകാന്‍ താമസം നേരിട്ടതായിരുന്നു ഇതിന് കാരണം.

ഇതിനിടെ സര്‍ക്കാര്‍ ബില്ലുകള്‍ മാറി നല്‍കാത്തതിനാല്‍ പാലത്തിന്റെ നിര്‍മാണം തടസ്സപ്പെട്ട വിവരങ്ങളും പുറത്തുവന്നു. കരാറുകാരനെ പഴിചാരി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിച്ചതും പൊളിഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം ഉള്‍പ്പെടെ പദ്ധതികളില്‍നിന്നായി 50 ലക്ഷം രൂപയോളം കുടിശ്ശിക ലഭിക്കാനുണ്ടെന്നും ഇതുമൂലമുള്ള പ്രതിസന്ധിയാണ് നിര്‍മാണം തടസ്സപ്പെടാന്‍ കാരണമെന്നും കരാറുകാര്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് പാലം നിര്‍മാണത്തിന് വേഗമേറിയത്. ഇടപ്പള്ളി മേല്‍പ്പാലത്തിനൊപ്പം പാലാരിവട്ടം മേല്‍പ്പാലവും തുറക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കനത്ത മഴമൂലം ടാറിങ് ഉള്‍പ്പെടെയുള്ള ചില ജോലികള്‍ക്ക് തടസ്സം നേരിട്ടത് പ്രശ്നമായി. ടാറിങ്ങിനൊപ്പം പാലത്തില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

ഇടപ്പള്ളി മേല്‍പ്പാലം സെപ്തംബറിലാണ് ഗതാഗതത്തിന് തുറന്നത്.  95 കോടിയാണ് നിര്‍മാണച്ചെലവ്. ഇതില്‍ 60 കോടിയും സ്ഥലം ഏറ്റെടുപ്പിനാണ് മുടക്കിയത്. 15 മീറ്ററാണ് പാലത്തിന്റെ വീതി. രണ്ടു വശങ്ങളിലായി നാലുവരിയുണ്ട്. നീളം 480 മീറ്ററാണ്.

പാലാരിവട്ടത്ത് വീണ്ടും സിഗ്നല്‍ സംവിധാനം
കൊച്ചി > മേല്‍പ്പാലം തുറക്കുന്നതോടെ പാലാരിവട്ടത്തുനിന്ന് കാക്കനാട് ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗത സംവിധാനം പുനഃക്രമീകരിക്കും. നേരത്തെ ഉണ്ടായിരുന്നതുപോലെ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയുള്ള ഗതാഗത ക്രമീകരണമാണ് ഉദ്ദേശിക്കുന്നതെന്ന് സിറ്റി ട്രാഫിക് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച ഉദ്ഘാടനത്തിനുശേഷം ഇത്  പരീക്ഷിക്കും. കാര്യക്ഷമമെന്ന് കണ്ടാല്‍  തുടരും.

യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവംമൂലം പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരുന്നു. പാലത്തിനു ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം. ഇതുമൂലം  റോഡ് ഇടുങ്ങിയതിനാല്‍ വാഹനങ്ങള്‍ക്ക് ഇവിടെ സുഗമമായി കടന്നു പോകാന്‍ കഴിഞ്ഞില്ല. നാലുഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് 'ഫ്രീലെഫ്റ്റ്' എടുത്ത് പോകാനും തടസ്സമായി.

ഇതേത്തുടര്‍ന്നാണ് ഇവിടെ ട്രാഫിക് അധികൃതര്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലാരിവട്ടത്തുനിന്ന് കാക്കനാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ സിഗ്നല്‍ ഒഴിവാക്കി ജങ്ഷനില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് യു ടേണ്‍ എടുത്ത് ഇരുദിശയിലേക്കും പോകുന്ന രീതിയിലുള്ളതായിരുന്നു ക്രമീകരണം.
മേല്‍പ്പാലം ഗതാഗതത്തിനു തുറക്കുന്നതോടെ ഇടപ്പള്ളി ഭാഗത്തുനിന്ന് വൈറ്റിലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ പാലത്തിലൂടെ തടസ്സമില്ലാതെ കടന്നുപോകും. വൈറ്റില, പാലാരിവട്ടം, കാക്കനാട്, ഇടപ്പള്ളി ഭാഗത്തുനിന്ന് ജങ്ഷനിലെത്തി പലദിശകളിലേക്കും തിരിഞ്ഞുപോകേണ്ട വാഹനങ്ങള്‍ക്കുവേണ്ടിയാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.

14 നുശേഷം അന്തിമതീരുമാനം
നഗരത്തില്‍ പുതിയ ഗതാഗത ക്രമീകരണം
കൊച്ചി > പാലാരിവട്ടം മേല്‍പ്പാലം തുറക്കുന്നതോടെ നഗരത്തില്‍ പുതിയ ഗതാഗത ക്രമീകരണം നിലവില്‍ വരും. ഇതു സംബന്ധിച്ച് 14നു ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് സിറ്റി ട്രാഫിക് അധികൃതര്‍ പറഞ്ഞു. പാലം നിലവില്‍ വരുന്നതോടെ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ ദേശീയ പാതയില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ട് ഏറുകയാണ്. ഇതാണ് ഇപ്പോള്‍ അധികൃതര്‍ക്കു മുന്നിലുള്ള പ്രധാന പ്രശ്നം. പരിഹാര നടപടികള്‍ അധികൃതര്‍ പരിഗണിച്ചു വരികയാണ്.

പാലാരിവട്ടം മേല്‍പ്പാലം തുറക്കുന്നതോടെ ഇടപ്പള്ളി ഭാഗത്തു നിന്ന് വാഹനങ്ങള്‍ അതിവേഗം വൈറ്റിലയിലേക്ക് എത്തും. ഇതു കണക്കിലെടുത്ത് അധികൃതര്‍ രണ്ടു മാസം മുന്‍പ് ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജങ്ഷനിലെ സിഗ്നല്‍ ഒഴിവാക്കി, ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 'യു ടേണ്‍' ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ക്രമീകരണമാണ് നടപ്പാക്കിയത്. ഇതോടെ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി.

എന്നാല്‍ പുതിയ ക്രമീകരണത്തെപ്പറ്റി തദ്ദേശീയരില്‍ നിന്ന് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നു. ദേശീയപാത മുറിച്ചു കടക്കാന്‍ സൌകര്യമില്ലെന്നതായിരുന്നു പ്രധാന പരാതി. ജങ്ഷനില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി വാഹനമിടിച്ച് മരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ട്രാഫിക് പൊലീസ് അധികൃതര്‍ ജങ്ഷനില്‍ കാല്‍നടക്കാര്‍ക്ക് റോഡ് കുറുകെ കടക്കാനായി സിഗ്നല്‍ സ്ഥാപിച്ചു. എന്നാല്‍ സിഗ്നലിന് ദൈര്‍ഘ്യം പോരെന്ന പരാതി ഉയര്‍ന്നതിനാല്‍ ഇത് 30 സെക്കന്‍ഡ് കൂടി ദീര്‍ഘിപ്പിച്ചു നല്‍കി.  വൈറ്റില പവര്‍ ഹൌസിനു സമീപത്തും സിഗ്നല്‍ സ്ഥാപിക്കാനും സീബ്രാ ലൈനിലൂടെ ജനങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കാനും നടപടി സ്വീകരിച്ചു. സീബ്രാ ലൈന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ റോഡിനു മധ്യത്തില്‍ ബാരിക്കേഡ് സ്ഥാപിക്കാനും തീരുമാനിച്ചു. സീബ്രാ ലൈനിലൂടെയല്ലാതെ റോഡ് മുറിച്ചു കടക്കുമ്പോഴുള്ള അപകടം ഒഴിവാക്കാനായിരുന്നു ഇത്.  കാല്‍നട യാത്രക്കാരുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഫുട് ഓവര്‍ബ്രിഡ്ജ്, അടിപ്പാതകള്‍ തുടങ്ങിയവ ദേശീയപാതയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിര്‍മിക്കണം. ഇതിനുള്ള നിര്‍ദേശങ്ങളും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.   

വൈറ്റില ജങ്ഷനില്‍ വീണ്ടും സിഗ്നല്‍ ഏര്‍പ്പെടുത്തിയുള്ള സംവിധാനം ഇനി ഒരു കാരണവശാലും പരിഗണിക്കാനാവില്ല. ഇടപ്പള്ളി, പാലാരിവട്ടം മേല്‍പ്പാലങ്ങളിലൂടെ വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ സിഗ്നലില്‍ കുടുങ്ങിയാല്‍ അത് നഗരത്തില്‍ ഗതാഗതം സ്തംഭിക്കുന്നതിന് ഇടയാക്കും. ജങ്ഷനിലുണ്ടാകുന്ന ഗതാഗത സ്തംഭനം ഇടറോഡുകളിലേക്കും അവിടെ നിന്ന് നഗരം മുഴുവനും ബാധിക്കും.  

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top