14 October Monday

സീപോർട്ട്‌ എയർപോർട്ട്‌ റോഡ് ; വീതികൂട്ടിയ ഭാഗത്ത്‌ 
അനധികൃത പാർക്കിങ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


കൊച്ചി
സീപോർട്ട്–-എയർപോർട്ട്‌ റോഡിൽ കോൺക്രീറ്റ്‌ കട്ട വിരിച്ച്‌ വീതികൂട്ടിയ ഭാഗം എണ്ണ ടാങ്കറുകളും കണ്ടെയ്‌നർ ലോറികളും അനധികൃത പാർക്കിങ്ങിന്‌ ഉപയോഗിക്കുന്നതുമൂലം അപകടം വർധിക്കുന്നു. ഇരുമ്പനം പുതിയ റോഡുമുതൽ മനക്കപ്പടിവരെ പാതയോരത്താണ്‌ ടാങ്കറുകൾ ഉൾപ്പെടെ ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിങ്‌. ഇനിയും നാലുവരിയാക്കാത്ത റോഡിന്റെ ഈ ഭാഗത്ത്‌ തിരക്ക്‌ പരിഗണിച്ചാണ്‌ അടുത്തിടെ കോൺക്രീറ്റ്‌ കട്ട വിരിച്ച്‌ രണ്ടു മീറ്ററോളം വീതി കൂട്ടിയത്‌.

ഇരുമ്പനത്ത്‌ സീപോർട്ട്‌–-എയർപോർട്ട്‌ റോഡിനോടുചേർന്നാണ്‌ ബിപിസിഎൽ, ഐഒസിഎൽ, എച്ച്‌പിസി കമ്പനികളുടെ എണ്ണസംഭരണികൾ പ്രവർത്തിക്കുന്നത്‌. ഇവിടേക്ക്‌ നൂറുകണക്കിന്‌ ടാങ്കറുകളാണ്‌ ദിവസവും വന്നുപോകുന്നത്‌. കമ്പനികൾ ആവശ്യത്തിന്‌ പാർക്കിങ് സൗകര്യം ഏർപ്പെടുത്താത്തതിനാൽ ലോഡ്‌ എടുക്കാൻ വരുന്ന ലോറികൾ കാത്തുകിടക്കുന്നതും ലോഡ്‌ കയറ്റിയ ലോറികളിലെ തൊഴിലാളികൾ വിശ്രമിക്കുന്നതും സീപോർട്ട്‌ റോഡിന്‌ ഇരുപുറവും വാഹനം നിർത്തിയിട്ടാണ്‌. കളമശേരിമുതൽ ഇരുമ്പനം കരിങ്ങാച്ചിറവരെയുള്ള സീപോർട്ട്‌ റോഡിന്റെ ചിത്രപ്പുഴ പാലംമുതൽ ഇരുമ്പനം പുതിയ റോഡുവരെയുള്ള ഭാഗം ഇപ്പോഴും രണ്ടുവരിപ്പാതയാണ്‌. ഈ ഭാഗത്ത്‌ ടാങ്കറുകളും മറ്റു ഭാരവാഹനങ്ങളും നിർത്തിയിടുന്നത്‌ പതിവായപ്പോൾ റോഡിന്‌ ഇരുപുറവും കോൺക്രീറ്റ്‌ കുറ്റികൾ സ്ഥാപിച്ചു. തുടർന്നാണ്‌ റോഡിന്‌ രണ്ടു മീറ്ററോളം വീതി കൂടുംവിധം കോൺക്രീറ്റ്‌ കട്ട വിരിച്ചത്‌. ഗതാഗതം സുഗമമാക്കാനാണ്‌ വീതി കൂട്ടിയതെങ്കിലും ഈ ഭാഗം പാർക്കിങ്ങിന്‌ ഉപയോഗിച്ചുതുടങ്ങിയതോടെ അപകടങ്ങൾ തുടർക്കഥയായി.

വിഷയത്തിൽ പൊലീസ്‌ നടപടിയെടുക്കുന്നില്ലെന്ന്‌ നാട്ടുകാർ പരാതിപ്പെട്ടു. ചില വാഹനങ്ങൾ റോഡരികിൽ ദിവസങ്ങളോളം പാർക്ക്‌ ചെയ്യുന്നു. ഇടറോഡുകളിലേക്ക്‌ തിരിയുന്ന ഭാഗത്തുപോലും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ ആശങ്കയോടെയാണ്‌ ഇതുവഴി യാത്രചെയ്യുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top