25 September Friday

തേവര–-പേരണ്ടൂർ കനാൽ ശുചീകരണത്തിലെ ക്രമക്കേട്‌ അന്വേഷിക്കണമെന്ന്‌ ഹർജി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020


കൊച്ചി
തേവര–-പേരണ്ടൂർ കനാലിൽനിന്ന് ചെളി മാറ്റുന്നതിന്‌ കൊച്ചി നഗരസഭ നടത്തുന്ന പ്രവൃത്തിയിൽ ക്രമക്കേട് നടന്നെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മഴക്കാലത്തിനുമുമ്പുള്ള ശുചീകരണത്തിനും കാനകൾ നന്നാക്കുന്നതിനുമായി  കോർപറേഷൻ 39.66 കോടി ചെലവഴിച്ചിട്ടും ഉദ്ദേശിച്ച ഫലം ഉണ്ടായിട്ടില്ലെന്നും സർക്കാർ ഏജൻസി ഇക്കാര്യവും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി പരിഗണിക്കുന്ന കേസുകളിലൊന്നിലെ ഹർജിക്കാരിയായ കെ ജെ തെരേസയുടേതാണ്‌ ഉപഹർജി. കനാൽ പുനരുദ്ധാരണം വേഗത്തിൽ പൂർത്തിയാകുന്നുണ്ടെന്നും 50 ശതമാനം പ്രവൃത്തികൾ പൂർത്തിയായെന്നും കോർപറേഷൻ സൂപ്രണ്ടിങ്‌ എൻജിനിയർ കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്‌ അടിസ്ഥാനരഹിതമാണെന്നും ഹർജിയിൽ പറയുന്നു. തേവര–-പേരണ്ടൂർ കനാലിന്റെ പുനരുദ്ധാരണ പദ്ധതിക്ക് 18.5 കോടിയുടെ സാങ്കേതിക അനുമതി പുതുക്കി നൽകി എന്നും എഴു കോടി 14 ലക്ഷം രൂപയുടെ പണി പൂർത്തിയാക്കിയ ബില്ലിൽ അഞ്ച്‌ കോടി മൂന്നു ലക്ഷം രൂപ കരാറുകാരന് നൽകിയതായും കോർപറേഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌. എന്നാൽ ചെലവഴിച്ച പണത്തിനും ചെയ്തുതീർത്ത പണികളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും കനാൽ പുനരുദ്ധാരണ പ്രവൃത്തിയിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും ഉപഹർജിയിൽ ആരോപിക്കുന്നു. 

പേരണ്ടൂർമുതൽ തേവരവരെ 10.5 കിലോമീറ്ററിൽ ചെളി മാറ്റുന്ന പ്രവൃത്തി പൂർത്തിയായതായി കോർപറേഷൻ അവകാശപ്പെടുന്നു. ഏതാണ്ട് 1,79,825 ക്യുബിക് മീറ്റർ ചെളി കുഴിച്ചെടുത്തെന്നും കോരിയെടുത്ത 54,129 ക്യുബിക് മീറ്റർ ചെളി പല സ്ഥലങ്ങളിലായി നിക്ഷേപിച്ചെന്നുമാണ്‌ ഇവരുടെ പക്ഷം. കൊച്ചി നഗരത്തിൽ കനാലുകളിൽനിന്നും കാനകളിൽനിന്നും ചെളി കോരിമാറ്റാൻ അഞ്ച് കോടി 75 ലക്ഷത്തോളം രൂപ 2020ൽ മാത്രം ചെലവഴിച്ചു എന്നാണ്  ഹൈക്കോടതിയെ ബോധിപ്പിച്ചത്. 2019ൽ അഞ്ച് കോടി 88 ലക്ഷം രൂപ ചെളി കോരിമാറ്റാൻ  ചെലവഴിച്ചിട്ടുണ്ടന്നും കോർപറേഷൻ സമർപ്പിച്ച   കണക്കുകളിൽ പറയുന്നു. എന്നാൽ ഇത്ര കാര്യക്ഷമമായി ചെളി മാറ്റിയിട്ടില്ലെന്നാണ്‌ ഹർജിയിലെ ആരോപണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top