21 March Thursday

നാശംവിതച്ച്‌ പെരുമഴ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കൊച്ചി
രണ്ടുദിവസമായി തുടരുന്ന കനത്തമഴയിൽ ദുരിതംപെയ്യുന്നു. നഗരത്തിലടക്കം വെള്ളക്കെട്ട‌് രൂക്ഷമാണ‌്. കാലടിയിൽ വീട‌് തകർന്നു. കുമ്പളങ്ങിയിൽ മരംവീണ‌്‌ വൈദ്യുതി തടസ്സപ്പെട്ടു. ഇടപ്പള്ളിയിൽ മൂന്നു വീടുകളിൽ വെള്ളം കയറി. കൊച്ചി മേയർ സൗമിനി ജെയിനിന്റെ ഡിവിഷനായ ജവഹർനഗറിൽ റോഡിൽ വെള്ളക്കെട്ട‌് രൂക്ഷമായി. വടുതല സമിതി റോഡിൽ നാലു വീടുകളിൽ വെള്ളംകയറി. ഇവരുടെ വാട്ടർടാങ്കുകളിൽ മലിനജലം നിറഞ്ഞ‌് ഉപയോഗശൂന്യമായി. വീടുകൾക്ക‌് സമീപമുള്ള താഴ‌്ന്നപ്രദേശം സ്ഥലമുടമ നികത്താൻ തുടങ്ങിയതോടെ ഇവിടെയുണ്ടായിരുന്ന കൈത്തോട‌് മൂടിപ്പോയതാണ‌് വെള്ളം കെട്ടിനിൽക്കാൻ കാരണം. തോട‌് നിലനിർത്തണമെന്ന‌് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ജില്ലയിലെ പ്രധാന നദികളായ പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ‌് ഉയർന്നുതന്നെ നിൽക്കുകയാണ‌്. നാലു ദിവസത്തിനിടെ ജില്ലയിൽ 7.33 ലക്ഷം രൂപയുടെ കൃഷി നശിച്ചു. വാഴ, റബർ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകളെയും പച്ചക്കറിക്കൃഷിയെയുമാണ് മഴ സാരമായി ബാധിച്ചത്.  മഴയ്ക്ക് ശമനമുണ്ടെങ്കിലും നേരത്തെ നൽകിയ കാലാവസ്ഥാമുന്നറിയിപ്പുകൾ പാലിക്കണമെന്ന് ജില്ലാ അടിയന്തരഘട്ടകാര്യനിർവഹണകേന്ദ്രം അറിയിച്ചു.
നഗരത്തിന്റെ പലഭാഗത്തും കാനനിർമാണത്തിലെ അശാസ‌്ത്രീയതമൂലമാണ‌് വെള്ളക്കെട്ട‌് രൂപപ്പെട്ടത‌്.  ദേശാഭിമാനി ജങ‌്ഷൻ, എംജി റോഡ‌് തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ഓടയിലേക്ക‌് ഒഴുകിയിറങ്ങാൻ സൗകര്യമില്ല. ഇതുമൂലമാണ‌് വെള്ളക്കെട്ട‌് രൂക്ഷമായത‌്. മഴക്കാലത്തിനുമുമ്പേ നഗരസഭ കാനകൾ അറ്റകുറ്റപ്പണി നടത്താത്തതിനെപ്പറ്റി പരാതി ഉയർന്നിരുന്നു. എന്നാൽ, ഇതിന‌് അധികൃതർ പുല്ലുവിലയാണ‌് കൽപ്പിച്ചത‌്. എംജി റോഡിൽ മെട്രോനിർമാണം നടക്കുന്ന പ്രദേശത്തും വെള്ളക്കെട്ടുണ്ട‌്. ഇതു പരിഹരിക്കാനും നഗരസഭയ‌്ക്ക‌് കഴിഞ്ഞിട്ടില്ല.
മഴ രണ്ടുദിവസംകൂടി തുടരുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിനുശേഷം നല്ല രീതിയിലുള്ള കുറവുണ്ടാകും. എന്നാൽ,  സംസ്ഥാനത്തിന്റെ വടക്കൻപ്രദേശങ്ങളിൽ മഴ തുടരും.

സീപോർട്ട‌് എയർപോർട്ട്‌ റോഡിലേക്ക‌് മതിലിടിഞ്ഞ് വീണു
കളമശേരി
കുസാറ്റ് സ്റ്റോപ്പിന് സമീപം സീപോർട്ട് എയർപോർട്ട്  റോഡിലേക്ക് സ്വകാര്യ സ്ഥാപനത്തിന്റെ മതിലിടിഞ്ഞ് വീണു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എച്ച്എംടി റോഡിൽനിന്ന‌് സീപോർട്ട് എയർപോർട്ട് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അമ്പതടിയോളം ഉയരത്തിൽനിന്ന്  മതിൽ ഇടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടത്. രാത്രിയിൽ ആയതിനാൽ അപകടം ഒഴിവായി.
റോഡിന്റെ ഒരു ഭാഗത്ത് ഗതാഗത തടസ്സം നേരിട്ടതിനാൽ കാക്കനാട് ഭാഗത്തേക്കുള്ള റോഡ്  ഭാഗികമായി അടച്ച് രണ്ടുവരി പാതയിലൂടെ ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ഉച്ചയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിലിന്റെ ബാക്കി ഭാഗവും പൊളിച്ച് നീക്കി. മതിലിന്റെ പഴക്കവും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയുമാണ് മതിൽ ഇടിഞ്ഞുവീഴാൻ കാരണം.

മഴ:  25 ഏക്കറിലെ പൊക്കാളി നെൽക്കൃഷി നശിച്ചു
മുളന്തുരുത്തി
തുടർച്ചയായി മഴ പെയ്ത‌് വെള്ളം പൊങ്ങിയതോടെ പൊക്കാളിക്കൃഷി നശിച്ചു. ഉദയംപേരൂർ മാളേകാട് പ്രദേശത്തെ പൊക്കാളിപ്പാടത്തെ 25 ഏക്കറിലെ നെൽക്കൃഷിയാണ‌് നശിച്ചത്.  ജൂൺ ആദ്യവാരം പൊക്കാളി പാടത്തെ നാല് ഏക്കറിലെ കൃഷി നശിച്ചിരുന്നു. ജൂലൈ ആദ്യവാരമാണ് വീണ്ടും 25 ഏക്കറിൽ കൃഷി ആരംഭിച്ചത്.  പൊക്കാളിപ്പാടം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കഴിഞ്ഞ വർഷമാണ് കൃഷി പുനരാരംഭിച്ചത്. രണ്ടുതവണ വിതച്ച  മുഴുവൻ നെല്ലും നശിച്ചതോടെ രണ്ട് ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടമുണ്ടായതായി പൊക്കാളി പാടം സംരക്ഷണസമിതി ഭാരവാഹികളായ പി കെ സുബ്രഹ്മണ്യൻ, കെ സി കുഞ്ഞുമോൻ, കെ എ വിശ്വംഭരൻ എന്നിവർ പറഞ്ഞു.

ഇടപ്പള്ളിയിൽ 3 വീടുകളിൽ വെള്ളം കയറി
വൈറ്റില
 മഴയിൽ ഇടപ്പള്ളിയിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. കൊച്ചി നഗരസഭാ 37﹣ാം ഡിവിഷനിൽ റെയിൽവേ ഗേറ്റിനു സമീപം നടുവിലകത്ത് വീട്ടിൽ മൂസ, ഷാമിൽ, സൻവർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

ഭാര്യ സൈനബയും അസുഖബാധിതനായ മകനും ഭാര്യയും മകളും മകളുടെ മൂന്നുമാസം പ്രായമായ കൈക്കുഞ്ഞുമാണ് ഇപ്പോൾ വീട്ടിലുള്ളത്. ഇവരുമായി എങ്ങോട്ടുപോകും എന്നറിയാതെ പകച്ചിരിക്കുകയാണ് മൂസ.  മൂന്നു മക്കളെ ബന്ധുവീടുകളിലേക്ക‌് മാറ്റി താമസിപ്പിച്ചു. തൊട്ടടുത്ത വീട്ടിലെ ഭിന്നശേഷിക്കാരനും ലോട്ടറിവിൽപ്പനത്തൊഴിലാളിയുമായ ഷാമിലും വീടിനകത്ത‌് വെള്ളം കയറിയതോടെ ദുരിതത്തിലായി. പഴയ റെയിൽവേ ഗേറ്റിന്റെ അടിയിൽ വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച ആറ് ഇഞ്ച് വ്യാസമുള്ള രണ്ട് പൈപ്പും മാലിന്യംനിറഞ്ഞ‌് അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കൗൺസിലർ പി ജി രാധാകൃഷ്ണനോട് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ പണിക്കാരെ കിട്ടാനില്ലെന്നു പറഞ്ഞതായും ആരോപണമുണ്ട്.

മഴ: വീടിന്റെ സംരക്ഷണഭിത്തി തകർന്നു
മൂവാറ്റുപുഴ
കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. പായിപ്ര പഞ്ചായത്ത് അഞ്ചാം വാർഡിൽ മുളവൂർ പള്ളിപ്പടിക്കൽ മൈതീന്റെ വീടിന്റെ മുറ്റത്തോടുചേർന്നുള്ള സംരക്ഷണഭിത്തിയാണ് തകർന്നത്. സമീപത്തുള്ള സഹോദരൻ ഇബ്രാഹിമിന്റെ വീട്ടിലേക്ക‌് ചൊവ്വാഴ്ച രാത്രിയാണ് വൻശബ്ദത്തോടെ ഭിത്തി തകർന്നുവീണത്.  വീടിന്റെ ചുമരിന‌് കേടുപാടുകളുണ്ടായി. ശുചിമുറി  തകർന്നു. വില്ലേജ് അധികൃതർ സ്ഥലത്തെത്തി.

കുന്നിടിച്ചിൽ ഭീതിയിൽ 4 കുടുംബങ്ങൾ
മുളന്തുരുത്തി
 തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ വീടിനുസമീപത്തെ കുന്നിടിയുമോ എന്ന ഭീതിയിലാണ‌് നാലു കുടുംബങ്ങൾ.  മുളന്തുരുത്തി പൈങ്ങാരപ്പിള്ളിയിൽ  നടക്കാവ് ഹൈവേക്ക് സമീപം താമസിക്കുന്ന രാജശേഖരൻ, എൻ ജി ഗിരിജ, പുഷ്പ തേവൻ, കേളൻ സുകുമാരൻ എന്നിവരുടെ വീടുകളാണ‌് കുന്നിനടുത്തുള്ളത‌്. റോഡ് നിരപ്പിൽനിന്ന‌് 60 അടി ഉയരത്തിലാണ് കുന്ന‌്. കഴിഞ്ഞദിവസം ഒരുഭാഗം ഇടിഞ്ഞുവീണ് രാജശേഖരന്റെ തൊഴുത്തും വിറകുപുരയും തകർന്നിരുന്നു. മഴ കനക്കുമ്പോൾ കൂറ്റൻ കല്ലുകളാണ് താഴേക്ക‌് പതിക്കുന്നത്. രാത്രിയായാൽ ഭയംമൂലം ഉറങ്ങാൻപോലും സാധിക്കില്ലെന്ന‌് ഇവർ പറയുന്നു. കുന്നിന്റെ  ഉയരം കുറയ‌്ക്കണമെന്ന് കലക്ടർ ഉൾപ്പെടെ  അധികൃതർക്ക്  കുടുംബങ്ങൾ പരാതി നൽകിയിട്ടുണ്ട്.

കുടമുണ്ട പാലം മുങ്ങി; ഗതാഗതം തടസ്സപ്പെട്ടു
കോതമംഗലം
കനത്തമഴയിൽ കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. മൂന്നു ദിവസമായി തുടരുന്ന  മഴയിൽ തോടുകളും പുഴകളും നിറഞ്ഞു കവിഞ്ഞതോടെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങി. പുഴയോരങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടങ്ങളിലെ താമസക്കാരും താൽക്കാലികമായി മാറിയിരിക്കുകയാണ്. കോതമംഗലം ആറിൽ പരീക്കണ്ണി മുതൽ കോഴിപ്പിള്ളി വരെയുള്ള ഭാഗങ്ങളിലുള്ള മുഴുവൻ ചപ്പാത്തുകളും മുങ്ങിയതോടെ ജനങ്ങൾക്ക് ഇരുകരകളുമായി ബന്ധപ്പെടാനാകുന്നില്ല. കൊച്ചി ധനുഷ‌്കോടി ദേശീയപാതയിലെ കുത്തുകുഴിയിൽനിന്ന‌് അടിവാട് ഭാഗത്തേക്കുള്ള റോഡിലെ കുടമുണ്ട പാലത്തിൽ വെള്ളം കയറിയതോടെ താൽക്കാലിക ഗതാഗത തടസ്സമുണ്ടായി. മഴ ഇനിയും തുടർന്നാൽ ഈ റോഡിലെ ഗതാഗതം പൂർണമായും നിലയ‌്ക്കും.

കുന്നിടിഞ്ഞുവീഴുമെന്ന ഭീതിയിൽ മത്തായിയും കുടുംബവും
കിഴക്കമ്പലം
മഴ കനത്തതോടെ വീടിനുമുകളിലേക്ക് കുന്ന് ഇടിഞ്ഞുവീഴുമെന്ന ഭീതിയിൽ ഒരു കുടുംബം. കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് പാത്തിക്കുളങ്ങര മത്തായിയുടെ വീട്ടിലേക്കാണ്  25 അടിയോളം ഉയരമുള്ള കുന്ന് ഇടിഞ്ഞുവീഴാറായി നിൽക്കുന്നത്. ബുധനാഴ്ചപെയ്ത കനത്ത മഴയിൽ കുന്നിന്റെ കുറച്ചുഭാഗം വീടിന‌് താഴേക്ക് ഇടിഞ്ഞിറങ്ങിയത് വീട്ടുകാരെ ആശങ്കയിലാഴ‌്ത്തി. ഇവിടെ നിരവധിത്തവണ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതായി വീട്ടുകാർ പറഞ്ഞു. താഴ്ന്നപ്രദേശമായതിനാൽ മഴക്കാലത്ത് ഭീതിയോടെയാണ് മത്തായിയും കുടുംബവും കഴിയുന്നത്. കുന്നിന്റെ മുഴുവൻഭാഗവും ഇടിഞ്ഞാൽ വീടുതന്നെ അപകടത്തിലാകുന്ന സ്ഥിതിയാകും. കുന്നിന്റെ ഉയരംകുറച്ച് വീടിനോടുചേർത്ത് മൺഭിത്തി നിർമിച്ചാൽമാത്രമേ ഇതിനു പരിഹാരം കാണാൻ സാധിക്കൂവെന്നാണ് മത്തായി പറയുന്നത്. വരുംദിവസങ്ങളിലും മഴ ശക്തമായാൽ സ്വന്തംവീട്ടിൽ എങ്ങനെ കിടന്നുറങ്ങുമെന്ന ആശങ്കയിലാണ് മത്തായിയും കുടുംബവും. സമീപത്ത് വേറെ വീടുകളൊന്നുമില്ലാത്തതിനാൽ ഒരു അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനുപോലും ആരുമില്ലാത്ത അവസ്ഥയാണ്. ഒറ്റപ്പെട്ട വീടായതിനാൽ  അധികൃതർ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.      

മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കളമശേരി
വല്ലാർപ്പാടം കണ്ടെയ്നർ റോഡിൽ ഏലൂർ പഴയ  ജെഎൻഎം  ആശുപത്രിക്കു സമീപം ചൊവ്വാഴ്ച രാത്രി 7.30 ഓടെ മരം  കടപുഴകി  റോഡിലേക്കു  വീണു.    ഒരുമണിക്കൂറോളം  ഗതാഗത തടസ്സപ്പെട്ടു.  ഏലൂർ അഗ്നിരക്ഷാ നിലയത്തിൽനിന്ന്  സേനാംഗങ്ങളെത്തി മരം മുറിച്ചുമാറ്റി ഗതാഗതതടസ്സം  നീക്കി.   

പ്രധാന വാർത്തകൾ
 Top