03 August Tuesday
3874 കുട്ടികള്‍ക്ക് സ്വന്തമായി ഓണ്‍ലൈന്‍ 
പഠനസൗകര്യമില്ല

എല്ലാവര്‍ക്കും 21നകം
 ഓണ്‍ലൈന്‍ പഠനസൗകര്യം

എ എസ് ജിബിനUpdated: Saturday Jun 12, 2021



കൊച്ചി
ജില്ലയിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് ഈ മാസം 21നകം സൗകര്യമൊരുക്കും. കഴിഞ്ഞവർഷം ജൂൺ പതിമൂന്നോടെ എല്ലാ കുട്ടികൾക്കും സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, ഇത്തവണ പഠനാവശ്യത്തിനുള്ള ഉപകരണങ്ങൾ കേടുവന്നതും ഇന്റർനെറ്റ് കണക്ടിവിറ്റി പ്രശ്നവും തിരിച്ചടിയായി. 

സ്വന്തമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത 3874 കുട്ടികൾ ജില്ലയിലുണ്ട്. ഒന്നുമുതൽ പത്തുവരെ 3352 കുട്ടികൾക്കും ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 459 കുട്ടികൾക്കും വിഎച്ച്എസ്ഇ വിഭാ​ഗത്തിൽ 63 കുട്ടികൾക്കും വീടുകളിൽ ഓൺലൈൻ പഠനസൗകര്യമില്ല.  തുടർപഠന പ്രവർത്തനങ്ങൾക്ക് സൗകര്യമില്ലാത്ത 15,254 കുട്ടികളാണ് ജില്ലയിലുള്ളത്. ഒന്നാം ക്ലാസുമുതൽ പത്തുവരെ 14,252 കുട്ടികൾക്കും ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 868 കുട്ടികൾക്കും വിഎച്ച്എസ്ഇ വിഭാ​ഗത്തിൽ 133 കുട്ടികൾക്കും മൊബൈൽഫോണില്ല.

ഒന്നാംക്ലാസുമുതൽ പത്താംക്ലാസുവരെയുള്ള 906 കുട്ടികളും ഹയർസെക്കൻഡറി വിഭാ​ഗത്തിലെ 87 കുട്ടികളും വിഎച്ച്എസ്ഇ വിഭാ​ഗത്തിലെ 11 കുട്ടികളും പൊതുപഠനകേന്ദ്രങ്ങളെ ആശ്രയിക്കുന്നുണ്ട്. 5687 കുട്ടികൾക്ക് കേബിൾ കണക്‌ഷനും 8600 കുട്ടികൾക്ക് ഇന്റർനെറ്റ് കണക്‌ഷനുമില്ല. കോതമം​ഗലത്തെ ഭൂരിഭാ​ഗം പഞ്ചായത്തുകളിലും നോർത്ത് പറവൂരും കണക്ടിവിറ്റി പ്രശ്നങ്ങൾ രൂക്ഷമാണ്. ഇത് പരിഹരിക്കാൻ, പുതിയ ടവറുകൾ നിർമിക്കാൻ അനുവാദമുള്ളിടത്ത് ഉടൻ സ്ഥാപിക്കാനും നിലവിലുള്ളവയുടെ സി​ഗ്നൽ ശക്തിപ്പെടുത്താനും ഇന്റർനെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് . ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് കെഎസ്ഇബി സൗജന്യമായി വേ​ഗത്തിൽ വൈദ്യുതി നൽകും. അപേക്ഷ നൽകിയാൽ മറ്റുകുട്ടികൾക്കും സേവനം ലഭിക്കും. മുൻവർഷത്തെപ്പോലെ  വായനശാലകൾ പൊതുപഠനകേന്ദ്രമാക്കാൻ ലൈബ്രറി കൗൺസിൽ സമ്മതിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങളിലൂടെ  ഓൺലൈൻ പഠനോപകരണങ്ങൾ ലഭ്യമാക്കും. ഐടി മിഷനും കുടുംബശ്രീയും സാങ്കേതിക സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ട്രൈബൽവകുപ്പിന്റെ പിന്തുണയും ഓൺലൈൻ പഠനത്തിനുണ്ടാകും. കേടായ ഓൺലൈൻ പഠനോപകരണങ്ങൾ നന്നാക്കി നൽകാൻ റിപ്പയറിങ് കടകൾക്ക് ജില്ലാ അധികൃതർ നിർദേശം നൽകി.

ഡിവൈസ് ചലഞ്ച്, ഡാറ്റാ ചലഞ്ച് തുടങ്ങിയ ചലഞ്ചുകളുമായി കുട്ടികൾക്ക് പഠനോപകരണമൊരുക്കാൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ, കെഎസ്ടിഎ തുടങ്ങിയ സംഘടനകളും വ്യക്തികളും രം​ഗത്തുണ്ട്. ഉദയംപേരൂർ പഞ്ചായത്തിൽ 13 വാർഡിലും കടമക്കുടി, കാളമുക്ക് എന്നിവിടങ്ങളിലും കണക്‌ടിവിറ്റി പ്രശ്‌നമുള്ളത്‌ ഉടനടി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top