26 June Wednesday

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടത‌് വിവാദമാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

മുളന്തുരുത്തി
മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി നീക്കംചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലത്ത് കുഴിച്ചിട്ട ചോറ്റാനിക്കര പഞ്ചായത്ത് അധികൃതരുടെ നടപടി വിവാദമാകുന്നു. പ്ലാസ്റ്റിക് മാലിന്യം കുഴിച്ചിടാൻ പാടില്ല എന്ന നിയമത്തെ വെല്ലുവിളിച്ച്  വിവിധ കേന്ദ്രങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് കുഴിച്ചുമൂടിയതിനെതിരെ വ്യാപകപരാതി ഉയർന്നുകഴിഞ്ഞു. സംസ്ഥാന സർക്കാർ നേതൃത്വത്തിൽ നടത്തുന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചോറ്റാനിക്കരയിൽ ശുചീകരണം നടന്നത്.

ചോറ്റാനിക്കര മിനി ബൈപാസിന് സമീപം ജെസിബി ഉപയോഗിച്ച് വലിയ കുഴി എടുത്താണ് മാലിന്യം കുഴിച്ചുമൂടിയത്. പഞ്ചായത്തിൽ മാലിന്യശേഖരണത്തിനോ സംസ്കരണത്തിനോ പദ്ധതികൾ ഇല്ലാത്തതിനാൽ വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ  മാലിന്യങ്ങളടക്കം കുന്നുകൂടി കിടക്കുകയായിരുന്നു. ഇതാണ് ശേഖരിച്ച് പൊതുസ്ഥലത്ത് കുഴിച്ചുമൂടിയിരിക്കുന്നത്.

കുഴിച്ചുമൂടിയ പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം മറ്റു മാലിന്യങ്ങളും ഉള്ളതിനാൽ ചോറ്റാനിക്കര ടൗണിലെ കിണറുകളും ജലസ്രോതസ്സുകളും മലിനമാകുമെന്ന് പറയുന്നു.  പകർച്ചവ്യാധി ഭീഷണിയുമുണ്ട‌്. മാലിന്യ സംസ്കരണത്തിൽ പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട പഞ്ചായത്ത് അധികൃതർ നിയമവിരുദ്ധമായി വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് കുഴിച്ചുമുടിയതിനെതിരെ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


പ്രധാന വാർത്തകൾ
 Top