Deshabhimani

ജില്ലാപഞ്ചായത്ത് വിത്തുതേങ്ങ 
വാങ്ങിയതിലും ക്രമക്കേട്‌ ; 40 ശതമാനവും നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 03:42 AM | 0 min read


കൊച്ചി
ജില്ലാപഞ്ചായത്തിന്റെ സമഗ്ര കാർഷികവികസന പാക്കേജായ കേരഗ്രാമം–-തെങ്ങ്‌ കൃഷി പദ്ധതികൾപ്രകാരം ലഭ്യമാക്കിയ വിത്തുതേങ്ങകളുടെ ശേഖരണത്തിലും ക്രമക്കേട്‌. വിതരണത്തിനായി 27 ലക്ഷം രൂപ ചെവഴിച്ച്‌ വാങ്ങിയ വിത്തുതേങ്ങകളിൽ 10.74 ലക്ഷം രൂപയുടെ വിത്തും നശിച്ചതായി ഓഡിറ്റ്‌ വിഭാഗം കണ്ടെത്തി. കഴിഞ്ഞ ഓഡിറ്റിങ്ങിലും ഇതേ ക്രമക്കേട്‌ കണ്ടെത്തിയതിനെത്തുടർന്ന്‌ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കുറി ശേഖരിച്ച വിത്തുതേങ്ങകളിൽ 40 ശതമാനം നശിച്ചു.  

ആകെ ലഭ്യമാക്കിയ 60,000 വിത്തുതേങ്ങകളിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ രജിസ്‌റ്റർ ചെയ്‌തതിൽ മുളച്ചത്‌ 48,320 എണ്ണംമാത്രം. ഇതിൽ 3185 എണ്ണം മുളച്ചശേഷവും ഉണങ്ങിപ്പോയി. എണ്ണായിരത്തിലേറെ ഉപയോഗിക്കാൻ കഴിയാത്തതുമാണ്‌. ഇതോടെ പണംകൊടുത്ത്‌ ശേഖരിച്ച വിത്തുതേങ്ങകളിൽ 36,141 എണ്ണംമാത്രമാണ്‌ വിൽപ്പനയ്‌ക്ക്‌ വയ്‌ക്കാനായത്‌. ബാക്കി 23,859 വിത്തുതേങ്ങയും വിൽപ്പനയ്‌ക്കുമുന്നേ നശിച്ചു.

കഴിഞ്ഞ ഓഡിറ്റ്‌ കാലത്തും ഉയർന്ന അങ്കുരശേഷി (മുളയ്‌ക്കാനുള്ള ശേഷി) ഉറപ്പാക്കുന്ന വിത്തുതേങ്ങയാണോ വാങ്ങിയത്‌ എന്നതരത്തിലുള്ള ഒരുരേഖയും ഫയലിൽ കണ്ടെത്താനായില്ല. ഇത്‌ ഓഡിറ്റ്‌ വിഭാഗം ചൂണ്ടിക്കാണിച്ചപ്പോൾ, മുളയ്‌ക്കാൻ സാധ്യതയുള്ളവമാത്രം വിതരണംചെയ്യാനാണ്‌ വിത്തുതേങ്ങ നൽകിയ ആർഡി ഫാമിന്‌ നിർദേശം നൽകിയത്‌ എന്നായിരുന്നു മറുപടി. അങ്ങനെ ലഭ്യമാക്കിയ തേങ്ങകളിൽനിന്ന്‌ നേര്യമംഗലം ഫാമിലെ ജീവനക്കാരെ ഉപയോഗിച്ച്‌ അങ്കുരശേഷിയുള്ളതുമാത്രമാണ്‌ വീണ്ടും തെരഞ്ഞെടുത്തതെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടർ മറുപടിയും നൽകി.

നടപടിക്രമങ്ങൾ പാലിച്ച്‌ ഇക്കുറി വിത്തുതേങ്ങ വാങ്ങിയിരുന്നെങ്കിൽ ഇത്രയും വലിയ നഷ്ടം ഉണ്ടാകുമായിരുന്നില്ല. വിത്തുതേങ്ങകൾ ശേഖരിച്ചാൽ സാധാരണ 90 ശതമാനത്തിലധികവും മുളയ്‌ക്കുന്നതാണ്‌. ഗുണനിലവാരമില്ലാത്തവയായതിനാലാണ്‌ ജില്ലാപഞ്ചായത്തിന്‌ വൻ നഷ്ടം ഉണ്ടായതെന്ന്‌ ഓഡിറ്റ്‌ വിഭാഗം കണ്ടെത്തി.
കൃഷിഭവനുകളിൽ മണ്ണുപരിശോധന കാര്യമായി നടത്തിയിട്ടില്ലെന്നും കണ്ടെത്തി. ആകെയുള്ള 32 കൃഷിഭവനുകളിൽ 100 വീതം പരിശോധനകൾ നടത്തണമെന്നിരിക്കേ കറുകുറ്റി കൃഷിഭവനിൽ ഒന്നുപോലും നടത്തിയിട്ടില്ല. ആവോലിയിൽ നാലും മഞ്ഞപ്ര, പായിപ്ര, മരട്‌, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ 10വീതം പരിശോധനകളുമാണ്‌ നടത്തിയത്‌. മറ്റിടങ്ങളിൽ ശരാശരി 25ൽ താഴെയാണ്‌.



deshabhimani section

Related News

0 comments
Sort by

Home