ബാംബൂ ഫെസ്റ്റിൽ ക്രിസ്‌മസ് ആരവം
കൊച്ചി
ക്രിസ്‌മസിനെ വരവേൽക്കാൻ ചൂരലും ചണവുംകൊണ്ട് നിർമിച്ച നക്ഷത്രങ്ങളും വിളക്കുകളുമായി മറൈൻഡ്രൈവിലെ ബാംബൂ ഫെസ്റ്റിവൽ. നക്ഷത്രങ്ങളിൽ ഏറ്റവും ആകർഷണീയം ചണത്തിൽ നിർമിച്ചവയാണ്. ആദ്യദിവസംതന്നെ 10,000 രൂപയ്ക്കുമുകളിലാണ് ഇവയുടെ വിൽപ്പന നടന്നത്. വയനാട് മേപ്പാടിയിൽനിന്നുള്ള ഗ്ലോബൽ ബാംബൂ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് ചണംകൊണ്ടുള്ള നക്ഷത്രമെത്തിച്ചത്. ദിവസം ഒരാൾക്ക് രണ്ടെണ്ണംമാത്രമാണ് നിർമിക്കാൻ കഴിയൂവെന്ന് ജീവനക്കാർ പറയുന്നു. 1000 രൂപയാണ് വില. ജൂട്ടിൽ നിർമിച്ച പൂക്കളും ഇതിനോടൊപ്പമുണ്ട്.
മുളകൊണ്ടുള്ള നക്ഷത്രങ്ങൾ ലഭിക്കുന്ന സ്‌റ്റാളുകളും മേളയിലുണ്ട്. ഓയിൽ പേപ്പറിനും തുണിക്കുമൊപ്പം മുളകൊണ്ട് നിർമിച്ച സ്റ്റാറുകൾക്കും 1000 മുതൽ 3000 രൂപവരെ വില വരും. ചൂരലിന്റെ ക്രിസ്‌മസ് ട്രീക്ക് 250 മുതൽ മുകളിലേക്കാണ് വില. കൂടാതെ ക്രിസ്‌മസിന് ഇണങ്ങുന്ന തരത്തിലുള്ള മണികളും ലാമ്പ് ഷെയ്ഡുകളും ഇവിടെ ലഭ്യമാണ്. മേള 12ന് അവസാനിക്കും. രാവിലെ 10.30 മുതൽ രാത്രി 8.30വരെ പ്രവേശനം സൗജന്യമാണ്.
0 comments