23 March Saturday

അതിഥിത്തൊഴിലാളികൾക്കായി കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ‌്കരിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 11, 2018

റോഷ്‌നി പദ്ധതിയുടെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇതരസംസ്ഥാന വിദ്യാർഥികൾ വരവേൽക്കുന്നു


കൊച്ചി
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്കായി കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ‌്കരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടേക്കു വരുന്ന എല്ലാവരെയും ജാതി, മത പരിഗണനകൾ ഇല്ലാതെ അതിഥികളായാണ‌് പരിഗണിക്കുന്നത‌്. മലയാളികൾ ലോകത്തെവിടെയും പോയി ജോലിയെടുക്കുന്നവരാണ‌്. അതുകൊണ്ട‌് നമുക്ക‌് ഇവിടേക്കു വരുന്നവരുടെ വികാരങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനാകുമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജില്ലാ അധികൃതർ ഇതര സംസ്ഥാന വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ റോഷ‌്നി പദ്ധതിയുടെ മലയാളഭാഷ പരിജ‌്ഞാനരേഖ ‘സമീക്ഷ’ പ്രകാശനവും വെബ‌്സൈറ്റ‌് ഉദ‌്ഘാടനവും നിർവഹിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 40 ലക്ഷത്തോളം അതിഥി തൊഴിലാളികളാണ‌് കേരളത്തിന്റെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നത‌്. ഇവരെ എല്ലാവരെയും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തരത്തിൽ ഇന്ത്യക്കാർ എന്ന നിലയിൽ  പരിഗണിച്ചുള്ള പ്രവർത്തനങ്ങളാണ‌് നടത്തുന്നത‌്. 25,000 രൂപയുടെ ചികിൽസാ സഹായ പദ്ധതി, അപ‌്നാഘർ എന്ന പേരിൽ ഹോസ‌്റ്റൽ രീതിയിലുള്ള താമസ സൗകര്യം, മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 10,000 രൂപയുടെ സഹായം തുടങ്ങിയ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ഇവർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട‌്. ഇവർ ഭാഷയിൽ വളരെ വ്യത്യസ‌്തത പുലർത്തുന്നവരാണ‌്. ഇത‌് പരിഗണിച്ച‌്, ഇവരുടെ കുട്ടികൾക്ക‌് സ‌്കൂൾ പ്രവേശം ഉറപ്പാക്കാനും മലയാളഭാഷ എളുപ്പമാക്കി പഠനനേട്ടം കൈവരിക്കാനും ആവശ്യമായ പിന്തുണയാണ‌് റോഷ‌്നി പദ്ധതി നൽകുന്നത‌്. നാല‌് സ‌്കൂളുകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി. ഇപ്പോൾ 20 സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലായി 2500 കുട്ടികൾ പദ്ധതിക്കു കീഴിലുണ്ട‌്. കേവലം ഭാഷാപഠനത്തിലുപരി നാടിന്റെ സംസ‌്കാരവും അവർക്ക‌് നൽകുന്നു. മലയാളത്തിനൊപ്പം ഹിന്ദി, ബംഗാളി, ഒറിയ തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ള വളന്റിയർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട‌്. വിദ്യാഭ്യാസത്തിനു പുറമെ, ശിൽപ്പശാലകൾ, പഠനയാത്രകൾ തുടങ്ങി സാമൂഹ്യബോധം ഉയർത്താനും പരിശീലനം നൽകുന്നു. രാജ്യത്ത‌് മുഴുവൻ ജനങ്ങളെയും ഒരുപോലെ കാണുന്ന നാടാണ‌് കേരളം. ഇതിനു കാരണം നമ്മുടെ മതനിരപേക്ഷതയാണ‌്. ഇത‌് കാത്തുസൂക്ഷിക്കാൻ ജാഗ്രത കാട്ടണമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് അധ്യക്ഷനായി. മലയാള ഭാഷാ പരിജ‌്ഞാന രേഖ ‘സമീക്ഷ’ സി രവീന്ദ്രനാഥിനു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ‌്തു. വെബ്സൈറ്റ‌് ഉദ‌്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പാർശ്വവൽകൃതമല്ലാത്ത ക്ലാസുകളിൽനിന്ന‌് പാർശ്വവൽകൃതമല്ലാത്ത സമൂഹത്തെ സൃഷ‌്ടിക്കുകയാണ‌് ഉദ്ദേശ്യമെന്ന‌് രവീന്ദ്രനാഥ‌് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഏതെല്ലാം മേഖലകളിൽ പിന്നാക്കാവസ്ഥയുണ്ടോ അതെല്ലാം പരിഹരിക്കുകയാണ‌് ലക്ഷ്യം.

പദ്ധതിക്ക‌് സാമ്പത്തികസഹായം നൽകുന്ന ബിപിസിഎൽ കൊച്ചി റിഫൈനറി എക‌്സിക്യൂട്ടീവ‌് ഡയറക്ടർ പ്രസാദ‌് കെ പണിക്കർ, വെബ‌്സൈറ്റ‌് രൂപകൽപ്പന ചെയ‌്ത ബോണി, പ്രോജക‌്ട‌് ജനറൽ കോ–-ഓർഡിനേറ്റർ സി കെ പ്രകാശ‌്, അക്കാദമിക‌് കോ–-ഓർഡിനേറ്റർ ജയന്തി കുളക്കുന്നത്ത‌് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹൈബി ഈഡൻ എംഎൽഎ, ജില്ലാ കലക‌്ടർ കെ മുഹമ്മദ‌് വൈ സഫീറുള്ള, ജിസിഡിഎ മുൻ ചെയർമാൻ സി എൻ മോഹനൻ, മേയർ സൗമിനി ജെയിൻ, സാഹിത്യകാരൻ സേതു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ എസ‌് കുസുമം തുടങ്ങിയവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top