25 September Friday

നഗരസഭയുടെ പിടിപ്പുകേട്‌ : കരാറുകാരുടെ കുടിശ്ശിക 100 കോടി കവിഞ്ഞു; പദ്ധതികൾ നിലച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


കൊച്ചി
കൊച്ചി നഗരസഭയിലെ കരാറുകാർ അനിശ്ചിതകാലത്തേക്ക്‌ നിർമാണജോലികൾ നിർത്തിവച്ചതോടെ  വികസന പ്രവർത്തനങ്ങൾ സ്‌തംഭിച്ചു.  കോടിക്കണക്കിന്‌ രൂപയുടെ ബില്ലുകൾ മാറിക്കൊടുക്കാത്തതിനെ തുടർന്നാണ്‌ കൊച്ചിൻ കോർപറേഷൻ കോൺട്രാക്ടേഴ്സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ചമുതൽ സമരം ആരംഭിച്ചു‌. 2017 മുതൽ പൂർത്തിയാക്കിയ 35 നിർമാണങ്ങളുടെ 100 കോടിയിലധികം രൂപയുടെ ബില്ലുകളാണ്‌ കുടിശ്ശികയായത്‌. പൂർത്തിയായ ജോലിയുടെ പണം മൂന്നുമാസത്തിനുള്ളിൽ കൊടുക്കണമെന്ന്‌  വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, മൂന്നുവർഷമായിട്ടും കുടിശ്ശിക തീർത്തില്ല. ബില്ലുകൾ ലഭിക്കാതിരിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് വഴങ്ങി കരാറുകാർ പുതിയ പ്രവൃത്തികൾ ഏറ്റെടുത്തിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണ്‌‌ നഗരസഭ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ശ്രമിച്ചത്‌.

2019 ഡിസംബറിലും കരാറുകാർ സമരം നടത്തിയിരുന്നു. അന്ന്‌ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ 10 കോടി രൂപ ബാങ്ക്‌വായ്പ എടുത്ത്‌ നൽകാമെന്ന്‌ അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. എന്നാൽ, ഭീമമായ തുക നിലവിൽ ബാങ്കിൽ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചില്ല. മാസങ്ങൾ കഴിഞ്ഞിട്ടും തുക കിട്ടാതായതോടെയാണ്‌ കരാറുകാർ നിർമാണങ്ങൾ നിർത്താൻ തീരുമാനിച്ചത്‌.

അമ്പതുകോടിയിലധികം രൂപയുടെ പ്രവൃത്തികൾ ഇതോടെ നിലയ്ക്കും. 2019–-20 വർഷത്തെ പൂർത്തിയാകാത്ത നിർമാണങ്ങളും 2020–-21 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച നിർമാണങ്ങളുമാണ്‌ നിലവിൽ നടക്കുന്നത്‌. നഗരസഭയുടെ കാലാവധി അവസാനിക്കാനിരിക്കെ നിർമാണത്തിലിരിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ്‌ കൗൺസിലർമാരും. എന്നാൽ, കരാറുകാർ സമരം ആരംഭിച്ചതോടെ പദ്ധതികളെല്ലാം പ്രതിസന്ധിയിലായി. നഗരസഭ അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ എൺപതോളം കരാറുകാർ പട്ടിണിയിലാകുമെന്ന്‌ കൊച്ചിൻ കോർപറേഷൻ കോൺട്രാക്ടേഴ്സ്‌ അസോസിയേഷൻ സെക്രട്ടറി കെ എ ഡേവിഡും കൺവീനർ എം ആർ ബിനുവും പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top