18 September Wednesday

3 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019


കൊച്ചി
ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ കഞ്ചാവ് മൊത്തമായി വാങ്ങി ചെറു പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്ന കുണ്ടന്നൂർ  കുടുമാന്തറ വീട്ടിൽ  അമൽകൃഷ്ണ (26) അറസ്‌റ്റിൽ.  എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി ജി  കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എറണാകുളം പ്രൊവിഡൻസ് റോഡ്‌ വിദ്യാനികേതൻ കോളേജിന് സമീപം മൂന്ന്‌ കിലോ കഞ്ചാവുമായാണ്‌ ഇയാളെ പിടികൂടിയത്‌. മൂന്നുകിലോയാണ് പിടിച്ചെടുത്തത്.  കഞ്ചാവ് 10 ഗ്രാമിന്റെ ചെറിയ പൊതികളാക്കി 1,000 രൂപ നിരക്കിലാണ്‌ യുവാക്കൾക്കും കോളേജ് വിദ്യാർഥികൾക്കും നൽകിയിരുന്നത്.  മൊത്ത വിതരണക്കാരിൽനിന്ന്‌ കിലോയ്‌ക്ക് 14,000 രൂപ നിരക്കിലാണ് ഇയാൾ കഞ്ചാവ് വാങ്ങിയിരുന്നത്. 

എക്‌സൈസ് ഉദ്യോഗസ്ഥർ ആവശ്യക്കാരെന്ന വ്യാജേന പ്രതിയെ സമീപിച്ച് പാക്കറ്റ് ഒന്നിന് 1,000 രൂപ നിരക്കിൽ രണ്ട്‌ പാക്കറ്റ് കഞ്ചാവ് വാങ്ങി. തുടർന്ന്‌ മൂന്നു കിലോ കഞ്ചാവിന് 75,000 രൂപയ്‌ക്ക് പറഞ്ഞുറപ്പിച്ചശേഷം വിൽപ്പനയ്‌ക്കായി വന്നപ്പോഴാണ് പിടിയിലായത്.  അസി. എക്‌സൈസ് ഇൻസ്‌പെക്ടർ വി അനിൽകുമാർ, ഷാജി മാത്തച്ചൻ, പ്രിവന്റീവ് ഓഫീസർ ടി എൻ അജയകുമാർ, സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ പ്രശോഭ്, ദീപു തോമസ്, ശ്രീരാജ്, ടിബിൻമോൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജിജിമോൾ എന്നിവർ ഉൾപ്പെടുന്ന സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  പ്രതിയെ  റിമാൻഡ്‌ ചെയ്തു.

ഒരു കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ
കൊച്ചി
കോഴിക്കോടുനിന്ന്‌ മാമലയിൽ കൈമാറാൻ കഞ്ചാവുമായെത്തിയ യുവാവ്‌ പിടിയിൽ. 1.05 കിലോ കഞ്ചാവെത്തിച്ച്‌ കൈമാറ്റം ചെയ്യാൻ കാത്തുനിന്ന കോഴിക്കോട് ചെറുവണ്ണൂർ അരീക്കാട് ഇല്ലിക്കൽ വീട്ടിൽ  യൂസഫലിയെയാണ് (24) മാമല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിറിൽ കെ മാത്യൂസും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. പ്രിവന്റീവ്‌ ഓഫീസർ സിജി പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ യു കെ ജ്യോതിഷ്, എം എം കുഞ്ഞുമുഹമ്മദ്, കെ കെ അജിത്, അരുൺലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രംഗീല എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top