21 March Thursday

മഴയിൽ വീർപ്പുമുട്ടി ജില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


കൊച്ചി
ശനിയാഴ്ച രാത്രിയോടെ ശക്തിപ്രാപിച്ച മഴ തുടർന്നതോടെ ജില്ല വെള്ളത്തിലായി. നഗരത്തിലെ റോഡുകൾ വെള്ളക്കെട്ടിലാണ‌്. ഗതാഗത കുരുക്ക് അതിരൂക്ഷം. വെള്ളക്കെട്ടിൽ റോഡിലെ കുഴിയും കാനയും തിരിച്ചറിയാനാകാത്ത നിലയിലാണ്. ഇരുചക്രവാഹനങ്ങൾ പലപ്പോഴും അപകടപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതിനിടയിൽ റോഡുകളിലേക്കൊഴുകുന്ന മാലിന്യവും ജനജീവിതം ദുസ്സഹമാക്കി. നഗരത്തിലെ റോഡുകളും താണപ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.

ജില്ലയുടെ കിഴക്കൻപ്രദേശങ്ങളിൽ കുളം, തോട്, പുഴ തുടങ്ങിയ ജലസ്രോതസ്സുകൾ കരകവിഞ്ഞൊഴുകുന്നത് മാറ്റമില്ലാതെ തുടരുകയാണ്. ജലസ്രോതസ്സുകളുടെ ജലനിരപ്പുയരുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി . മാറാടി, വാളകം, മേക്കടമ്പ്, കടാതി, കായനാട് എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. മാറാതെ നിൽക്കുന്ന വെള്ളക്കെട്ട് കൃഷിക്കാരെ ദിവസം ചെല്ലുംതോറും അങ്കലാപ്പിലാക്കുന്നു.

കുട്ടമ്പുഴ മണികണ്ഠചാൽ പാലത്തിൽ വെള്ളം കയറിയതോടെ ആദിവാസി ഊരുകളിലേക്കുള്ള യാത്ര ദുസ്സഹമാക്കി. കൂത്താട്ടുകുളത്ത് നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് ജലനിരപ്പുയർന്ന കുളങ്ങര കുളത്തിൽ നീന്താനിറങ്ങിയ പതിനഞ്ചുകാരൻ ജോമോൻ ജെ ജിമ്മി ചൊവ്വാഴ്ച മുങ്ങി മരിച്ചു.
നഗരത്തിൽ കമ്മട്ടിപ്പാടം, പി ആൻഡ് ടി കോളനി, ഉദയകോളനി, എറണാകുളം സൗത്ത്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ജോസ് ജങ്ഷൻ, മസ്ജിദ് റോഡ്, എസ്ആർവി സ്‌കൂൾ, എസ്ആർവി റോഡ്, പുല്ലേപ്പടി സിപി ഉമ്മർ റോഡ്, സി പി ഉമ്മർ ക്രോസ് റോഡ്, കൃഷ്ണസ്വാമി റോഡ്, അരങ്ങത്ത് റോഡ്, കാരിക്കാമുറി റോഡ്, സൗത്ത്, നോർത്ത്, കലൂർ, പാലാരിവട്ടം, കാക്കനാട്, മേനക ഷണ്മുഖം റോഡ് എന്നിവിടങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. പേരണ്ടൂർ കനാലിനോട് ചേർന്നുകിടക്കുന്ന പി ആൻഡ് ടി കോളനിയിൽ കനാൽ നിറഞ്ഞുകവിഞ്ഞ് മലിനജലം വീടുകളിലേക്ക് കയറിയതോടെ കുട്ടികളും പ്രായമായവരുമുൾപ്പെടെ വെള്ളത്തിലായി. 85 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കമ്മട്ടിപ്പാടത്തെയും ഉദയാകോളനിയിലെയും അവസ്ഥ വ്യത്യസ്തമല്ല. കമ്മട്ടിപ്പാടത്തും ഉദയാകോളനിയിലും മാത്രമായി നൂറോളം വീടുകളാണുള്ളത്. പാലാരിവട്ടം കാക്കനാട് റൂട്ടിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.  മഴയ്‌ക്കൊപ്പം കാറ്റ‌് ശക്തിപ്പെടുന്നതിനാൽ തീരപ്രദേശവും ഭീതിയിലാണ്.

കോതമംഗലം
കനത്ത മഴയിൽ മണികണ്ഠൻചാലിന്റെ ഉൾപ്രദേശങ്ങളിലേക്ക് വെള്ളം കയറിയതോടെ പരിസരവാസികൾ ബന്ധുവീടുകളിലുംമറ്റും അഭയം തേടി. മണികണ്ഠൻചാൽ സെന്റ‌് മേരിസ് കത്തോലിക്കാ പള്ളി  ആളുകൾക്കായി തുറന്നുകൊടുത്തു. സിഎസ്ഐ പള്ളിയിലും ആളുകൾക്ക് താമസിക്കാനുള്ള  സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രണ്ട് ആദിവാസി കുടികൾ ഉൾപ്പെടെ ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന  പ്രദേശത്തെ ഏക സഞ്ചാരമാർമായ മണികണ്ഠൻചാൽ ചപ്പാത്ത് പാലം  രണ്ടുദിവസമായി  വെള്ളത്തിനടിയിലാണ‌്. ഇതോടെ മണികണ്ഠൻചാൽ, ഉറിയംപെട്ടി, വെള്ളാരംകുത്ത് മേഖലകൾ ഒറ്റപ്പെട്ടു. കഴിഞ്ഞമാസം മഴയിൽ ഒരാഴ്ചയോളം പ്രദേശം ഒറ്റപ്പെട്ടിരുന്നു.

വൈപ്പിൻ
ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ വൈപ്പിൻകരയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തെക്കൻമാലിപ്പുറത്തെ ചെളിപ്പുറത്ത് നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ചാപ്പ, പുതുവൈപ്പ് തുടങ്ങിയ ഇടങ്ങളിൽ വെള്ളം പൊങ്ങിയിട്ടുണ്ട്. തീരദേശത്തും കായലോരത്തും പല വീടുകളും വെള്ളത്തിലായി.

കിഴക്കമ്പലം
കനത്തമഴയിൽ തെങ്ങ് മറിഞ്ഞുവീണ‌് പട്ടികജാതികുടുംബത്തിന്റെ വീട് തകർന്നു.  കുന്നത്തുനാട് പഞ്ചായത്ത് അഞ്ചാം വാർഡ് കൈതക്കാട് പനിച്ചേരിയിൽ ചാർത്താവ് കണ്ണന്റെ വീട്ടിലേക്കാണ് തെങ്ങ് മറിഞ്ഞുവീണത‌്.  വീടിനുള്ളിലുണ്ടായിരുന്ന ചാർത്താവും ഭാര്യയും പരുക്കുകളേൽക്കാതെ  രക്ഷപ്പെട്ടു. നിർധനകുടുംബത്തിന്റെ ഏകസമ്പാദ്യമായിരുന്നു ആകെയുണ്ടായിരുന്ന വീട്.

മട്ടാഞ്ചേരി
ബസാർ റോഡിലെ 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയെത്തുടർന്നാണ് ഖദീജ ഭായി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നത് . ചൊവ്വാഴ്ച പകൽ 3.30നാണ‌് സംഭവം. മാസ‌് റിക്രിയേഷൻ ക്ലബ്ബിന് വാടകയ്ക്ക് കൊടുത്ത കെട്ടിടമാണിത‌്. അനധികൃത നിർമാണ പ്രവർത്തനങ്ങളാണ് കെട്ടിടം തകരാനിടയാക്കിയതെന്ന‌് ആക്ഷേപമുണ്ട‌്.

പള്ളുരുത്തി
പള്ളുരുത്തിയിൽ ഇടക്കൊച്ചി, പെരുമ്പടപ്പ് റോഡ്, ചിറക്കൽ കടേഭാഗം, കോണംറോഡ്, കുമ്പളങ്ങി തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. പെരുമ്പടപ്പ് പാലത്തിനുസമീപം മാലിന്യം റോഡിലേക്കൊഴുകി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ പാതിവഴിയിൽ അവസാനിപ്പിച്ചതാണ‌് വെള്ളക്കെട്ടിനു കാരണം.

പ്രധാന വാർത്തകൾ
 Top