16 February Saturday

‘സമ്മാനപ്പെട്ടി’യും ‘പോസ‌്റ്റ‌് കാർഡും’ മറക്കരുതേ...

സ്വന്തം ലേഖികUpdated: Monday Feb 11, 2019

കൊച്ചി > പണ്ട‌് പഴത്തിനുപകരം സൂചികൊണ്ട‌് കുത്തി ആനയെ പറ്റിച്ച തയ്യൽക്കാരനെ അറിയുമോ ? ഇല്ലെങ്കിൽ കൃതിയിലേക്ക‌് പോരൂ.... വാക്കുകൊണ്ടും വരകൊണ്ടും കുഞ്ഞുമനസ്സുകളിലേക്ക‌് നാടൻകഥകളുടെ ചേലും നാടൻപാട്ടുകളുടെ ശീലും നിറയ്‌ക്കുന്ന ഒരു കൂട്ടം  പുസ‌്തകങ്ങൾ സംസ്ഥാന ബാലസാഹിത്യ ഇൻസ‌്റ്റിറ്റ്യൂട്ട‌്  നൽകും.

അക്ഷരം പഠിച്ചു തുടങ്ങുന്നവർ മുതൽ കുട്ടികളുടെ പ്രായം അനുസരിച്ച‌് തെരഞ്ഞെടുക്കാവുന്ന പുസ‌്തകങ്ങളുണ്ട‌് ബാലസാഹിത്യ ഇൻസ‌്റ്റിറ്റ്യൂട്ടിന്റെ കൃതി അന്താരാഷ‌്ട്ര പുസ‌്തകോത്സവത്തിന്റെ സ‌്റ്റാളിൽ. അതിലൊന്നായ ‘സമ്മാനപ്പെട്ടി’യിൽ 4–-6 വയസ്സുകാർക്കായി  മോഹിപ്പിക്കുന്ന വർണച്ചിത്രങ്ങളോടെ  കഥകള‌ും  പാട്ടുകളും പത്തു പുസ‌്തകങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട‌്. നാലുവയസ്സുകാരുടെ സമ്മാനപ്പെട്ടിയിൽ ‘മണ്ണാങ്കട്ടയും കരിയിലയും’, ‘ ആമയും കുരങ്ങനും വാഴ നട്ട കഥ’, ‘ആനയും തയ്യൽക്കാരനും’, ‘പുലിവരുന്നേ പുലി’, ‘മല്ലനും മാതേവനും’, ‘നല്ലൊരു നായ’ തുടങ്ങിയവും  ആറു വയസ്സുകാരുടെ സമ്മാനപ്പെട്ടിയിൽ ‘വാലുപോയ കുരങ്ങൻ’, ‘അമ്പിളിമാമൻ കിണറ്റിൽ വീണ കഥ’, ‘പയറു മുതിരയായ കഥ’ തുടങ്ങിയ കഥകൾക്കു പുറമേ 21 നാടൻ പാട്ടുകളും  11 ബാലകവിതകളുമുണ്ട‌്. രണ്ട‌് സമ്മാനപ്പെട്ടികൾക്കും മുഖവില 330 രൂപയാണ‌്. 20 ശതമാനം വിലക്കിഴിവ‌് എല്ലാ പുസ‌്തകങ്ങൾക്കും കിട്ടും.

ബാലസാഹിത്യ ഇൻസ‌്റ്റിറ്റ്യൂട്ടിലെ പുസ‌്തകങ്ങളിൽ കൗതുകമുണർത്തുന്ന ഒരു പോസ‌്റ്റ‌് കാർഡ‌് പുസ‌്തകമുണ്ട‌്. ‘സ‌്നേഹപൂർവം ചിന്നൂന‌് മുത്തച്ഛൻ’ എന്നാണ‌് പുസ‌്തകത്തിന്റെ പേര‌്. ടി നാരായണൻ ആണ‌് എഴുത്തുകാരൻ. എൻട്രൻസ‌് പരീക്ഷയ‌്ക്ക‌് തയ്യാറെടുക്കാൻ നാട്ടിൽനിന്ന‌് ദൂരെയുള്ള ഹോസ‌്റ്റലിൽ താമസിച്ചു പഠിക്കുന്ന കൊച്ചുമകൾക്ക‌് മുത്തച്ഛൻ എഴുതുന്ന കത്തുകളാണ‌് പോസ‌്റ്റ‌് കാർഡിന്റെ രൂപത്തിൽ  ചെയ‌്ത പുസ‌്തകത്തിലുള്ളത‌്. ആനുകാലിക സംഭവങ്ങളും കേരളത്തിന്റെ ചരിത്രവും സാരോപദേശ കഥകളുമെല്ലാം കോർത്തിണക്കിയുള്ള കത്തിൽ മുത്തച്ഛന്റെ സ‌്നേഹവായ‌്പും കാണാം. 

റഷ്യൻ നാടോടിക്കഥകൾ, നവോത്ഥാനചരിത്രം കുട്ടികൾക്ക‌്, ദേശീയ സ്വാതന്ത്ര്യ സമരചരിത്രം, സാഹിത്യ നായകരുടെയും സ്വാതന്ത്ര്യ സമരനായകരുടെയും ജീവചരിത്രങ്ങൾ, കുട്ടികളുടെ ഐതീഹ്യമാല എന്നിവയും ബാലസാഹിത്യ ഇൻസ‌്റ്റിറ്റ്യൂട്ട‌് പ്രസിദ്ധീകരിക്കുന്ന തളിര‌് മാസികയുമൊക്കെ ഈ സ‌്റ്റാളിനെ  പ്രിയങ്കരമാക്കുന്നു.


പ്രധാന വാർത്തകൾ
 Top