29 May Friday

മരട്‌ ഫ്ലാറ്റ്‌ : നഷ്ടപരിഹാരസമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കൊച്ചി
മരടിലെ ഫ്ലാറ്റ്‌ ഉടമകൾക്ക്‌ നഷ്ടപരിഹാരം നൽകുന്നതിന്‌ രൂപീകരിച്ച ജസ്‌റ്റിസ്‌ ബാലകൃഷ്‌ണൻനായർ സമിതി വ്യാഴാഴ്‌ച പ്രവർത്തനം തുടങ്ങും.  മുൻ ചീഫ്‌ സെക്രട്ടറി കെ ജോസ്‌ സിറിയക്‌, പിഡബ്ല്യുഡി മുൻ ചീഫ്‌ എൻജിനിയർ (അഡ്‌മിനിസ്‌ട്രേഷൻ) ആർ മുരുകേശൻ എന്നിവരാണ്‌  അംഗങ്ങൾ. നടപടികൾ വേഗത്തിലാക്കി ആറുമാസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക നൽകുകയാണ്‌ ലക്ഷ്യം. പിഡബ്ല്യുഡി റെസ്‌റ്റ്‌ ഹൗസിലായിരിക്കും സമിതിയുടെ ഓഫീസ്‌. ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശ രേഖകളുടെ പ്രാഥമിക പരിശോധന വ്യാഴാഴ്‌ച ആരംഭിക്കും. ഫ്ലാറ്റ്‌ ഉടമകളിൽനിന്ന്‌ നേരിട്ട്‌ വിവരങ്ങൾ ശേഖരിക്കുന്നത്‌ ഇതിനുശേഷമായിരിക്കും.  ഉടമസ്ഥാവകാശ രേഖകളില്ലാത്ത 196 ഫ്ലാറ്റുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വ്യക്തതയായിട്ടില്ല.

നാല്‌ ഫ്ലാറ്റുകളിലായി 343 അപ്പാർട്‌മെന്റുകളാണുള്ളത്‌.  മരട്‌ മുനിസിപ്പാലിറ്റിയിലെ രേഖകൾ പ്രകാരം ജയിൻ കോറൽ സമുച്ചയത്തിലെ 122 അപ്പാർട്‌മെന്റുകളുടെയും ഉടമസ്ഥാവകാശം നിർമാതാക്കൾക്കാണ്‌. ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒയിൽ 48ഉം ആൽഫ സെറീനിൽ 58ഉം ഗോൾഡൻ കായലോരത്തിൽ 28ഉം അപ്പാർട്‌മെന്റുകൾക്കാണ്‌ രേഖകൾ പ്രകാരം ഉടമകളുള്ളത്‌. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്‌ മേൽനോട്ടം വഹിക്കാൻ വിദഗ്‌ധ എൻജിനിയർ എസ്‌ ബി സർവത്തെയും വ്യാഴാഴ്‌ച കൊച്ചിയിലെത്തും.

മരട്‌ മുനിസിപ്പാലിറ്റിയെ നടപടികളിൽ സഹായിക്കാൻ നിയോഗിച്ച വിദഗ്‌ധസമിതിയിൽ എസ്‌ ബി സർവത്തെയെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഇക്കാര്യം ആവശ്യപ്പെട്ട്‌ ഫ്ലാറ്റ്‌ പൊളിക്കലിന്‌ നേതൃത്വം നൽകുന്ന സബ്‌ കലക്ടർ സ്‌നേഹിൽകുമാർ സിങ്‌ സർക്കാരിന്‌ കത്തയച്ചിരുന്നു. ഫ്ലാറ്റുകൾ പൊളിക്കാൻ കരാർ ഏറ്റെടുക്കുന്നതിന്‌ അപേക്ഷിച്ചവരിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളുടെ പ്രതിനിധികളുമായി സർവത്തെ ചർച്ച നടത്തും.

കമ്പനികളെ തെരഞ്ഞെടുക്കുന്നതിന്‌ സഹായിക്കാനും നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്‌ മേൽനോട്ടം വഹിക്കാനുമാണ്‌ സർവത്തെയെ സമിതിയിൽ ഉൾപ്പെടുത്തിയത്‌. മുംബൈ ആസ്ഥാനമായ എഡിഫൈസ്‌ എൻജിനിയറിങ്‌, ചെന്നൈ ആസ്ഥാനമായ വിജയ്‌ സ്റ്റീൽസ്‌ എന്നിവയാണ്‌  പ്രധാനമായും പരിഗണനയിൽ. കൂടിക്കാഴ്‌ചയ്‌ക്കുശേഷം വെള്ളിയാഴ്‌ച സർവത്തെ ഫ്ലാറ്റുകൾ സന്ദർശിക്കും.  പൊളിച്ചശേഷമുള്ള അവശിഷ്ടങ്ങൾ നീക്കുന്നതിന് വേറെ കരാർ നൽകാനാണ്‌ ആലോചന. പൊളിക്കുന്നതിനുള്ള ചെലവ്‌ രണ്ടുകോടി രൂപയിൽ താഴെയാകുമെന്നാണ്‌ നിഗമനം.

മരട്‌ ഫ്ലാറ്റ്‌ വിൽപ്പന: 2 ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
കൊച്ചി
മരട്‌ ഫ്ലാറ്റ്‌ വിൽപ്പനയിലെ ക്രമക്കേട്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം മരട്‌ നഗരസഭയിലെ രണ്ട്‌ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.  മരട്‌ പഞ്ചായത്ത്‌ ആയിരിക്കെ ഫ്ലാറ്റുകൾക്ക്‌ നിർമാണ അനുമതി നൽകിയ കാലത്തെ  ജൂനിയർ സൂപ്രണ്ട്‌, അനുമതി നൽകിയതിനുശേഷം ചുമതലയിലിരുന്ന സെക്രട്ടറി എന്നിവരിൽനിന്നാണ്‌ മൊഴിയെടുത്തത്‌. കൂടുതൽ ഉദ്യോഗസ്ഥരോട്‌ അടുത്തദിവസങ്ങളിൽ ഹാജരാകാൻ ക്രൈംബ്രാഞ്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. 

മരട്‌ മുനിസിപ്പൽ ഓഫീസിൽനിന്ന്‌ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയായിട്ടില്ല. ഫയലുകൾ പരിശോധിക്കുന്ന മുറയ്‌ക്ക്‌ അവ കൈകാര്യം ചെയ്‌തിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ്‌ മൊഴിയെടുക്കൽ പുരോഗമിക്കുന്നത്‌. രേഖകളുടെ പരിശോധന ഏറെക്കുറെ പൂർത്തിയാക്കിയശേഷം നിർമാണ അനുമതി നൽകിയ സമയത്തെ സെക്രട്ടറിയെ വിളിച്ചുവരുത്താനാണ്‌ ക്രൈംബ്രാഞ്ച്‌ ആലോചിക്കുന്നത്‌. ഫ്ലാറ്റ്‌ നിർമാതാക്കളിൽനിന്ന്‌ മൊഴിയെടുക്കാനുമുണ്ട്‌. 

ക്രൈംബ്രാഞ്ച്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ സർവേ ഉദ്യോഗസ്ഥർ മൂന്ന്‌ ഫ്ലാറ്റുകളിൽ നടത്തിയ അളവെടുപ്പ്‌ പൂർത്തിയായി. ബുധനാഴ്‌ച പൂർത്തിയായ സർവേയുടെ റിപ്പോർട്ട്‌ വ്യാഴാഴ്‌ച അന്വേഷണസംഘത്തിന്‌ കൈമാറിയേക്കും. കഴിഞ്ഞദിവസത്തെ സർവേയിൽ, ഫ്ലാറ്റ്‌ നിർമാണത്തിനായി മൂന്നു മീറ്റർ നീളത്തിൽ കായൽ കൈയേറി നികത്തിയെന്ന്‌ കണ്ടെത്തിയിരുന്നു. കൂടുതൽ കൈയേറ്റങ്ങളും തീരപരിപാലന നിയമവും സർവേ റിപ്പോർട്ടിൽ വ്യക്തമാകുമെന്നാണ്‌ അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.


പ്രധാന വാർത്തകൾ
 Top