17 September Tuesday
ഏറ്റെടുക്കൽ നടപടികൾക്കിടെ

നിലംപൊത്തിയത്‌ നൂറ്റാണ്ടുകളുടെ സാക്ഷി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


കൊച്ചി
ജൂതക്കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന  മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ്‌ (കടവുംഭാഗം സിനഗോഗ്‌) മഴയിൽ നിലംപൊത്തി. സിനഗോഗ്‌ ചരിത്രസ്‌മാരകമായി സംരക്ഷിക്കാൻ തീരുമാനിച്ച്‌ പുനരുദ്ധാരണത്തിന്‌ 92 ലക്ഷം രൂപ ടൂറിസം വകുപ്പിന്‌ കൈമാറിയിരുന്നതാണ്‌. മുസിരിസ്‌ പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിക്കാനുള്ള നടപടിപൂർത്തിയായിരിക്കെയാണ്‌ ചൊവ്വാഴ്‌ച പകൽ മഴയത്ത്‌ കെട്ടിടം നിലംപൊത്തിയത്‌. 

തദ്ദേശീയ ജൂതരെന്ന്‌ അറിയപ്പെട്ട ആദ്യകാല ജൂതകുടിയേറ്റക്കാരുടെ പിൻമുറക്കാർ നിർമിച്ച ഡച്ച്‌ വാസ്‌തുവിദ്യാ പ്രകാരമുള്ള കെട്ടിടത്തിന്‌ 400 വർഷത്തിലേറെ പഴക്കമുണ്ട്‌. കൊച്ചിയിലെ ജൂതകുടിയേറ്റത്തിന്റെയും ജൂതർക്കിടയിൽ നിലനിന്ന വംശവിവേചനത്തിന്റെയും ചരിത്രംകൂടി  ഈ സിനഗോഗിനുണ്ടായിരുന്നു. ഇന്ത്യാ ഭൂഖണ്ഡത്തിലേക്ക്‌ ആദ്യം കുടിയേറിയ ജൂതരുടെ പിൻമുറക്കാരാണ്‌ ഇത്‌ നിർമിച്ചത്‌. കൊച്ചിയിൽ ആദ്യം ഉയർന്നത്‌ ജൂതത്തെരുവിലെ വെളുത്ത ജൂതരുടെ പള്ളിയാണ്‌. 1568ൽ. അതിനും നൂറ്റാണ്ടുകൾക്കുമുമ്പ്‌ കറുത്ത ജൂതർ കൊടുങ്ങല്ലൂരിലും പിന്നീട്‌ കൊച്ചിയിലും എത്തിയിരുന്നു. 16–-17 നൂറ്റാണ്ടുകളിൽ സ്‌പെയിനിൽനിന്നും മറ്റും കുടിയേറിയ വെളുത്ത ജൂതരെന്നും പരദേശി ജൂതരെന്നും അറിയപ്പെട്ടവർ തദ്ദേശീയരായ ജൂതരെ കറുത്ത ജൂതരും മലബാറി ജൂതരുമായാണ്‌ കണക്കാക്കിയത്‌. കടുത്ത വംശവിവേചനവും കാണിച്ചു. ആദ്യകാലത്ത്‌ ജൂതത്തെരുവിലെ പള്ളിയിൽ കറുത്ത ജൂതരെ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിവേചനം നിലനിന്നു. പിന്നീട്‌ അവരെ ബഹിഷ്‌കരിക്കാൻ തുടങ്ങി. ഈ ഘട്ടത്തിലാണ്‌ കറുത്ത ജൂതർ തങ്ങളുടേതുമാത്രമായ പ്രാർഥനാലയം മട്ടാഞ്ചേരി ജെട്ടിക്കു  സമീപം നിർമിച്ചത്‌.

ഇസ്രയേൽ രൂപീകരണത്തിനുശേഷം ഏറെപ്പേർ അവിടേക്ക്‌ തിരിച്ചുപോയതോടെ മറ്റു പല സിനഗോഗിന്റെയും അവസ്ഥയായി കറുത്തവരുടെ പള്ളിക്കും. സ്വകാര്യ കൈവശാവകാശത്തിലായ കെട്ടിടം  അറ്റകുറ്റപ്പണികളില്ലാതെ തകർച്ചയിലായപ്പോൾ കയറിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഗോഡൗണായി രൂപംമാറി. 2001ൽ റജീന തര്യൻ എന്നയാൾ വാങ്ങിയ കെട്ടിടം ടൂറിസംവകുപ്പിന്റെയും പ്രദേശവാസികളുടെയും ആവശ്യത്തെ തുടർന്നാണ്‌ സംരക്ഷിത സ്‌മാരകമാക്കാൻ  2017ൽ സർക്കാർ തീരുമാനിച്ചത്‌. എട്ടര സെന്റ്‌ സ്ഥലവും കെട്ടിടവും ഏറ്റെടുക്കാൻ 92 ലക്ഷം ടൂറിസം വകുപ്പിന്‌ നൽകി.  റവന്യൂ വകുപ്പിൽ ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുമ്പോഴാണ്‌ നൂറ്റാണ്ടുകളോളം കൊച്ചിയുടെയും ജൂതകുടിയേറ്റത്തിന്റെയും ചരിത്രസാക്ഷിയായ കെട്ടിടം നിലംപൊത്തിയത്‌.

സിനഗോഗ്‌ (ഫയൽചിത്രം)

സിനഗോഗ്‌ (ഫയൽചിത്രം)


പ്രധാന വാർത്തകൾ
 Top