20 September Friday

കൈകോർത്ത്‌ നീങ്ങി...ജീവിതം തിരികെവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


കൊച്ചി
ഭർത്താക്കന്മാരുടെ വൃക്കരോഗം മൂലം ഏറെ ക്ലേശിച്ച രണ്ടു വീട്ടമ്മമാർ പരസ്പരം തണലായപ്പോൾ അവയവദാനത്തിൽ അത്‌ പുതുചരിത്രമായി. എറണാകുളം ലിസി ആശുപത്രിയിലാണ്‌ ഇവർ പരസ്‌പരം പങ്കാളികൾക്കായി വൃക്ക ദാനം ചെയ്‌തത്‌. തൃശൂർ ഒല്ലൂർ തൈക്കാട്ടുശേരിയിൽ റബീഷിന്‌, മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ്‌ അഷറഫിന്റെ ഭാര്യ സലീന വൃക്ക ദാനംചെയ്‌തപ്പോൾ റബീഷിന്റെ ഭാര്യ ഷിജിത മുഹമ്മദ്‌ അഷറഫിനും വൃക്ക നൽകി.

റബീഷിന്‌ വൃക്കരോഗം ബാധിച്ചിട്ട്‌ രണ്ടു വർഷമായി. ഭാര്യ ഷിജിത വൃക്ക നൽകാൻ തയ്യാറായിരുന്നെങ്കിലും എ പോസിറ്റീവ്‌ ഗ്രൂപ്പായതിനാൽ സ്വീകരിക്കാനാവുമായിരുന്നില്ല. അതിനാൽ ബി പോസിറ്റീവ്‌ രക്തഗ്രൂപ്പിൽപെട്ട വൃക്ക ലഭിക്കുന്നതിന്‌ കിഡ്‌നി ഫൗണ്ടേഷനിൽ രജിസ്‌റ്റർചെയ്‌ത്‌ കാത്തിരിക്കുകയായിരുന്നു. എന്നാൽ, തന്റെ വൃക്ക മറ്റാർക്കെങ്കിലും ദാനം ചെയ്യാൻ തയ്യാറാണെന്ന്‌ ഷിജിത എഴുതിനൽകി. സമാന അവസ്ഥയിലായിരുന്നു മുഹമ്മദ്‌ അഷറഫും കുടുംബവും. മുഹമ്മദിന്‌ എ പോസിറ്റീവ്‌ ഗ്രൂപ്പിൽപ്പെട്ട വൃക്കയായിരുന്നു ആവശ്യം. ഭാര്യ സെലീനയ്‌ക്കാകട്ടെ ബി പോസിറ്റീവും. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റബീഷിന്‌ കിഡ്‌നി ഫൗണ്ടേഷനാണ്‌ സലീനയുടെ നമ്പർ നൽകിയത്‌.

ഫോണിൽ സംസാരിച്ച ഇവർ പരസ്‌പരം വൃക്കകൾ കൈമാറാൻ തീരുമാനമെടുക്കുകയായിരുന്നു.നാലു പേരുടെയും ശസ്‌ത്രക്രിയ ഒരേദിവസം തീരുമാനിച്ചു. എന്നാൽ, സാങ്കേതികതടസ്സംമൂലം രണ്ടു ദിവസത്തെ ഇടവേളയിലാണ്‌ ശസ്‌ത്രക്രിയകൾ പൂർത്തിയാക്കിയതെന്ന്‌ നേതൃത്വം വഹിച്ച ഡോ. ബാബു വർഗീസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇവരെക്കാണാൻ  ഏതാണ്ട്‌ സമാന അനുഭവമുള്ള തൃശൂർ സ്വദേശി ബെന്നിയും കോട്ടയം സ്വദേശി ബിന്ദുകുമാറും ഭാര്യ  പ്രീതയും എത്തിയിരുന്നു. ഇവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ബെന്നിക്ക്‌ പ്രീതയും ബെന്നിയുടെ ബന്ധു കൊച്ചു റാണി പ്രീതയുടെ ഭർത്താവ്‌ ബിന്ദുകുമാറിനും വൃക്ക നൽകിയിരുന്നു. തുടർന്ന്‌ ആശുപത്രി അസി. ഡയറക്‌ടർമാരായ ജെറി ഞാലിയത്ത്, ഫാ. അജോ ജോർജ്‌ മൂത്തേടൻ എന്നിവർക്കൊപ്പം  ഉത്രാടസദ്യയും കഴിച്ചാണ്‌  അവയവദാതാക്കളും സ്വീകർത്താക്കളും മടങ്ങിയത്‌.


പ്രധാന വാർത്തകൾ
 Top