19 September Saturday

കാലവര്‍ഷം : തകര്‍ന്നത് 232 വീടുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


കൊച്ചി
കാലവര്‍ഷം ആരംഭിച്ചശേഷം ജില്ലയില്‍ 232 വീടുകള്‍ തകര്‍ന്നു. ഇതില്‍ ആറുവീടുകള്‍ പൂര്‍ണമായും 226 വീടുകള്‍ ഭാഗികമായുമാണ്‌ തകര്‍ന്നത്‌. കൊച്ചി താലൂക്കില്‍ മൂന്നും കണയന്നൂര്‍, പറവൂര്‍, മൂവാറ്റുപുഴ താലൂക്കുകളില്‍ ഓരോ വീടും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ആലുവയില്‍ 21ഉം കണയന്നൂരില്‍ 45ഉം കൊച്ചിയില്‍ 56ഉം കോതമംഗലത്ത് 27ഉം കുന്നത്തുനാട്ടില്‍ 39ഉം മൂവാറ്റുപുഴയില്‍ 23ഉം പറവൂരില്‍ 15ഉം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഈ മാസം 105 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശനിയാഴ്ചമാത്രം 20 വീടുകള്‍ തകര്‍ന്നു.

ശക്തമായ കാറ്റിലും മഴയിലും പെട്ട് മരങ്ങള്‍ വീണാണ് ഭൂരിഭാഗം വീടുകള്‍ തകര്‍ന്നത്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തില്‍ വെള്ളം കയറി 20 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത ഏത്തവാഴ, ചേന, കപ്പ എന്നിവയാണ് നശിച്ചത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. ശക്തമായ കാറ്റില്‍ നിരവധിയിടങ്ങളിലാണ് മരം വീണത്. ഇത് റോഡുകളില്‍ ഗതാഗതതടസ്സത്തിനും കാരണമായി. ഞായറാഴ്ച പെരിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് കുറഞ്ഞിട്ടും നെടുമ്പാശേരിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.  പുത്തന്‍തോട് കരകവിഞ്ഞ് കുന്നിശേരിയിലെ 12 വീടുകളില്‍ വെള്ളം കയറി. മള്ളുശേരി പുനരധിവാസ കേന്ദ്രത്തിലെ 27 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. എളവൂരില്‍ ഏഴ് കുടുംബത്തെയും പാറക്കടവ് മൊതക്കാട് പ്രദേശത്ത് പത്ത് കുടുംബത്തെയും മാറ്റി താമസിപ്പിച്ചു. ചെങ്ങമനാട് പഞ്ചായത്തില്‍ 30 വീടുകളില്‍ വെള്ളം കയറി. ചെറുകടപ്പുറം, കോഴിത്തുരുത്ത് എന്നിവിടങ്ങളിലും വെള്ളം കയറി.

കോതമംഗലത്ത് വെള്ളക്കെട്ട് തുടരുകയാണ്. കാലടി കാഞ്ഞൂര്‍ പഞ്ചായത്തില്‍ കനത്ത മഴയില്‍ മൂന്ന്‌ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. വാര്‍ഡ് ഏഴിലെ പാറപ്പുറം കോണോത്തുകുടി വീട്ടില്‍ രവി, ചെങ്ങല്‍ അമ്പലത്തിന് പുറകിലെ നാല് സെന്റ് കോളിനിയിലെ മാളിയേക്കല്‍ ജോസഫ്, കൊല്ലംപറമ്പില്‍ വീട്ടില്‍ സ്‌കറിയ എന്നിവരുടെ കിണറാണ് തകര്‍ന്നത്.

മൂവാറ്റുപുഴയിൽ അരക്കോടിയുടെ കൃഷിനാശം
മൂവാറ്റുപുഴ
കാലവര്‍ഷത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ അരക്കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി എല്‍ദോ എബ്രഹാം എംഎല്‍എ അറിയിച്ചു. കൃഷി ഭവനുകളില്‍നിന്നുള്ള പ്രാഥമിക കണക്കെടുപ്പാണിത്‌. കോതമംഗലം പുഴ, കാളിയാർ പുഴ, തൊടുപുഴയാർ എന്നിവയിൽ നീരൊഴുക്ക് വർധിച്ച് കവിഞ്ഞൊഴുകി ചേരുന്ന മൂവാറ്റുപുഴയാറും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മൂവാറ്റുപുഴയാറിലേക്കുള്ള മറ്റ് കൈവഴികളെല്ലാം കരകവിഞ്ഞു. നെല്ല്, വാഴ, കപ്പ, ജാതി, തെങ്ങ്, പച്ചക്കറി കൃഷികൾ നശിച്ചു.

ഓണ വിപണി ലക്ഷ്യമാക്കി തുടങ്ങിയ കൃഷികളും വെള്ളത്തിനടിയിലാണ്. മാറാടി പഞ്ചായത്തില്‍ കായനാട് പാടത്ത് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി കൃഷി നശിച്ചു. കായനാട് തുറുവശേരില്‍ ബാബു പോളിന്റെ മുന്നൂറോളം വാഴകളും തെങ്ങും ജാതിയും വെള്ളത്തിനടിയിലായി. മൂത്തേമഠത്തില്‍ ബാലന്‍,  പോത്തനാംകണ്ടത്തില്‍ അവിരാച്ചന്‍, ചൊള്ളാല്‍ ചാക്കപ്പന്‍ എന്നിവരുടെ വാഴക്കൃഷി നശിച്ചു. കായനാട് മറ്റപ്പാടം ഭാഗത്തും കൃഷിനാശമുണ്ട്. വാളകം പഞ്ചായത്തില്‍ റാക്കാട് കൊങ്ങപ്പിള്ളി കടവിനുസമീപം  കുലച്ചു തുടങ്ങിയ മുന്നൂറോളം ഏത്തവാഴകള്‍ വെള്ളത്തിലായി. രണ്ട് ഏക്കര്‍ കപ്പക്കൃഷിയും വെള്ളം കയറി നശിച്ചു. പഞ്ചായത്ത് മെമ്പര്‍ പുല്ലാട്ട് പുത്തന്‍പുരയില്‍ പി എ മദനന്‍ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയിടത്തിലാണ് വെള്ളം കയറിയത്.

പായിപ്ര പഞ്ചായത്തില്‍ മുളവൂര്‍ തോട് കരകവിഞ്ഞതിനാൽ കൃഷി നശിച്ചു. മൂവാറ്റുപുഴ നഗരസഭ,  ആയവന, ആരക്കുഴ, ആവോലി, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പാലക്കുഴ, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലും കൃഷിയിടങ്ങളിൽ വെള്ളം കയറി  കൃഷി നശിച്ചിട്ടുണ്ട്.

വർക്‌ഷോപ്പ്‌ തകർന്നു
മുളവുകാട്
ഞായറാഴ്‌ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും വർക്‌ഷോപ്പ് നിലംപതിച്ചു. പനമ്പുകാട് കൂട്ടുങ്കൽ സോളമന്റെ ഫർണിച്ചർ വർക്‌ഷോപ്പാണ് തകർന്നത്.

കാഞ്ഞൂരിൽ 3 കിണർ ഇടിഞ്ഞുതാഴ്‌ന്നു
കനത്ത മഴയിൽ കാഞ്ഞൂർ പഞ്ചായത്ത്‌ രണ്ട്‌, ഏഴ്‌ വാർഡുകളിലായി മൂന്നു കിണർ ഇടിഞ്ഞുതാഴ്‌ന്നു. രണ്ടാംവാർഡിൽ മാളിയേക്കൽ ജോസഫ്, കൊല്ലംപറമ്പിൽ ബിന്ദു സ്കറിയ എന്നിവരുടെ കിണറും ഏഴാംവാർഡിൽ പാറപ്പുറം മംഗലത്ത് രവിയുടെ വീട്ടിലെ കിണറുമാണ് ഇടിഞ്ഞുതാണത്.

ഇതിൽ ബിന്ദു സ്കറിയയുടെ വീട്ടിലെ കിണർ ഇടിഞ്ഞത്‌ തൊട്ടുചേർന്നുള്ള പോട്ടോക്കാരൻ മേരി ഡേവിസിന്റ വീടിന് ഭീഷണിയായി. കൂടാതെ ചെങ്ങൽ തോടിനോടു ചേർന്ന് വീടുള്ള ഇളംകുന്നിൽ ബാബുവിന്റെ വീടിനോട്‌ ചേർന്നുള്ള നാഗരാജ പ്രതിഷ്ഠ ഉൾപ്പെടെ ഇടിഞ്ഞ്‌ തോട്ടിൽ പതിച്ചു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top