19 September Saturday

സേവ്‌ ഇന്ത്യ ദിനാചരണം : നാടാകെ വീട്ടുപടിക്കൽ തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


തിരുവനന്തപുരം/കൊച്ചി
സേവ്‌ ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി നാടാകെ തൊഴിലാളികൾ വീട്ടുപടിക്കൽനിന്ന്‌ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–- ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി നേതൃത്വത്തിലായിരുന്നു സമരം.

വീട്ടുപടിക്കൽ കുടുംബസമേതം ബാഡ്‌ജുകൾ ധരിച്ചാണ്‌‌ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചത്‌. ഫാക്ടറികളിലും മറ്റ്‌ തൊഴിൽകേന്ദ്രങ്ങളിലും കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചും പ്രതിഷേധം സംഘടിപ്പിച്ചു. റെയിൽവേ, വൈദ്യുതി, കൽക്കരി, ബിപിസിഎൽ, പ്രതിരോധമേഖല, ബഹിരാകാശ ഗവേഷണം തുടങ്ങിയ പൊതുമേഖലകളുടെ സ്വകാര്യവൽക്കരണനീക്കം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഇല്ലാതാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, ഇന്ധനവില കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്‌ സമരം നടത്തിയത്‌. സംസ്ഥാനത്ത് 23 ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയാണ് നേതൃത്വം നൽകിയത്. പ്രകൃതി–- വിമാന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇടുക്കി, മലപ്പുറം ജില്ലകളിൽ സമരം മാറ്റിയിരുന്നു. ദുരന്തത്തിന്‌ ഇരയായവരുടെ വീടുകളുള്ള പ്രദേശങ്ങളിലും സമരം നടത്തിയില്ല.ജില്ലയിലെ 7,875 തൊഴിൽകേന്ദ്രങ്ങളിലും വീടുകളിലുമായി നടത്തിയ പ്രതിഷേധത്തിൽ ആയിരക്കണക്കിന്‌ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും അണിചേർന്നു.

ഏലൂർ ഫാക്‌ട്‌ ഗേറ്റിനുമുന്നിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌,  സിഐടി ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, പ്രസിഡന്റ്‌ പി ആർ മുരളീധരൻ, കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, പി എം ഇസ്‌മയിൽ, കെ എ അലി അക്‌ബർ, ദീപ കെ രാജൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ കെ കെ ഇബ്രാഹിംകുട്ടി, കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ വി ഏലിയാസ്‌, സെക്രട്ടറി എം സി സുരേന്ദ്രൻ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ, പ്രസിഡന്റ്‌‌ എം കെ മോഹനൻ, എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, കെ കെ അഷ്‌റഫ്‌, ഐഎൻഎൽസി സംസ്ഥാന ജനറൽ സെക്രട്ടറി എം ജീവകുമാർ എന്നിവർ വിവിധകേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

തൊഴിലാളികൾ കുടുംബാംഗങ്ങളോടൊത്ത് വീടുകൾക്കുമുന്നിലും തൊഴിൽകേന്ദ്രങ്ങളിലുമായിരുന്നു പ്രതിഷേധം. കളമശേരി മേഖലയിൽ നൂറിലേറെ കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. ഏലൂർ ഫാക്ട് ഗേറ്റിൽ പി എസ് അഷ്‌റഫ് അധ്യക്ഷനായി. എം എം ജബ്ബാർ, പി ഡി ഡേവിസ് എന്നിവർ സംസാരിച്ചു. ഹിൻഡാൽകോ കമ്പനി ഗേറ്റിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി വൈസ് പ്രസിഡന്റ്‌ പി ഗോപകുമാർ അധ്യക്ഷനായി. എം എ തോമസ്, എൻ എ ഷംസുദീൻ എന്നിവർ സംസാരിച്ചു.

കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെ വീടുകളിലും കർഷകസംഘം ഓഫീസുകൾക്കുമുന്നിലുമാണ് പ്ലക്കാർഡുകളുമായി അണിനിരന്നത്‌. കെഎസ്‌കെടിയു ആഭിമുഖ്യത്തിൽ കർഷകത്തൊഴിലാളികൾ വീടുകളിലും ഓഫീസുകളിലുമായി ജില്ലയിൽ 1000 കേന്ദ്രങ്ങളിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. കെഎസ്‌കെടിയു ജില്ലാ ട്രഷറർ വി എം ശശി മുപ്പത്തടത്ത്‌ പങ്കെടുത്തു. വിവിധ ട്രേഡ്‌ യൂണിയൻ നേതാക്കളായ പി രാജു, രഘുനാഥ്‌ പനവേലി, പി കെ ഇബ്രാഹിം, എസ്‌ ഫരിഷ, കെ പി കൃഷ്‌ണൻകുട്ടി, ടി ബി മിനി,  സി ബി ദിനേശൻ തുടങ്ങിയവരും പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top