22 September Tuesday

വടക്കേക്കരയിലേത് കൂട്ടായ്‌മയുടെ വിജയം: മന്ത്രി തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


പറവൂർ
ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്തായ വടക്കേക്കരയുടേത് കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്. തരിശുരഹിത പഞ്ചായത്ത് പ്രഖ്യാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി. 

ജനകീയാസൂത്രണ പദ്ധതി, കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ, സഹകരണ ബാങ്കുകൾ എന്നിവയുടെ സഹായത്തോടെയാണ്‌ പദ്ധതി വിജയത്തിൽ എത്തിച്ചത്‌. പച്ചക്കറി കൃഷി, നെൽക്കൃഷി പ്രോത്സാഹനം, കിഴങ്ങുവർഗ വിളകളുടെ കൃഷി വ്യാപനം, വാഴക്കൃഷി വ്യാപനം, വീട്ടുവളപ്പിലും തൊടിയിലും ദീർഘകാല ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കൽ, വീട്ടുവളപ്പിലും മട്ടുപ്പാവിലും ജനകീയ ജൈവ പച്ചക്കറി കൃഷി എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടന്നുവരുന്നു.

മതസ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ ജനകീയ പങ്കാളിത്തത്തോടെ കൃഷിയാരംഭിച്ചു. പഞ്ചായത്തിലെ 9514 വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കി. പഞ്ചായത്ത് തൈ ഉൽപ്പാദക നേഴ്സറി വഴി തരിശുസ്ഥലങ്ങളിൽ നടാനായി 80,000 തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ  വിദ്യാലയങ്ങളിലും കൃഷിയാരംഭിച്ച് ഹരിത വിദ്യാലയങ്ങളാക്കി മാറ്റി.

വടക്കേക്കര പഞ്ചായത്ത് ഓഫീസിലും മൃഗാശുപത്രിയിലും ജീവനക്കാരുടെ നേതൃത്വത്തിൽ കൃഷിയാരംഭിച്ചു. തരിശും കൃഷിയോഗ്യവുമായ 125 ഏക്കറോളം സ്ഥലത്ത് സമയോചിതമായി നിലമൊരുക്കി. ഒരേസമയം എല്ലായിടത്തും വിവിധയിനത്തിൽപ്പെട്ട വിളകളുടെ കൃഷിയും ആരംഭിച്ചു. വംശനാശ ഭീഷണി നേരിടുന്ന സുഗന്ധ ഔഷധ നെല്ലിനങ്ങളായ ഞവര, ഗന്ധകശാല, രക്തശാലി എന്നിവയുടെ കൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

വി ഡി സതീശൻ എംഎൽഎ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡി എ ശശിമേനോൻ, കൃഷി ഓഫീസർ എൻ എസ് നീതു, ഹരിതകേരളം മിഷൻ ജില്ലാ കോ–--ഓർഡിനേറ്റർ സുജിത് കരുൺ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top