12 November Tuesday

കലക്ടറേറ്റ‌് വളപ്പിലെ മരം വീണ്‌ ലോട്ടറി കച്ചവടക്കാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


കൊച്ചി
കനത്ത മഴയും കാറ്റും മൂലം കലക്ടറേറ്റ‌് വളപ്പിൽനിന്ന വാകമരം മതിലിലേക്ക‌് വീണ‌് അടിയിൽപ്പെട്ട‌് ലോട്ടറി കച്ചവടക്കാരൻ മരിച്ചു. കലക്ടറേറ്റ‌് മതിലിനോടു ചേർന്ന‌് ലോട്ടറി കച്ചവടം നടത്തുന്ന എടത്തല എട്ടേക്കർ എസ‌്ഒഎസിന‌് എതിർവശം തെക്കേക്കരനഗർ ചാത്തൻവേലി പറമ്പിൽ കെ എ അഷ‌്റഫാണ‌് (61) മരിച്ചത‌്. തിങ്കളാഴ‌്ച പകൽ 3.30ന‌് കെബിപിഎസിനു സമീപമാണ് അപകടം.

കാറ്റിൽ വാകമരം കലക്ടറേറ്റ‌് മതിലിലേക്ക‌് വീഴുകയായിരുന്നു. മതിലിനോട‌ു ചേർന്ന‌് ലോട്ടറി കച്ചവടം നടത്തിയിരുന്ന അഷ‌്റഫിന്റെ തലയിലേക്കാണ‌് മതിൽ ഇടിഞ്ഞുവീണത‌്. മതിലിനടിയിൽപ്പെട്ട‌് തല ഞെരിഞ്ഞമർന്ന് തലച്ചോറ് പുറത്തേക്കു വന്നതായി ദൃക‌്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്തുതന്നെ മരിച്ചു. പാട്ടുപുര യൂണിറ്റിലെ ചുമട്ടു തൊഴിലാളികളാണ‌് ഉടൻതന്നെ കല്ലും മണ്ണും നീക്കി സൺറൈസ് ആശുപത്രിയിലെത്തിച്ചത്. തലയ‌്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ. അഷ‌്റഫ‌് കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ചാത്തൻവേലി പാടത്തുനിന്നു സ്ഥലം വിറ്റ് എടത്തലയിലേക്ക് മാറിത്താമസിച്ചതാണ്. ഭാര്യ: ഷക്കീല. മകൾ: ജുമൈലത്ത്. മരുമകൻ: നവാസ‌്. കബറടക്കം ചൊവ്വാഴ‌്ച എടത്തല മലയപ്പള്ളി കബർസ്ഥാനിൽ.

പുക്കാട്ടുപടിയിൽനിന്ന‌്  ഇരുചക്രവാഹനത്തിൽ കാക്കനാടെത്തിയാണ് അഷ‌്റഫ‌് റോഡരികിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്നത്. ആറുവർഷമായി കാക്കനാടും സമീപ പ്രദേശത്തുമായിരുന്നു ലോട്ടറി വിൽപ്പന. സംഭവസമയം അതുവഴി കടന്നുപോയ കാറിന്റെ ബോണറ്റിലേക്ക് വാകമരം വീണെങ്കിലും ചില്ല് മാത്രമാണ് തകർന്നത്. ആർക്കും പരിക്കില്ല.


പ്രധാന വാർത്തകൾ
 Top