18 June Friday

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 
ഡിസിസികൾ, 2000 ഓക്‌സിജൻ 
ബെഡുകൾ

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021


കൊച്ചി
വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്കായി ഒരു ഡൊമിസിലിയറി കെയർ സെന്ററോ എഫ്എൽടിസിയോ മൂന്നുദിവസത്തിനകം ആരംഭിക്കാൻ കലക്ടർ എസ്‌ സുഹാസ്‌ തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് അവലോകന യോഗത്തിലാണ് നിർദേശം. മിക്ക തദ്ദേശസ്ഥാപനങ്ങളും ഇതിനോടകം ഡിസിസികളും എഫ്എൽടിസികളും ആരംഭിച്ചിട്ടുണ്ട്.

2000 ഓക്‌സിജൻ 
ബെഡുകൾ
ബിപിസിഎൽ റിഫൈനറി സ്കൂളിൽ തയ്യാറാക്കുന്ന 500 ഓക്സിജൻ കിടക്കകൾക്കുപുറമേ 1000 എണ്ണംകൂടി സജ്ജമാക്കും. അങ്കമാലി അഡ്‌ലക്‌സിൽ 500 കിടക്കകളും ക്രമീകരിക്കും. ഇവിടേക്ക്‌ 2000 നേഴ്സുമാരെയും 200 ഡോക്ടർമാരെയും തിങ്കളാഴ്ച നിയമിക്കും. വിദേശ രാജ്യങ്ങളിൽ പഠിച്ച് നാട്ടിലുള്ളവർ, ഇന്റേൺഷിപ് ചെയ്യുന്നവർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടർമാരെയും പരിഗണിക്കും.

മാനസികവെല്ലുവിളി നേരിടുന്നവരുടെ കൂനമ്മാവിലെ കേന്ദ്രം എഫ്എൽടിസിയാക്കും. വടവുകോട് -പുത്തൻകുരിശ്, ചെങ്ങമനാട്, പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകൾ ആരംഭിക്കുന്ന സിഎഫ്എൽടിസികൾക്കും യോഗം അനുമതി നൽകി.

തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികൾക്കായി എഫ്എൽടിസി കെട്ടിടം കണ്ടെത്തി.

8 മൊബൈൽ 
ആംബുലൻസ് 
ക്ലിനിക്കുകൾ
കൊച്ചി നഗരസഭയിൽ എട്ട് മൊബൈൽ ആംബുലൻസ് ക്ലിനിക്കുകൾ ആരംഭിക്കും. രണ്ടെണ്ണം പ്രവർത്തനമാരംഭിച്ചു. മൂന്നാമത്തേത്‌ തിങ്കളാഴ്‌ച പ്രവർത്തനമാരംഭിക്കും. 

ജയിൽ ബ്ലോക്കുകൾ  എഫ്എൽടിസികളാക്കും
ജയിലുകളിൽ രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രത്യേക ബ്ലോക്കുകൾ എഫ്എൽടിസികളാക്കി മാറ്റും. താലൂക്കാശുപത്രികളിൽനിന്ന് രോഗം കുറയുന്ന രോഗികളെ ഡിസിസികളിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുന്നു. ഇതിനായി ഫോർട്ടുകൊച്ചി പണ്ഡിറ്റ് കറുപ്പൻ ഹാൾ, തൃപ്പൂണിത്തുറ ഒഇഎൻ തുടങ്ങിയ കേന്ദ്രങ്ങൾ സജ്ജമാണ്. സർക്കാർ നിർദേശപ്രകാരം പനി ക്ലിനിക്കുകൾ കോവിഡ് ആശുപത്രിയായി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു. ആലുവയിലെ അൻവർ ആശുപത്രി കോവിഡ് ചികിത്സയ്ക്ക് അധികനിരക്ക് ഈടാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിഎംഒയോട് കലക്ടർ നിർദേശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top