04 February Saturday

രാജേന്ദ്രമൈതാനം 
മാർച്ചില്‍ തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


കൊച്ചി
രാജേന്ദ്രമൈതാനം അറ്റകുറ്റപ്പണി പൂർത്തിയാക്കി മാർച്ചോടെ തുറക്കും. പഴയപ്രൗഢി വീണ്ടെടുത്ത്‌ ജനങ്ങൾക്ക്‌ ഇരിക്കാനും പൊതുപരിപാടികളും യോഗങ്ങളും സംഘടിപ്പിക്കാനും കഴിയുന്ന രീതിയിലായിരിക്കും നവീകരണം. സിഎസ്‌എംഎൽ ഫണ്ട്‌ ഉപയോഗിച്ചാണ്‌ ജിസിഡിഎ ജോലികൾ പൂർത്തിയാക്കുക.

മൂന്ന്‌ വർഷത്തിലേറെയായി മൈതാനം അടച്ചിട്ടിരിക്കുകയാണ്‌. മൈതാനത്തെ ലേസർ ഷോ ഉപകരണങ്ങൾ വിജിലൻസ്‌ ഉടൻ കസ്‌റ്റഡിയിലെടുക്കും. കോൺഗ്രസ്‌ നേതാവ്‌ എൻ വേണുഗോപാൽ ജിസിഡിഎ ചെയർമാനായിരിക്കെയാണ്‌ ഇത്‌ സ്ഥാപിച്ചത്‌. ഇതിന്റെ നടപടികളിലുള്ള അഴിമതിയെത്തുടർന്ന്‌ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി കേസ്‌ എടുത്തിരുന്നു.

ഗാന്ധിനഗർ, പനമ്പിള്ളി നഗർ, ശാസ്‌ത്രി നഗർ എന്നിവിടങ്ങളിൽ സിഎസ്‌എംഎൽ ഫണ്ട്‌ ഉപയോഗിച്ച്‌ ജിസിഡിഎ ഒമ്പത്‌ പാർക്കുകൾ നിർമിക്കും. നഗരത്തിൽ തുറന്ന ഇടങ്ങൾ വികസിപ്പിക്കുന്നത്‌ ലക്ഷ്യമിട്ടാണ്‌ പാർക്കുകൾ തയ്യാറാക്കുന്നത്‌. വൃത്തിയായി സൂക്ഷിക്കാനും ക്രമീകരണമുണ്ടാക്കും. മൂന്ന്‌ മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കും. മട്ടാഞ്ചേരി ബിഒടി പാലം അറ്റകുറ്റപ്പണിയുടെ ടെൻഡർ നടപടി പൂർത്തിയായി. ഉടൻ പണി പൂർത്തിയാക്കും.

മറൈൻഡ്രൈവിലെ ടോയ്‌ലെറ്റ്‌ കോംപ്ലക്‌സ്‌ നിർമാണം ആരംഭിച്ചു. നടപ്പാതയിൽനിന്ന്‌ നേരിട്ട്‌ പ്രവേശിക്കാൻ കഴിയുന്നതരത്തിലാണ്‌ നിർമാണം. കലൂർ–-കടവന്ത്ര റോഡിന്റെ നടപ്പാത നവീകരണം, ടാറിങ്‌ എന്നിവ പുരോഗമിക്കുകയാണ്‌. നടപ്പാത കെഎംആർഎല്ലിന്റെ സഹായത്തോടെയാണ്‌ നവീകരിക്കുന്നത്‌. ടാറിങ്ങിനും അനുബന്ധ ജോലികൾക്കുമായി സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top