21 November Thursday

വിൽക്കാനുണ്ട്‌ വസന്തവും

കെ പി അനിൽകുമാർUpdated: Saturday Nov 9, 2019


വൈറ്റില
കൃഷിയോടുള്ള താൽപ്പര്യംകൊണ്ടാണ് വെണ്ണല സ്വദേശി മുഹമ്മദ്ഷാനി ബഹുരാഷ്‌ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഓർക്കിഡ് ഫാം തുടങ്ങിയത്. ജൈവ പച്ചക്കറിക്കൃഷിയിലായിന്നു തുടക്കം. അത് വിജയകരമായി നടക്കുമ്പോഴാണ് ഓർക്കിഡ്പ്രേമം മനസ്സിൽ ചേക്കേറിയത്. പിന്നെ സമയം കളഞ്ഞില്ല. അടുത്ത സുഹൃത്തുക്കളുമായി ആലാചിച്ചാണ് 2012-ൽ 100 ഡെൻഡ്രോബിയം ചെടിയുമായി സൈന ഓർക്കിഡ് എന്ന ഫാം തുറന്നത്‌.

വെണ്ണല പുതിയ റോഡിനു സമീപം വീടിനോടു ചേർന്നുള്ള പറമ്പിലാണ്‌ മുഹമ്മദ് ഷാനിയും ഭാര്യ ഫർഹിനും ചേർന്നു നടത്തുന്ന ഈ ഫാം.  കുടുംബത്തിന്റെ മുന്നൂറ്‌ ചതുരശ്രയടിയിൽ തുടങ്ങിയ നേഴ്സറി 5000 ചതുരശ്രയടിയായി വളർന്നു. ചെടികളുടെ എണ്ണം പതിനായിരത്തിൽ എത്തി. കടുത്ത മത്സരമുള്ള വിപണിയിൽ  മുന്നേറാൻ വഴിയൊരുക്കിയത്‌ ഈ ദമ്പതികളുടെ കഠിനാധ്വാനംതന്നെ.

ഡെൻഡ്രോബിയം, ഫെലനോപ്പിസിസ്. ഓൻസിഡിയം, മൊക്കാറ, വാൻഡ എന്നീ ഓർക്കിഡ് ഇനങ്ങൾ കൂടാതെ വിദേശത്തുനിന്ന്‌ ഇറക്കുമതിചെയ്ത വിവിധയിനം ഇലച്ചെടികൾക്കൊപ്പം വർണം പൊഴിക്കുന്നു. 

50 മുതൽ 2500 രൂപവരെ വിലയുള്ള ചെടികളുണ്ട്‌ ഇവിടെ. വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭ്യമായാൽ കൃഷി വികസിപ്പിക്കാൻ സാധിക്കുമെന്നാണ് മുഹമ്മദ് ഷാനി പറയുന്നത്. പലർക്കും ചെടികൾ വളർത്താൻ ഇഷ്ടമാണ്. എന്നാൽ, സ്ഥലപരിമിതി പ്രശ്നമാണ്. ഇവിടെയാണ് ഓർക്കിഡ് ചെടികൾ അനുഗ്രഹമാകുന്നത്. ചെറിയ സ്ഥലത്തുപോലും വളരെ ഭംഗിയായി ഇത്‌  വളർത്താനാകും. പൂക്കൾ പലതും രണ്ടും മൂന്നും മാസംവരെ നിൽക്കും.

നമ്മുടെ കാലാവസ്ഥയിൽ ഡെൻഡ്രോബിയം പോലുള്ള ചെടികൾ നല്ലരീതിയിൽ പൂക്കുന്നവയാണ്. വീടിനകത്ത് വളർത്താവുന്ന ഫെലനോപ്പിസിസ് ചെടിയുടെ പൂവ് ആറുമാസംവരെ നിൽക്കും. വലിയ പരിചരണം ആവശ്യമില്ലാത്ത ചെടികളാണ് ഓർക്കിഡ്. ഫ്ലാറ്റിലും ബാൽക്കണികളിലും വളർത്താൻ എളുപ്പവും.
മുഖ്യമായും ഓൺലൈൻ മുഖാന്തരമാണ് ഉപയോക്താക്കളെ കണ്ടെത്തുന്നത് www. zynahorchid. com എന്ന ഓൺലൈൻ സൈറ്റിൽ ഇപ്പോൾ 1500-ൽപ്പരം ഉപയോക്താക്കളുണ്ട്. ഓൺലൈൻ മുഖാന്തരം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് ചെടികൾ  അയക്കുന്നുമുണ്ട്. വിദേശത്തുനിന്നുപോലും ഉപയോക്താക്കൾ ഇവിടെ എത്താറുണ്ടെന്ന്‌ മുഹമ്മദ്ഷാനി പറയുന്നു.


പ്രധാന വാർത്തകൾ
 Top