21 April Sunday

നോട്ട‌്നിരോധ വാർഷികത്തിൽ തലതിരിഞ്ഞ നയത്തോടുള്ള പ്രതിഷേധമായി ‘തലകീഴായി’ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

കൊച്ചി> രണ്ടു കൈപ്പത്തികളിൽ ഷൂസും  കൈകളിലൂടെ തല മൂടുന്നതരത്തിൽ പാന്റ‌്സും കാലുകളിൽനിന്ന‌് മേൽപ്പോട്ട‌് ടീഷർട്ടുമിട്ട‌് ഒരുസംഘം വ്യാഴാഴ‌്ച രാവിലെ ഹൈക്കോടതി ജങ‌്ഷനിൽ ഇറങ്ങി.  രാജ്യത്തിന്റെ സമ്പദ‌്വ്യവസ്ഥയെ തലകീഴായി മറിച്ച നോട്ട‌്നിരോധ ദുരന്തദിനത്തിന്റെ രണ്ടാം വാർഷികത്തിലാണ‌് ബാങ്ക‌് എംപ്ലോയീസ‌് ഫെഡറേഷൻ ഓഫ‌് ഇന്ത്യ (ബെഫി) കേരള കോ–-ഓപ്പറേറ്റീവ‌് എംപ്ലോയീസ‌് യൂണിയൻ (കെസിഇയു) പ്രവർത്തകർ പ്രതീകാത്മകമായി ‘തലകീഴായി’ പ്രകടനം നടത്തിയത‌്. നോട്ട‌്നിരോധ ദുരന്തത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച‌് സംഘടിപ്പിച്ച എട്ടു മണിക്കൂർ സത്യഗ്രഹത്തിനു മുന്നോടിയായി നടന്ന വ്യത്യസ‌്ത പ്രതിഷേധം ജനശ്രദ്ധ നേടി.

രാവിലെ 10 മുതൽ വൈകിട്ട‌് ആറുവരെ എറണാകുളം മേനക ജങ‌്ഷനിലായിരുന്നു സത്യഗ്രഹം. നരേന്ദ്രമോഡിയുടെ തലതിരിഞ്ഞ സാമ്പത്തികനയത്തിന്റെ പ്രതീകമായി തലതിരിഞ്ഞ വസ‌്ത്രധാരണം നടത്തിയവരടക്കം നൂറുകണക്കിന‌ു പ്രവർത്തകരാണ‌് പ്രകടനത്തിൽ അണിനിരന്നത‌്. തെരുവുനാടകം, ചിത്രരചന, നാടൻപാട്ട‌്, കവിതപാരായണം, മോണോ ആക‌്ട‌് തുടങ്ങിയ കലാപരിപാടികളുടെ അകമ്പടിയോടെ നടന്ന സത്യഗ്രഹവും വേറിട്ടതായി. 2016 നവംബർ എട്ടിന‌ു രാത്രി എട്ടിന‌് കള്ളപ്പണം, കള്ളനോട്ട‌്, തീവ്രവാദം, അഴിമതി എന്നിവയോട‌് യുദ്ധപ്രഖ്യാപനം നടത്തി കാഞ്ചിവലിക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ടാണ‌് പ്രധാനമന്ത്രി നോട്ടുകൾ നിരോധിച്ചത‌്.

എന്നാൽ, യഥാർഥത്തിൽ കാഞ്ചിവലിച്ചത‌് ജനങ്ങൾക്കു നേരെയാണ‌്. ഇതിനെതിരെ നിലപാടെടുത്ത‌് രാജാവ‌് നഗ‌്നനാണെന്ന‌ു വിളിച്ചുപറഞ്ഞവരെ രാജ്യദ്രോഹികളെന്നും കള്ളപ്പണക്കാരുടെ ഏജന്റുമാരെന്നും വിളിച്ച‌് അധിക്ഷേപിച്ചവർ ഇന്ന‌് എവിടെയെന്ന‌് ഓർക്കണം. പിൻവലിച്ചതിൽ 99.3 ശതമാനം വോട്ടും തിരിച്ചെത്തിയെന്ന റിസർവ‌് ബാങ്കിന്റെ പ്രഖ്യാപനം വന്നതോടെ എല്ലാം വെളിപ്പെട്ടിരിക്കുകയാണ‌്. ഗംഗയിലൂടെ കള്ളപ്പണം ഒഴുകുമെന്നു പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ‌്. അംബാനിമാരും അദാനിമാരും വിജയ‌് മല്യമാരും നീരവ‌് മോഡിമാരും നോട്ട‌്നിരോധത്തെ കൊഞ്ഞനംകുത്തി വിലസുന്നു.

നയങ്ങളൊക്കെ അവർക്കുവേണ്ടി മാറ്റുകയാണ‌്. കേന്ദ്രസർക്കാർ അനാവശ്യ ഇടപെടലുകൾ  നടത്തുകയാണെന്ന‌് റിസർവ‌്ബാങ്ക‌് മേധാവികൾ തുറന്നുപറയുന്നു. ഇത്തരം സാഹചര്യത്തെക്കുറിച്ച‌് ജനങ്ങളുമായി സംവദിക്കാനാണ‌് സത്യഗ്രഹം സംഘടിപ്പിച്ചതെന്ന‌് ബെഫിയുടെയും കേരള കോ–-ഓപ്പറേറ്റീവ‌് എംപ്ലോയീസ‌് യൂണിയന്റെയും ഭാരവാഹികൾ പറഞ്ഞു.

സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള  സത്യഗ്രഹം ഉദ‌്ഘാടനംചെയ‌്തു. റിസർവ‌്ബാങ്കും കേന്ദ്രസർക്കാരും തമ്മിൽ ഇപ്പോൾ നടക്കുന്ന തർക്കവും നോട്ട‌്നിരോധവുമായി ബന്ധമുണ്ടെന്ന‌് അദ്ദേഹം പറഞ്ഞു. ആർബിഐ നിയമത്തിലെ ഏഴാം വകുപ്പ‌് പൊതുതാൽപ്പര്യം മുൻനിർത്തിയുള്ളതാണ‌്. എന്നാൽ, കേന്ദ്രസർക്കാർ പൊതുതാൽപ്പര്യം സംരക്ഷിക്കുന്നില്ല. ഏതാനും പേരുടെ താൽപ്പര്യങ്ങളാണ‌് അവർ സംരക്ഷിക്കുന്നത‌്. പ്രത്യക്ഷത്തിൽത്തന്നെ കരുതൽധനത്തിനു വേണ്ടിയുള്ള തർക്കമാണ‌് റിസർവ‌് ബാങ്കുമായി നടത്തുന്നതെന്ന‌് ചന്ദ്രൻപിള്ള പറഞ്ഞു.  കെസിഇയു ജില്ലാ ട്രഷറർ ടി പി അനിൽ അധ്യക്ഷനായി.

സാംസ‌്കാരിക സമ്മേളനം പൂയപ്പിള്ളി തങ്കപ്പനും സഹകരണസംവാദം എം എം മോനായിയും ഉദ‌്ഘാടനംചെയ‌്തു. സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റിയംഗവും ചിത്രകാരനുമായ എൻ എ മണിയും തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ വിദ്യാർഥികളും കാർട്ടൂൺരചന നടത്തി.

ബെഫി ദേശീയ പ്രസിഡന്റ‌് സി ജെ നന്ദകുമാർ, സംസ്ഥാന പ്രസിഡന്റ‌് ടി നരേന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌്, അഡ്വ. വി കെ പ്രസാദ‌്, ടി എം ബേബി, സി പി അനിൽ, സി ബി വേണുഗോപാൽ, ഒ സി ജോയി, ബെഫി ജില്ലാ സെക്രട്ടറി കെ പി സുശീൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട‌് അഞ്ചിന‌് മാവൂർ വിജയൻ ‘ജീവിതം ജപ‌്തി ഭീഷണിയിൽ’ എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു. ആറിന‌ു സമാപനസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ‌്ഘാടനംചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top