09 October Wednesday

കുറ്റിലക്കരയിൽ 13 കുടുംബങ്ങൾക്ക് റോഡുമില്ല വെളിച്ചവുമില്ല

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

കുറ്റിലക്കര ചൂണ്ടാണിക്കുളം നിവാസികൾ താമസിക്കുന്ന പ്രദേശം


കാലടി
കാലടി പഞ്ചായത്തിലെ 16–-ാം വാർഡിലെ ചൂണ്ടാണിക്കുളത്തിനുസമീപത്തുള്ള കുറ്റിലക്കരയിൽ 13 കുടുംബങ്ങൾക്ക് വഴിയുമില്ല വെളിച്ചവുമില്ല. ശക്തമായ മഴപെയ്താൽ സമീപത്തുകൂടി ഒഴുകുന്ന ആനാട്ട് തോട്ടിൽ വെള്ളം ഉയർന്ന് വീടുകളിൽ വെള്ളം കയറും.

തോടിനുമുകളിലൂടെ ചെറിയ റോഡ് നിർമിക്കാൻ കഴിഞ്ഞെങ്കിലും പാതിവഴിയിൽ നിന്നുപോയി. 200 മീറ്റർ വഴിമാത്രമാണ് നിർമിക്കാനായത്. ഇതിനുശേഷമുള്ള സ്ഥലം കാടുമൂടി കിടക്കുകയാണ്‌. 500 മീറ്റർ വഴികൂടി നിർമിച്ചാൽമാത്രമേ ഈ വീടുകളിൽ വെള്ളം കടന്ന് എത്താനാകൂ. ഈ റോഡിലൂടെ നടന്ന് പുലർച്ചെ ജോലിക്ക് പോയ കാച്ചപ്പിള്ളി ആന്റുവിന്റെ ഭാര്യ മേരി തെന്നിവീണ് കാലും കൈയും ഒടിഞ്ഞ് ചികിത്സയിലാണ്. രണ്ടുലക്ഷം രൂപയോളം ചികിത്സയ്‌ക്ക് ചെലവായെങ്കിലും സഹായമായി ഒരുരൂപപോലും പഞ്ചായത്ത് നൽകിയില്ല.

നിലവിലെ പ്രസിഡന്റ് ഒരുകിലോ കുമ്മായം റോഡിൽ വിതറാനായി നൽകി. വെള്ളം ഇനിയും വീട്ടിൽ കയറാൻ ഇടയായാൽ ക്യാമ്പിലേക്ക് മാറ്റുമെന്നും അറിയിച്ചു. കാലടി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫും 16–-ാംവാർഡിൽ 30 വർഷമായി കോൺഗ്രസ് പ്രതിനിധിയുമാണ്. എംസി റോഡുമായി ബന്ധപ്പെടുത്തി റോഡ് നിർമിക്കാൻ പറ്റിയ സർക്കാർ പുറമ്പോക്കുഭൂമി തോടിന് ഇരുവശത്തുമായി കിടപ്പുണ്ട്. വാർഡിനോടും  പ്രദേശത്തോടുമുള്ള പഞ്ചായത്തിന്റെ അവഗണന തുടരുകയാണ്.
പഞ്ചായത്തിലെ വാർഷികപദ്ധതിയിൽ ഉൾപ്പെട്ട "സ്ട്രീറ്റ്മെയിൻ വലിക്കൽ പദ്ധതി’യിൽ  അവശേഷിക്കുന്ന നാലുലക്ഷം രൂപയിൽ ഉൾപ്പെടുത്തി 16–--ാംവാർഡിലെ കുറ്റിലക്കര ചൂണ്ടാണിക്കുളം പ്രദേശങ്ങളിലെ വഴിയിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top