24 August Saturday

വടിവാൾ കാണിച്ച‌് ഭീഷണിപ്പെടുത്തി ബൈക്ക‌് തട്ടിയെടുത്ത യുവാവ‌് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019


കൊച്ചി
നഗരമധ്യത്തിൽ യുവാക്കളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ബുള്ളറ്റ് തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി തങ്ങൾനഗർ വലിയവീട് നികർത്തി പറമ്പിൽ അൻഷാദാണ‌് (28)  മോഷ‌്ടിച്ച ബുള്ളറ്റുമായി കോയമ്പത്തൂരിൽ പിടിയിലായത‌്.

അഞ്ചിന‌് രാത്രി 11ന‌് കെഎസ‌്ആർടിസി സ‌്റ്റാൻഡിനു സമീപമാണ‌് സംഭവം. മലപ്പുറം സ്വദേശിയായ യുവാവും സുഹൃത്തും ബുള്ളറ്റിൽ വരവേ അൻഷാദും മറ്റൊരാളും ചേർന്ന‌് തടഞ്ഞുനിർത്തി വടിവാൾ കാണിച്ച‌് ഭീഷണിപ്പെടുത്തിയാണ‌് വാഹനം തട്ടിയെടുത്തത‌്. തുടർന്ന് എറണാകുളം അസിസ്റ്റന്റ‌് കമീഷണർ കെ ലാൽജി, സെൻട്രൽ സ്റ്റേഷൻ ഇൻസ‌്പെക്ടർ വിജയ് ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും കേരളം വിട്ടെന്ന‌് കണ്ടെത്തി. സംഘം കോയമ്പത്തൂരിലുണ്ടെന്ന‌് മനസ്സിലാക്കി കോയമ്പത്തൂർ പൊലീസിന്റെ സഹായത്തോടെ അണ്ണാനഗർ ഭാഗത്ത് വാഹനംസഹിതം പിടിക്കുകയായിരുന്നു. ബൈക്ക‌് പൊളിച്ചുവിൽക്കുന്നതിനാണ‌് കോയമ്പത്തൂരിലെത്തിയത‌്. അന്വേഷണസംഘത്തിൽ എസ്ഐമാരായ വിപിൻദാസ്, സുനുമോൻ, എഎസ്ഐ അരുൾ, സീനിയർ സിപിഒ രഞ്ജിത്ത്, സിപിഒമാരായ ജിജോ, മുഹമ്മദ് ഇസ്ഹാഖ്, രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. അൻഷാദിനൊപ്പമുണ്ടായിരുന്ന ആളെക്കുറിച്ച‌് പൊലീസിന‌് വിവരം ലഭിച്ചിട്ടുണ്ട‌്.

അൻഷാദിനെ ചോദ്യംചെയ്യുന്നതിനിടെ സെൻട്രൽ സ‌്റ്റേഷൻ പ്രിൻസിപ്പൽ എസ‌്ഐ വിപിൻദാസിനെ മുറിയിലുണ്ടായിരുന്ന കസേരയെടുത്ത് ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന‌് എസ്ഐയും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരും ചേർന്നാണ‌് ഇയാളെ കീഴടക്കിയത‌്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിക്കാൻ ശ്രച്ചതിനും ഇയാൾക്കെതിരെ മറ്റൊരു കേസ‌ും എടുത്തിട്ടുണ്ട‌്.
മോഷണമുൾപ്പെടെയുള്ള കുറ്റങ്ങൾക്ക‌് ഇയാൾക്കെതിരെ മറ്റു സ‌്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്ന‌് പൊലീസ‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top