20 July Saturday
ഓൺലൈൻ ഭക്ഷണ വിതരണത്തിന‌് ട്രാൻസ‌് വനിതയും

സജ‌്ന തന്നെ; വ്യക‌്തിത്വത്തിലും ജോലിയിലും

എ എസ‌് ജിബിനUpdated: Sunday Jun 9, 2019

കൊച്ചി
ട്രാൻസ്‌ജെൻഡർ വ്യക്തിത്വം അടയാളപ്പെടുത്തിയ രേഖകൾ സമർപ്പിച്ച് സംസ്ഥാനത്താദ്യമായി ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെത്തിയ ട്രാൻസ് വനിതയായി സജ്‌ന ഷാജി. യൂബർ ഈറ്റ്‌സിലാണ് സജ്‌ന ജോലിക്ക‌് ചേർന്നത‌്.

ട്രാൻസ് ജെൻഡർ വ്യക്തിത്വത്തിൽ കേരളത്തിൽ രണ്ടാമതായും എറണാകുളം ജില്ലയിൽ ആദ്യമായും തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട്, ആധാർകാർഡ്, റേഷൻ കാർഡ്, ആർസി ബുക്ക്, ലൈസൻസ് എന്നിവ സ്വന്തമാക്കിയതും സജ്‌നയാണ‌്. കഴിഞ്ഞ മാർച്ചിലാണ് ആർസി ബുക്ക് സ്വന്തമാക്കിയത്. വൈകാതെ ഡ്രൈവിങ്‌ ലൈസൻസും കിട്ടി.വായ‌്പയെടുത്താണ്  ഇരുചക്രവാഹനം വാങ്ങിയത്.  തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് ജോലി സമ്പാദിക്കാനുള്ള ശ്രമത്തിലായിരുന്നു. പൂർവ വ്യക്തിത്വത്തിലെ രേഖകൾ സമർപ്പിച്ച് നിരവധി ട്രാൻസ്‌ജെൻഡർമാർ ഓൺലൈൻ ഭക്ഷണവിതരണ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സ്വന്തം വ്യക്തിത്വത്തിൽ തന്നെ തൊഴിൽ സമ്പാദിക്കണമെന്ന ആഗ്രഹമായിരുന്നു സജ്‌നയ്ക്ക്.

ജൂൺ രണ്ടിനാണ‌് ജോലിയിൽ പ്രവേശിച്ചത‌്. യൂണിഫോമും ബാഗും യൂബർ ഈറ്റ്‌സ് സൗജന്യമായി നൽകി. വെണ്ണലയിലെ വാടകവീട്ടിലാണ് താമസം. ട്രാൻസ് വനിതകളായ അശ്വതി, സാൻഡ്രിയ, അഭിരാമി എന്നിവർ സജ്‌നയുടെ ദത്തുപുത്രിമാരാണ‌്. കരകൗശല വസ്തുക്കളുടെ നിർമാണത്തിലും എഴുത്തിലും അഭിനയത്തിലും താൽപ്പര്യമുള്ള സജ്‌നയ്ക്ക് അച്ചാർ നിർമാണം തുടങ്ങാനും പദ്ധതിയുണ്ട്.  ധാരാളം ഫോളോവേഴ്‌സുള്ള ടിക‌് ടോക‌് താരം കൂടിയാണ്.


പ്രധാന വാർത്തകൾ
 Top