14 April Wednesday
11 കോവിഡ് 
ബാധിതർ 
പരീക്ഷ എഴുതി

എസ്എസ്എല്‍സി പരീക്ഷ തുടങ്ങി ; പരീക്ഷ ഈസിയെന്ന്‌ 
ഹയർസെക്കൻഡറി കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

പിപിഇ കിറ്റ് ധരിച്ച് എസ്എസ്എൽസി പരീക്ഷയെഴുതുന്ന വിദ്യാർഥി


കൊച്ചി
‘കോവിഡ് പേടിയൊന്നുമുണ്ടായിരുന്നില്ല... മലയാളം  സമയത്തിന് എഴുതി കഴിയുമോയെന്നായിരുന്നു പേടി... പക്ഷേ, കുഴപ്പമില്ലാതെ എഴുതാൻ പറ്റി... എറണാകുളം ​ഗവ. ​ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ്‌ വിദ്യാർഥിനി കെ ബി ദേവനന്ദ പറഞ്ഞു. സു​ഹൃത്തുക്കളായ ആര്യ തമ്പിയും അനശ്വര അജിത്തും ദേവനന്ദയുടെ അഭിപ്രായം ശരിവച്ചു. മലയാളം പരീക്ഷയെഴുതാൻ മുഴുവൻ സമയവും കുട്ടികൾക്ക് വിനിയോഗിക്കേണ്ടി വന്നപ്പോൾ സംസ്കൃതം പരീക്ഷ അൽപ്പം നേരത്തേ എഴുതി തീർത്തു.

സാമൂഹ്യ അകലം പാലിച്ച്, താപനില പരിശോധിച്ച്, സാനിറ്റൈസർ നൽകിയാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. വോട്ടെടുപ്പ് കേന്ദ്രങ്ങളായിരുന്ന സ്കൂളുകൾ ഉൾപ്പെടെ അണുവിമുക്തമാക്കിയിരുന്നു. കോവിഡ് ബാധിതരായ കുട്ടികൾക്കും ക്വാറന്റൈനിലുള്ളവർക്കും പരീക്ഷയെഴുതാൻ പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി പ്രത്യേകം സ്ക്വാഡ് സജ്ജമായിരുന്നു.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ 52 ക്ലസ്റ്ററുകളിലായി 319 കേന്ദ്രങ്ങളിൽ 32,598 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്നെങ്കിലും മൂന്നുപേർ എത്തിയില്ല. ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിലാണ് ഇത്തവണയും ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത്. 551 പേർ. ഏറ്റവും കുറവ് കുട്ടികൾ മൂവാറ്റുപുഴ ശിവൻകുന്ന് ​ഗവ. ഹൈസ്കൂളിലും; നാലുപേർ.  വെള്ളിയാഴ്ച ഹിന്ദി/ജനറൽ നോളഡ്ജ് വിഷയത്തിലാണ് പരീക്ഷ. പകൽ 2.40ന് ആരംഭിച്ച് 4.30ന് സമാപിക്കും.

പരീക്ഷ ഈസിയെന്ന്‌ 
ഹയർസെക്കൻഡറി കുട്ടികൾ
‘160 മാർക്കിന്റെ ചോദ്യമായിരുന്നു... ഇതിൽ 8-0 മാർക്കിന്റെ ഉത്തരമെഴുതിയാൽ മതി... അതുകൊണ്ടുതന്നെ പരീക്ഷ ഈസിയായിരുന്നു...’ സോഷ്യോളജി പരീക്ഷയെക്കുറിച്ച്‌  ഹയർസെക്കൻഡറി വിദ്യാർഥികളുടെ പൊതു അഭിപ്രായം ഇതായിരുന്നു. പരീക്ഷ നീണ്ടുപോയപ്പോൾ ചെറിയ ടെൻഷനുണ്ടായിരുന്നെങ്കിലും ഇപ്പോൾ മാറിയെന്നും കുട്ടികൾ പറഞ്ഞു. കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ പരീക്ഷാ ഹാളിലെത്തിയ കുട്ടികൾ പുറത്തേക്കിറങ്ങിയപ്പോഴും സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് അധ്യാപകർ ഉറപ്പുവരുത്തി.  സോഷ്യോളജി കൂടാതെ ആന്ത്രോപ്പോളജി, ഇലക്ട്രോണിക് സിസ്റ്റം, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി എന്നീ വിഷയങ്ങളിലും വ്യാഴാഴ്ച പരീക്ഷ നടന്നു. ജില്ലയിൽ 32,342 വിദ്യാർഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 2148 പേരും പ്രൈവറ്റായി 1307 പേരും പരീക്ഷയെഴുതുന്നു.

11 കോവിഡ് 
ബാധിതർ  
പരീക്ഷ എഴുതി
ജില്ലയിൽ കോവിഡ് ബാധിതരായ 11 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതി. മിക്കവരും ആരോഗ്യവകുപ്പ് നൽകിയ പിപിഇ കിറ്റ് ധരിച്ചാണ് എത്തിയത്. പ്രത്യേകം സജ്ജീകരിച്ച ക്ലാസ്‌മുറിയിലായിരുന്നു പരീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top