27 January Monday

കുഫോസിൽ അനധികൃത നിയമനം ; കുത്തിയിരിപ്പുസമരവുമായി വീണ്ടും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

പള്ളുരുത്തി > അനധികൃത അധ്യാപക നിയമനത്തിനെതിരെ പനങ്ങാട് കുഫോസ് സർവകലാശാലയിൽ വീണ്ടും എസ്എഫ്ഐയുടെ കുത്തിയിരിപ്പ്‌ സമരം. യുജി കോഴ്സുകളായ ബിഎഫ്എസ്‌സി, ബിടെക്  വിഭാഗങ്ങളിലെ പത്ത് തസ്തികകളിലാണ്‌ അനധികൃത നിയമനം നടത്തുന്നത്. കുഫോസ് ആക്ടിലെ നിയമങ്ങളെ കാറ്റിൽപ്പറത്തി നടത്തുന്ന നിയമനത്തിനെതിരെ എസ്എഫ്ഐ, വൈസ് ചാൻസലറുടെ ഓഫീസിലേക്ക് രണ്ടുദിവസംമുമ്പ്‌ മാർച്ച് നടത്തിയിരുന്നു. സമരത്തെ തുടർന്ന്  എസ്എഫ്ഐ  ജില്ലാ സെക്രട്ടറിയും യൂണിറ്റ് ഭാരവാഹികളുമായി വിസി ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് ആദ്യഘട്ടസമരം അവസാനിപ്പിച്ചത്. എന്നാൽ, ചർച്ചയ്‌ക്ക് തയ്യാറാകാതെ നിയമനം വേഗത്തിൽ നടത്താനുള്ള ശ്രമത്തിലാണ് വിസി.  ഈ സാഹചര്യത്തിലാണ്‌ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിസിയുടെ ഓഫീസിനുമുന്നിൽ വീണ്ടും കുത്തിയിരുന്നു സമരം ചെയ്‌തത്‌.

വിദ്യാർഥിസമരത്തിൽനിന്ന് ഒളിച്ചോടാൻ വിസി  ബിഎഫ്എസ്‌‌സി ക്ലാസുകൾക്ക് അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കിയതായി വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികൾ ഉടൻ ഹോസ്റ്റൽ  ഒഴിയണമെന്നും  തുടർന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർഥികൾ സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കില്ലെന്ന്  രക്ഷിതാക്കൾസഹിതം വന്ന്  സത്യവാങ്‌മൂലം എഴുതിനൽകണമെന്നും ഉത്തരവിൽ പറയുന്നു. വിദ്യാർഥികൾക്ക്‌ എതിരെയുള്ള വിസിയുടെ  പ്രതികാരനടപടി  പിൻവലിക്കണമെന്നും  അനധികൃത അധ്യാപക നിയമനത്തിൽനിന്ന് വിസി പിന്മാറണമെന്നും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top