23 February Sunday

കാട്ടുവള്ളികൾപോലെ ഇവരുടെ ജീവിതവും

കെ ഇ നൗഷാദ്‌Updated: Friday Nov 8, 2019പെരുമ്പാവൂർ
ചൂരൽവള്ളിയിൽ  കസേരയും  മേശയും നെയ്യുമ്പോൾ  അയ്യപ്പൻകുട്ടിയുടെ നെഞ്ചിൽ നെരിപ്പോടുകളാണ്‌.  ഈ തൊഴിലിൽ  പതിറ്റാണ്ടുകൾ  പിന്നിടുമ്പോഴും  ജീവിക്കാനുള്ളത്‌ കിട്ടുന്നില്ല. അന്യസംസ്ഥാനങ്ങളിൽനിന്ന്‌ ചൂരൽ കൊണ്ടുവന്ന്‌,  വിദഗ്ധതൊഴിലാളികളെ കൂലിക്കാരാക്കിയുള്ള വൻകിട ബിസിനസുകളാണ്‌ എങ്ങും.  തനിമ ചോരാതെ ഈ തൊഴിൽ ചെയ്യണമെന്നു നിർബന്ധമുള്ള അയ്യപ്പൻകുട്ടിയും മറ്റും  ഇവരുടെ ചൂഷണത്തിന്റെ ഇരകൾ.

പട്ടാൽ വൈദ്യശാലപ്പടിയിലെ വാടകമുറിയിലാണ്‌  മുടക്കുഴ കണ്ണഞ്ചേരിമുകൾ  അയ്യപ്പൻകുട്ടിയും ഭാര്യ ശാന്തയും  ചൂരൽ ഉൽപ്പന്നങ്ങൾ തീർക്കുന്നത്‌.  കാട്ടുചൂരൽ വള്ളികളിൽ ചാരുകസേരകളും തൊട്ടിലുകളും ഊണുമേശകളും ഊഞ്ഞാൽ കസേരകളും  പറവിയെടുക്കുന്നു.   പരമ്പരാഗത ഉൽപ്പന്നങ്ങളായ കുട്ട, വട്ടി, കോരുകൊട്ട തുടങ്ങിയവയും  ചൂരൽവള്ളികളിൽ ഇവർ വിരിയിക്കാറുണ്ട്‌.

പരേതരായ കോടമ്പുറം കണ്ണന്റേയും കാളിയുടേയും മൂത്ത മകനായ അയ്യപ്പൻകുട്ടിക്ക്‌ ഇത്‌  പരമ്പരാഗത തൊഴിലാണ്. അച്ഛൻ കാട്ടിൽ പോയിരുന്നതും വെട്ടിയെടുത്ത ചൂരലുകളുമായി ആഴ്ചകൾക്കുശേഷം  പുഴകടന്ന് വന്നിരുന്നതും  ഇന്നും മനസ്സിലുണ്ട്‌.  കാട്ടാനകളോടും മറ്റു കാട്ടുമൃഗങ്ങളോടും മുഖാമുഖം നിന്ന  കഥകൾ അച്ഛൻ പറയുന്ന രാത്രികളിൽ അയ്യപ്പൻകുട്ടിക്ക്‌ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. 

വനത്തിലെ  ചൂരൽ വെട്ടാൻ വനംവകുപ്പ്‌ പാസ് കൊടുക്കാതായതോടെ,  ഈറ്റയും ചൂരലുംകൊണ്ട്  ഉപജീവനം നടത്തിയിരുന്നവരുടെ  ജീവിതവും പ്രതിസന്ധിയിലായി. അന്നത്തിന് വക തേടി മറ്റ് കൂലിപ്പണികളിലേക്കു പലരും തിരിഞ്ഞു.  അപ്പോഴും ഈ രംഗം വിടാൻ അയ്യപ്പൻകുട്ടിക്ക്‌  മനസ്സു വന്നില്ല.
അസമിൽനിന്നും ബംഗാളിൽനിന്നും  ചൂരൽ കൊണ്ടുവന്ന് വലിയതോതിൽ കച്ചവടം ചെയ്യുന്നവരുടെ കൈകളിൽ  ബിസിനസ്‌ അകപ്പെട്ടു.   ചൂരൽപ്പണി അറിയുന്ന തൊഴിലാളികളെ കൂലി നിശ്ചയിച്ച് പണിയെടുപ്പിക്കുന്ന അവർ  മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ മാർക്കറ്റുകളിലേക്കും ഉൽപ്പന്നങ്ങൾ കയറ്റിയയക്കുന്നു. 

ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസ്‌ പൊടിപൊടിക്കുമ്പോൾ   കരവിരുതിന്റെ ഉടമസ്ഥർക്ക്‌ കണ്ണീർമാത്രം. പലരുടെയും ജീവിതം ഇരുട്ടിലായി.
നെൽക്കൃഷിയും കൊയ്ത്തും മെതിയുമെല്ലാം അന്യംനിന്നതോടെ കുട്ട, വട്ടി, കോരുകൊട്ട, പനമ്പ് തുടങ്ങിയവയ്‌ക്ക്‌  ആവശ്യക്കാർ  ഇല്ലാതായി.  പല അളവിലുള്ള ചൂരൽ അസമിൽനിന്ന്‌ ട്രക്കുകളിൽ കേരളത്തിലെത്തിക്കുന്നത്‌  മൊത്തവ്യാപാരികളാണ്‌. അവരിൽനിന്ന്‌  വാങ്ങുമ്പോൾ അയ്യപ്പൻകുട്ടിയെപ്പോലുള്ളവർ ചൂഷണത്തിനിരയാകും. ഇതുമൂലം, വൻകിട ബിസിനസുകാരുമായി പിടിച്ചുനിൽക്കാൻ  കഴിയാത്തസ്ഥിതിയാണ്‌. വില താഴ്‌ത്തി വിൽക്കുമ്പാൾ  നഷ്ടം കുമിയുകയും ചെയ്യും.

ആവശ്യക്കാർക്ക്‌  ഉൽപ്പന്നം ഉണ്ടാക്കിക്കൊടുത്തിരുന്ന സ്ഥാനത്ത്,  പഴയ ചൂരൽക്കസേരയും മറ്റും  നന്നാക്കിക്കൊടുത്ത്‌ ജീവിക്കാനുള്ള വരുമാനം കഷ്ടി സമ്പാദിക്കുന്നുണ്ട്.  എത്ര പ്രതിസന്ധിയുണ്ടായാലും ഈ  തൊഴിൽ ഉപേക്ഷിക്കില്ലെന്ന്‌  അയ്യപ്പൻകുട്ടി പറയുന്നു.


പ്രധാന വാർത്തകൾ
 Top