പെരുമ്പാവൂർ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടാൻ, അല്ലപ്ര ജങ്‌ഷനിലെ കെഎൽ 40 അരോമ ഹെയർ ഡ്രസിങ് സലൂൺ ഉടമ എം ആർ ശ്രീരാജ് (41) ചുരം കയറും. വെറ്ററൻ അത്‌ലീറ്റുകൂടിയായ ശ്രീരാജ് പെരുമ്പാവൂർ അഗ്നിരക്ഷാസേനയിലെ സിവിൽ ഡിഫൻസ് ടീമിൽ 2018 മുതൽ സൗജന്യമായി സേവനം അനുഷ്ഠിക്കുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിനായി ആഗസ്‌ത് 1, 2, 3 തീയതികളിൽ അഗ്നിരക്ഷാസേനയ്‌ക്കൊപ്പം വയനാട്ടിലെത്തിയിരുന്നു. മണ്ണിനടിയിൽനിന്ന് സ്‌ത്രീയെ കണ്ടെടുത്ത തിരച്ചിലിൽ ശ്രീരാജും ഉണ്ടായിരുന്നു. സൗജന്യമായി മുടിവെട്ടാൻ സന്നദ്ധത അറിയിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിനാവശ്യമായ ഉപകരണങ്ങളും കരുതിയിട്ടുണ്ട്. സർക്കാർ അനുമതി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്‌ച വീണ്ടും വയനാട്ടിലേക്ക് പുറപ്പെടും. ആദ്യം മേപ്പാടിയിലെത്തിയശേഷം അനുമതി ലഭിക്കുന്നമുറയ്‌ക്ക് ക്യാമ്പുകളിലെത്തും.
2023-ൽ ദുബായിൽ നടന്ന അന്തർദേശീയ വെറ്ററൻസ് മീറ്റ്, 2024ൽ ഹൈദരാബാദിൽ നടന്ന ദേശീയ മീറ്റ് എന്നിവയിൽ 100 മീറ്ററിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. വെങ്ങോല ബഥനി കവലയിൽ മാലിക്കാലയിൽ രാജപ്പന്റെയും ചന്ദ്രികയുടെയും മകനാണ് ശ്രീരാജ്. ഭാര്യ: ശ്രീജ. മകൻ: ശ്രീപാർഥ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..